തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദ്ദേശം. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അസാധാരണ നടപടി. അസാധാരണ നടപടിയിലൂടെ സർക്കാരിനെതിരായ നിലപാട് പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കേരള, എംജി, കൊച്ചി, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സർവകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവർണർക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിനു തൊടുപിന്നാലെയാണു ഗവർണർ കടുപ്പിച്ചത്.

നാളെ 11.30 രാജിക്കത്തു രാജ് ഭവനിൽ എത്തിക്കണം.യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവൻ വ്യക്തമാക്കി. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാർശയിൽ നിയമിച്ചവരാണ്.4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ദ്ധർ ഇല്ലെന്നും രാജ്ഭവൻ വിശദീകരിച്ചു

തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവർണർ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വി സിമാരോട് രാജിവെക്കാൻ ഗവർണർ നിർദേശിക്കുന്നത്.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015ലെ സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നൽകിയതെന്ന് കോടതി കണ്ടെത്തി.

സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്‌കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഇവരിൽ സംസ്‌കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി.സദാശിവം ആയിരുന്നു.