തിരുവനന്തപുരം: കേരള സർവകലാശാലയുമായുള്ള പോര് മൂർച്ഛിക്കുന്നതിനിടെ വൈസ് ചാൻസലർ നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട്. പ്രഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വിസിമാർക്കു കത്തയച്ചു. സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെ ഗവർണർ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് നടപടിയെ വിലയിരുത്തുന്നത്.

സീനിയർമാരായ പ്രൊഫസർമാരുടെ പട്ടിക ഉടൻ നൽകണമെന്നാണ് വിവിധ സർവകലാശാല വിസിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. 24 ന് കേരള വിസി വിരമിക്കുന്ന സാഹചര്യത്തിൽ പകരം ചുമതല നൽകാനാണിത്. ഒരു സർവകലാശാല വിസി വിരമിക്കുമ്പോൾ സമീപത്തെ സർവകലാശാല വിസിക്ക് ചുമതല നൽകുന്നതാണ് പതിവ്. ഇതിന് പകരം സീനിയറായ പ്രൊഫസർക്ക് തന്നെ ചുമതല നൽകാനാണ് ഗവർണർ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയാണ് മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ടത്.

ഒക്ടോബർ 24നു കേരള വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണറുടെ കത്ത്. 10 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വിസിമാരായി നിയമിക്കാൻ കഴിയുക. ഉടനടി പട്ടിക നൽകണമെന്നാണ് കത്തിലെ നിർദ്ദേശം.

സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്നു ഗവർണർ അന്ത്യശാസനം നൽകിയതിനെ തുടർന്നു സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികയാത്തതിനാൽ യോഗം നടന്നില്ല. യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ പുറത്താക്കിയിരുന്നു. ഒത്തുതീർപ്പ് വേണ്ടെന്നും കടുത്ത നടപടിയുമായി നീങ്ങാനുമാണു രാജ്ഭവൻ തീരുമാനം.

അതേസമയം, ഗവർണറും കേരള സർവകലാശാലയും തമ്മിലെ പോര് അതി രൂക്ഷമായി തുടരുകയാണ്. തന്റെ നോമിനികളായ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ടുള്ള അസാധാരണ നടപടിയാണ് കഴിഞ്ഞ ദിവസം ഗവർണർ സ്വീകരിച്ചത്. പിൻവലിച്ചതിൽ നാല് വകുപ്പ് മേധാവിമാരുമുണ്ട്. 15 ൽ രണ്ട് പേർ സിണ്ടിക്കേറ്റ് അംഗങ്ങൾ കൂടിയാണ്.

നിലവിലെ സ്ഥിതിഗതികൾ വൈസ് ചാൻസലർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ചട്ട പ്രകാരമുള്ള നടപടിയാണ് ഗവർണർ സ്വീകരിച്ചത് എന്നതിനാൽ സർക്കാരിന് ഇടപെടാൻ ആകില്ല. ചൊവ്വാഴ്‌ച്ച ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും ഇടത് അംഗങ്ങൾ വിട്ടു നിന്നത് സിപിഎം തീരുമാന പ്രകാരമാണ്. കൂടുതൽ കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കും എന്നത് സർക്കാരിനുള്ള മുന്നറിയിപ്പാണ്. നാലിനാണ് അടുത്ത സെനറ്റ് യോഗം.

വിസി നിയമനത്തിന് വിജ്ഞാപനം ഇറക്കാതെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും രാജ്ഭവൻ സെക്രട്ടറിയും ഒഴിഞ്ഞുമാറുകയുമാണ്. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് കേരള സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മറ്റി രൂപീകരിക്കാനുള്ള ഉത്തരവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയത്. കേരള സർവകലാശാല പ്രതിനിധിയെ നൽകാത്തതിനാൽ ആ സ്ഥാനം ഒഴിച്ചിട്ടാണ് കമ്മറ്റി രൂപീകരിച്ചത്.

ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധിയെ നിർദേശിച്ചില്ല. ഒടുവിൽ പ്രതിനിധിയെ നിർദേശിക്കാനായി ചൊവ്വാഴ്ച ചേർന്ന സെനറ്റ് കോറം തികയാതെ പിരിഞ്ഞു. ഇടതുപക്ഷ അംഗങ്ങൾ വിട്ടു നിന്നതോടെയാണ് ഈ സാഹചര്യം ഉടലെടുത്തത്. സെനറ്റ് അംഗങ്ങൾ അവരിൽനിക്ഷിപ്തമായ ചുമതലയിൽ നിന്ന് മനഃപൂർവ്വം മാറി നിന്നതിനാലാണ് 15 പേരുടെ സെനറ്റ് അംഗത്വം റദ്ദുചെയ്യാൻ ഗവർണർ തീരുമാനിച്ചത്.

ഇതോടെ സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത തുറന്ന യുദ്ധത്തിന്റെ നിലയിലേക്ക് മാറിക്കഴിഞ്ഞു. വിസി നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും രാജ്ഭവൻസെക്രട്ടറിയും തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥരുടെ മേൽസർക്കാരിന്റെ സമ്മർദം ഉള്ളതിനാലാണ് വിജ്ഞാപനം വൈകുന്നതെന്നാണ് ഗവർണരുടെ വിലയിരുത്തൽ.

നവംബർ നാലിന് സെർച്ച് കമ്മറ്റിയുടെ കാലാവധി തീരും.അന്ന് സർവകലാശാല സെനറ്റ് കൂടി അംഗത്തെ ശുപാർശചെയ്യാം എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ഇതും ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചു. സർവകലാശാല നിയമഭേദഗതി ബില്ലിൽഗവർണർ ഒപ്പിടാത്തതും സർക്കാർതാൽപര്യത്തിന് വിരുദ്ധമായി രണ്ടംഗ സെർച്ച് കമ്മറ്റി രൂപീകരിച്ചതും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. സെർച്ച് കമ്മറ്റി ഗവർണർ പിരിച്ചു വിടട്ടെ എന്നും സർക്കാർ പരോക്ഷമായി പറയുകയാണ്.ഇതോടെ വിസി നിയമന പ്രശ്‌നം ഹൈക്കോടതിക്ക് മുന്നിലേക്കെത്താനുള്ള സാഹചര്യം ഉടലെടുത്തിട്ടുണ്ട്.