- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി വിധി വി സി തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരെ; കോടതി ആർക്കും ഇളവു കൊടുത്തിട്ടില്ല; ഒരു വിസിയെയും പുറത്താക്കിയിട്ടില്ല; രാജി വെക്കാത്ത വി സിമാർക്ക് ഷോക്കോസ് നോട്ടീസ് നൽകും; നിലപാട് വിശദീകരിച്ചു ഗവർണർ; ചെപ്പടി വിദ്യ കാട്ടുന്നവർക്കെതിരേ കുറച്ചു പിപ്പിടി ആകാമെന്ന് മുഖ്യമന്ത്രിക്കും മറുപടി
തിരുവനന്തപുരം: സുപ്രീം കോടതി വിധി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വി സിക്ക് മാത്രം എതിരെയല്ല മറിച്ച് വി സി തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ പുറത്തു കടക്കാൻ പറഞ്ഞതും ഞാനല്ല ആരെന്നു നിങ്ങൾക്കറിയാം'- ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി നൽകി കൊണ്ട് രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
രാജിവെക്കാത്ത സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ പറഞ്ഞു. അടുത്ത മാസം മൂന്നാം തിയതി അഞ്ച് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സർവകാലാശാല വിസിമാർക്കെതിരെയും നടപടി സ്വീകരിക്കും. ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദ്ദേശം സർവകലാശാല വിസിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പരാമർശം.
കണ്ണൂർ വിസിക്കെതിരായ വിമർശനത്തെ ഗവർണർ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും കണ്ണൂർ വിസിയെ വിമർശിച്ചു. തന്റെ ഉത്തരവുകൾ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നൽകുന്നില്ല. കേരള വൈസ് ചാൻസലർ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നൽകിയത്. ഞാൻ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാൽ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാൻ അദ്ദേഹം തയാറായില്ല. യാതൊരു ഓണം പരിപാടിയും തിരുവനന്തപുരത്ത് നടത്തുന്നില്ലെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ തലസ്ഥാനത്ത് ഓണം നടന്നോ എന്നത് എല്ലവാർക്കും അറിയാം. അതുകൊണ്ടാണ് അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കാൻ പോയത്.
സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കതിക സർവകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂർ സർവകലാശാല വിസിക്കും ബാധകമാണ്. വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നം പറഞ്ഞത് താൻ അല്ല. ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണർ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. 9 പേരുടെ മാത്രമല്ല. മറ്റ് രണ്ട് വിസിമാരുടെ കാര്യവും താൻ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിർന്ന പലരിൽ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളു. രണ്ടു, മൂന്ന് വൈസ് ചാൻസലർമാരോട് എനിക്ക് സഹതാപമുണ്ട്. രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ആരും രാജിവച്ചില്ല. അതിനാൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി ഗവർണർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പിപ്പിടി പരാമർശത്തിനെതിരേ ഗവർണർ രംഗത്തെത്തി. ചെപ്പടി വിദ്യ കാട്ടുന്നവർക്കെതിരേ കുറച്ചു പിപ്പിടി ആകാമെന്ന് ഗവർണർ പറഞ്ഞു. രണ്ടു വിസിമാർക്കെതിരേ കൂടി നടപടിയുണ്ടാകുമെന്ന സൂചന ഗവർണർ നൽകി. ഡിജിറ്റൽ, ശ്രീനാരായണ വിസിമാരുടെ നിയമനത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
വൈസ് ചാൻസലർമാരെ നിയന്ത്രിക്കുന്നത് എൽ ഡി എഫ് ആണെന്ന് ഗവർണർ പറഞ്ഞു. രാജിവയ്‌ക്കേണ്ടെന്ന് അവരോട് പറഞ്ഞത് എൽ ഡി എഫ് ആണ്. മികച്ച വി സി മാരുണ്ട്. അവരോട് അനുകമ്പയുണ്ട്. പക്ഷേ സുപ്രീം കോടതി വിധിയാണ് പ്രധാനം. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗവർണർ പറഞ്ഞു.
സുപ്രീം കോടതിയുടെ എല്ലാ വിധിയും നാടിന്റെ നിയമമാണ്. നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണ്. കണ്ണൂർ വി സി യുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റി. സർക്കാർ സമർദം ചെലുത്തിയെന്നും ഗവർണർ പറഞ്ഞു. അഡ്വക്കേറ്റ് ജനറലും തെറ്റിദ്ധരിപ്പിച്ചു. ഗവർണറും സർക്കാരുമായി ഒരു പോരുമില്ല. ഈ പോര് താൻ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. തന്നെ സമ്മർദത്തിലാക്കിയത് അഡ്വക്കേറ്റ് ജനറൽ ആണെന്നും ഗവർണർ പറഞ്ഞു.
നേരത്തെ ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നത്. സർവകലാശാലകൾക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത്. ഗവർണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒമ്പതു സർവകലാശാല വൈസ് ചാൻസലർമാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവർണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാൻസലർ കൂടിയായ ഗവർണർ മറക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇല്ലാത്ത പദവി ദുരുപയോഗിക്കാൻ ചാൻസലർ ശ്രമിക്കുകയാണ്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നു മാത്രമല്ല, ജനാദിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേവലസാങ്കേതികതയിൽ തൂങ്ങിയാണ് 9 വിസിമാരോട് ഗവർണർ ഇറങ്ങിപോകാൻ പറഞ്ഞത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചുനിർത്തുന്നത് താനാണെന്ന് തോന്നുന്ന മൗഢ്യമായിരിക്കും അത്. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് നിയമപരമായ സാധൂകരണം ഇല്ല. സർവകലാശലയിലെ ഫണ്ട് ദുരുപയോഗം, മോശമായ പെരുമാറ്റം എന്നിവയുണ്ടെങ്കിലേ ഒരു വിസിയെ നീക്കം ചെയ്യാൻ പറ്റുകയുള്ളു. വിസിമാരെ പുറത്താക്കാൻ ഗവർണർക്ക് നിയപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ പദവി സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. സർക്കാരിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. സംസ്ഥാനത്തിന്റെയും ജനങ്ങളുടേയും ഭരണഘടനയുടേയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്. കേരള സാങ്കേതിക സർവകലാശാല വിസി സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറ പിടിച്ചാണ് 9 സർവകലാശാല വിസിമാരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണർ സംഘപരിവാർ ചട്ടുകമായി പ്രവർത്തിക്കുകയാണ്.
സർവകലാശാലകളിൽ ഗവർണറാണ് നിയമന അധികാരി. ഈ ഒമ്പതു സർവകലാശാലകളിലും വി സി നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടന്നതെങ്കിൽ പ്രാഥമികമായ ഉത്തരവാദിത്വം ഗവർണർക്കു തന്നെയല്ലേ. അതു പ്രകാരം പദവിയിൽ നിന്നും ഒഴിയേണ്ടത് വിസിമാരാണോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസിമാരെ പുറത്താക്കാൻ ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ