- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിക്ക് ബദലാകാൻ ആരിഫ് മുഹമ്മദ് ഖാൻ തുടരുമോ?
തിരുവനന്തപുരം: അടുത്ത കേരള ഗവർണ്ണർ ആരാകണമെന്ന ചർച്ചകൾ ഡൽഹിയിൽ തുടങ്ങിയെന്ന് സൂചന. ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽത്തന്നെ ഗവർണർ സ്ഥാനത്ത് തുടർച്ചനൽകാനും സാധ്യതയുണ്ട്. ബിജെപിയുടെ തൃശൂർ വിജയത്തിൽ ഗവർണ്ണറുടെ ഇടപെടലുകളും നിർണ്ണായകമായെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന ഘടകവും ആരിഫ് മുഹമ്മദ് ഖാൻ തുടരുന്നതിന് അനുകൂലമാണ്.
സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികൾക്കും തടയിടാനും തുറന്നുകാട്ടാനും ഗവർണ്ണർ മുന്നിൽ നിന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനവിരുദ്ധത ചർച്ചയാക്കിയതും ഗവർണ്ണറാണ്. ഇതെല്ലാം ബിജെപിയുടെ വോട്ട് വിഹിതം കൂടുന്നതിന് കാരണമായി. ആരിഫ് മുഹമ്മദ് ഖാനും തുടർച്ചയുടെ സൂചന കിട്ടിക്കഴിഞ്ഞു. സെപ്റ്റംബർ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാകുന്നത്. അതിന് ശേഷം ആരിഫ് മുഹമ്മദ് ഖാനെ തന്നെ കേരളത്തിൽ പുനർനിയമിക്കാനാണ് സാധ്യത.
ഗവർണർമാരുടെ നിയമനകാലയളവ് അഞ്ചുവർഷമാണ്. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് മാറ്റാം. കലാവധി പൂർത്തിയായാൽ പുതിയ നിയമനം ഉണ്ടാകുന്നതുവരെ തുടരുകയും ചെയ്യാം. എന്നാൽ കേരളത്തിൽ ഗവർണ്ണറുടെ പദവിയിൽ തുടർ നിയമനത്തിനാണ് സാധ്യത. അങ്ങനെ വന്നാൽ അത് ഒരു അപൂർവ്വതയാകും. അതിനിടെ ഗവർണ്ണറെ കേന്ദ്രമന്ത്രിയാക്കുമെന്ന അഭ്യൂഹവുമുണ്ട്. മോദിയുടെ മൂന്നാം മന്ത്രിസഭയിൽ മുസ്ലിം മുഖം മന്ത്രിയായില്ല. ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാരിന്റെ ഭാഗമാക്കുന്നതും സജീവ പരിഗണനയിലാണ്.
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കേന്ദ്രത്തിൽ ഇല്ല. അതുകൊണ്ട് തന്നെ ഇനിയും ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദി വിലയിരുത്തുന്നുണ്ട്. കേരളത്തിൽ ബിജെപി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ ഒരുപരിധിവരെ ഗവർണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ ആരിഫ് മുഹമ്മദ് ഖാന് ഉചിതമായ അംഗീകാരം തുടർന്നും ലഭിക്കും
മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സർക്കാരിനെ വിമർശനത്തിലൂടേയും ഗവർണർ സമ്മർദത്തിലാക്കിയപ്പോൾ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ കേരളത്തിൽ ഏറെ സ്വാധീനം ഉണ്ടാക്കിയെന്നാണ് ബിജെപി നടത്തിയ സർവ്വേകളിലും തെളിഞ്ഞിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരള ഗവർണർ സ്ഥാനം ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചു യുപിയിൽനിന്നു മത്സരിക്കുമോ എന്ന ചോദ്യം സജീവമായിരുന്നു. എന്നാൽ ലോക്‌സഭയിലേക്കു മത്സരിക്കാനില്ല എന്നാണ് അദ്ദേഹം അടുപ്പമുള്ളവരെ അറിയിച്ചത്. അദ്ദേഹത്തിന്റെ പഴയ മണ്ഡലം വിഭജിക്കപ്പെട്ടു. മത്സരിക്കണമെങ്കിൽ പുതിയ മണ്ഡലം കണ്ടെത്തണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. നരേന്ദ്ര മോദിയുടെ ആദ്യ സർക്കാരിന്റെ കാലത്തു മന്ത്രിസഭയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. എന്നാൽ അതു നടന്നില്ല.
തുടർന്ന് ഏതാനും വർഷം പത്മ അവാർഡ് നിശ്ചയിക്കുന്ന കമ്മിറ്റിയിൽ അംഗമായിരുന്നു. അതിനു ശേഷമാണ് കേരള ഗവർണറായി നിയമിച്ചത്. സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നതിനാലാണ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാത്തതും. ബിജെപി വീണ്ടും അധികാരത്തിലെത്തിയതിനാൽ ഗവർണർ സ്ഥാനമൊഴിഞ്ഞ് രാജ്യസഭ വഴി കേന്ദ്ര മന്ത്രിസഭയിൽ ആരിഫ് മുഹമ്മദ് ഖാൻ എത്തിയാലും അദ്ഭുതപ്പെടാനില്ല. അല്ലാത്ത പക്ഷം കേരളത്തിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.