തിരുവനന്തപുരം: സാങ്കേതിക, മലയാള സർവകലാശാലകളിൽ വൈസ് ചാൻസലറുടെ ചുമതല നൽകുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച ഇരട്ടനിലപാട് ചർച്ചയാക്കാൻ സർക്കാർ. സാങ്കേതിക സർവകലാശാലയിൽ വിസിയുടെ ചുമതല നൽകാൻ സർക്കാർ നിർദേശിച്ചതു ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി ഡോ.സജി ഗോപിനാഥിന്റെ പേരായിരുന്നു. അദ്ദേഹത്തെ ഗവർണർ ഒഴിവാക്കി പകരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു ചുമതല നൽകി. അത് വിവാദമായി. അതിന് പറഞ്ഞ കാരണം പക്ഷേ മലയാള സർവ്വകലാശാലയിൽ രാജ് ഭവൻ മറന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് വിലയിരുത്തൽ.

യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്റെ പേരിൽ സജി ഗോപിനാഥിനു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു സാങ്കേതിക സർവ്വകലാശാലയിലെ ഇടപെടൽ. മലയാള സർവകലാശാലയിൽ വിസിയുടെ ചുമതല കാലിക്കറ്റ് വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജിനു നൽകണമെന്നായിരുന്നു സർക്കാരിന്റെ ശുപാർശ. എന്നാൽ കാരണം കാണിക്കൽ നോട്ടിസ് കിട്ടിയ ആൾ എന്നപേരിൽ അദ്ദേഹത്തെയും ഒഴിവാക്കി. തുടർന്ന് കേരള, സംസ്‌കൃത സർവകലാശാലകളിലെ മൂന്നു പ്രഫസർമാരുടെ പേരുകൾ സർക്കാർ നിർദേശിച്ചെങ്കിലും അതും ഗവർണർ തള്ളി.

പകരം എംജി വിസി ഡോ.സാബു തോമസിനെ ഗവർണർ നിയമിച്ചു. ഇദ്ദേഹവും കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചയാളാണ്. അപ്പോൾ സാബു തോമസിന് എങ്ങനെ ചുമതല നൽകാൻ കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം. സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥയായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകാതിരുന്നത് അക്കാദമിക് വിദഗ്ധ അല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആയിരുന്നു.

എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥനായ കാർഷികോൽപാദന കമ്മിഷണർ ഡോ.ബി.അശോകിനു വിസിയുടെ ചുമതല കൃഷിമന്ത്രി നൽകിയപ്പോൾ ഗവർണർ മൗനം പാലിക്കുകയാണ്. കൃഷി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് സേവ് യൂനിവേഴ്‌സിറ്റി കമ്മിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. മുൻ കമീഷണർ ആയിരുന്ന ഇഷിതാ റോയിയെ കാർഷിക സർവകലാശാലയുടെ താൽക്കാലിക വി സി യായി നിയമിച്ചത് വിവാദമായിരുന്നു. ഹൈക്കോടതിയിലെ ഹരജിയെ തുടർന്ന് കാർഷിക സർവകലാശാലയിലെ തന്നെ ഒരു പ്രഫസർക്ക് വി സി യുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.

സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വി സി യുടെ ചുമതല നൽകാനുള്ള സർക്കാർ നിർദ്ദേശം യുജിസി ചട്ടത്തിന് വിരുദ്ധമായതിനാൽ ഗവർണർ തള്ളിക്കളഞ്ഞിരിരുന്നു. ഗവർണറുടെ നിലപാടിന് വിരുദ്ധമായി കാർഷിക സർവകലാശാലയിൽ പ്രഫസർ അല്ലാത്ത മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനെ തന്നെ വീണ്ടും കൃഷി മന്ത്രി നിയമിച്ചത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം കെ.ടി.യു വി സി യായി ഗവർണർ നിയമിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. സിസാ തോമസിന് വിസി ക്കുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ഗവർണർക്കെതിരെ സർക്കാർ ഫയൽ ചെയ്ത ഹരജി കോടതി തള്ളി കളഞ്ഞിരുന്നു. കാർഷിക സർവകലാശാല നിയമപ്രകാരം വിസി യുടെ താൽക്കാലിക ഒഴിവിൽ പ്രൊചാൻസിലരുടെ(കൃഷി മന്ത്രി)ശുപാർശയുടെ അടിസ്ഥാനത്തിലാണ് വി സി യുടെ ചുമതല ഗവർണർ നൽകേണ്ടത്. എന്നാൽ യോഗ്യതയുള്ള ആളെ കണ്ടെത്തി താൽക്കാലിക വി സി യെ നിയമിക്കാനുള്ള അധികാരം ഗവർണർ മന്ത്രിക്ക് നൽകുകയായിരുന്നു.

ഈ അധികാരം ഉപയോഗിച്ചാണ് മന്ത്രി യുജിസി വ്യവസ്ഥ ലംഘിച്ച് ഡോ. അശോകിന് വി സിയുടെ ചുമതല നൽകിയത്. ഡോ:അശോക് കേരള വെറ്റിനറി യൂനിവേഴ്‌സിറ്റിയിൽ വി സി ആയിരുന്നുവെന്ന പരിചയവും, ഒരു സ്വകാര്യ സർവകലാശാലയുടെ (ചിന്മയവിശ്വവിദ്യാപീഡ്) പ്രഫസറും രജിസ്ട്രാറും ആയിരുന്നുവെന്ന പരിചയവും കണക്കിലെടുത്താണ് വി സി യുടെ ചുമതല നൽകിയതെന്ന് മന്ത്രിതന്നെ ഒപ്പിട്ട് നൽകിയ ഉത്തരവിൽ പറയുന്നു.

ഡോ. അശോകിനെ യുജിസി ചട്ടങ്ങൾ കർശനമാക്കുന്നതിനുമുൻപാണ് വെറ്റിനറി യൂനിവേഴ്‌സിറ്റി വി സി യായി നിയമിച്ചിരുന്നത്. അദേഹത്തിന്റെ സ്വകാര്യ സർവകലാശാലയുടെ രജിസ്ട്രാർ ആയുള്ള നിയമനം പ്രഫസർ പദവിക്ക് സമാനമല്ല. മാത്രമല്ല അദ്ദേഹത്തിന് വെറ്റിനറി സയൻസിൽ ഒരു ബാച്ലർ ബിരുദം മാത്രമാണുള്ളത്.

ഈ സാഹചര്യത്തിൽ അംഗീകൃത പ്രഫസർ പദവി ഇല്ലാത്ത ഡോ.ബി. അശോകിനെ കാർഷിക സർവകലാശാല വി സി യായി നിയമിച്ചുകൊണ്ടുള്ള കൃഷി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയെന്ന് സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും അറിയിച്ചു.