തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടി വലിയ തോതിലാണ് പിടിമുറുക്കിയിരുന്നത്. മാറി മാറി വരുന്ന സര്‍ക്കാറുകള് അവര്‍ക്ക് ഇഷ്ടമുള്ള വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉ്ണ്ടായിരുന്നത്. എന്നാല്‍, സിപിഎമ്മിന്റെ പിടിയില്‍ നിന്നും സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കൈമോശം വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുമായുള്ള പോര് കടുത്തതോടെ, സംസ്ഥാനത്തെ ഏഴു പ്രധാന സര്‍വകലാശാലകളില്‍ സര്‍ക്കാരിനും സി.പി.എമ്മിനും നിയന്ത്രണം നഷ്ടമായിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണാറായതിന് ശേഷമാണ് യൂണിവേഴ്‌സിറ്റികളില്‍ സിപിഎമ്മിന് നിയന്ത്രണം പോയത്.

സംഘപരിവാര്‍ അനുകൂല സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം പ്രസിഡന്റായിരുന്ന ഡോ. ശിവപ്രസാദിനെ ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി.യായും സര്‍ക്കാര്‍ ശത്രുപക്ഷത്തുനിര്‍ത്തിയ ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും നിയമിച്ചതാണ് ഏറ്റവും ഒടുവിലായി സര്‍ക്കാരിനേറ്റ കനത്തപ്രഹരം. ഡോ. സിസ തോമസിനെ പെന്‍ഷന്‍ പോലും നല്‍കാതെ ദ്രോഹിച്ച സര്‍ക്കാര്‍ നടപടിക്ക് കൂടി ഏറ്റ പ്രഹരമാണ് ഇപ്പോഴത്തെ സംഭവം.

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോ-ചാന്‍സലര്‍. മുഖ്യ മന്ത്രി സമര്‍പ്പിച്ച പാനല്‍ തള്ളി ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചത് നേര്‍ക്കുനേര്‍ വെല്ലുവിളിയായി. നേരത്തേ കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റില്‍ രണ്ടു ബി.ജെ. പി. അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പട്ടതും സി.പി.എമ്മിനു തിരിച്ചടിയായിരുന്നു. രാഷ്ട്രീയയുദ്ധം സര്‍വകലാശാലകള്‍ ഭരിക്കുന്ന സിന്‍ഡിക്കേറ്റിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലര്‍. ഇതില്‍ എം.ജി., മലയാളം, കാര്‍ഷിക സര്‍വകലാശാലകളിലെ വി.സി. നിയമനം ഗവര്‍ണര്‍ നടത്തിയത് സര്‍ക്കാര്‍ പാനലില്‍നിന്നായിരുന്നു. പിന്നീട് ഗവര്‍ണര്‍ സ്വന്തം നിലയില്‍ മുന്നോട്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായത്. തുടര്‍ന്നുള്ള ഒരു നിയമനങ്ങളിലും സര്‍ക്കാരിന്റെ അഭിപ്രായം മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ യു.ഡി.എഫ്. അനുകൂലികളെയാണ് വിസിയുടെ ചുമതല ഏല്‍പ്പിച്ചത്. ആരോഗ്യ സര്‍വകലാശാലയില്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കി. ഇതുവഴി, അദ്ദേഹത്തിന് 'കേരള'യുടെ ചുമതല നല്‍കാനും ഗവര്‍ണര്‍ക്കായി.

ഇതില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ വി.സി.യും സി.പി.എം. ആധിപത്യമുള്ള സിന്‍ഡിക്കേറ്റും തമ്മിലാണ് ഇപ്പോള്‍ വലിയ ഏറ്റുമുട്ടല്‍. സനാതന ധര്‍മ ചെയര്‍ ഊര്‍ജിതമാക്കിയും വിജിലന്‍സ് കേസിന്റെ പേരില്‍ സിന്‍ഡിക്കേറ്റ് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തും വിവിധസമിതിക ളില്‍ ഇടപെട്ടുമൊക്കെ നിരന്തരം സി.പി.എമ്മുമായി വി.സി. യുദ്ധത്തിലാണ്.

സര്‍വകലാശാലാ ഭരണസമിതിയായ സിന്‍ഡിക്കേറ്റിനെ ഒരുതരത്തിലും മാനിക്കാതെ, ചാന്‍സലറുടെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ച് വി.സി. പ്രവര്‍ത്തിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ സ്വന്തം നിലയ്ക്കു താല്‍ക്കാലിക വിസിമാരെ നിയമിച്ചത് അംഗീകരിക്കില്ലെന്നു മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കിയതോടെ വിഷയം നിയമപോരാട്ടത്തിലേക്കു നീങ്ങുമെന്നു വ്യക്തമാണ്. ഒരിക്കല്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിനു കണ്ണൂരില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കിയതു ഗവര്‍ണറായിരുന്നെങ്കിലും അതു വിവാദമാക്കിയതില്‍ അദ്ദേഹത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ തുറന്നുപറച്ചിലാണു വിവാദം കത്തിച്ചത്. സര്‍ക്കാര്‍ ഇടപെട്ടെന്നു കാട്ടി ആ നിയമനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. അന്ന് മുതല്‍ തുടങ്ങിയ തിരിച്ചടിയാണ് സിപിഎമ്മിന് ഇപ്പോഴും.

ഇതിനിടെ, കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കിയതു റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ വി.സി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകരുതെന്നു പറഞ്ഞിട്ടുണ്ടെന്നു കാണിച്ചാണു ഗവര്‍ണര്‍ വ്യക്തത തേടിയത്. ഇതോടെ സര്‍ക്കാര്‍ വാദങ്ങള്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥ വന്നു. ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ പിണറായി വിജയന് തൊട്ടതെല്ലാം പിഴക്കുന്നു എന്ന സൂചനയായി വിലയിരുത്തലുകളുണ്ട്.