തിരുവനന്തപുരം: സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലിന്റെ വഴിയിലാണ് മുന്നോട്ടു പോക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നടത്തിയ വാർത്താസമ്മേളനം. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ ആഞ്ഞടിച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നത്. അതേസമയം ഗവർണർ ആഞ്ഞടിക്കുമെന്ന് മുന്നിൽ കണ്ട് ചീഫ് സെക്രട്ടറി വി പി ജോയി രാജ്ഭവനിൽ എത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായാണ് ചീഫ് സെക്രട്ടറി എത്തിയതെന്നായിരുന്നു വാദങ്ങൾ. വാർത്തകൾ പുറത്തുവന്നതും ഇങ്ങനെയായിരുന്നു. ഗവർണർ വാർത്താസമ്മേളനം നടത്താൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേയായിരുന്നു വി പി ജോയി എത്തിയത്.

അതേസമയം, മുഖ്യമന്ത്രിയുടെ ദൂതനായല്ല ചീഫ് സെക്രട്ടറി എത്തിയതെന്നാണ് ഗവർണർ പിന്നീട് വിശദീകരിച്ചത്. ചീഫ് സെക്രട്ടറി തന്നെ കണ്ടത് വ്യക്തിപരമായ കാര്യത്തിനാണെന്നും മകളുടെ വിവാഹം ക്ഷണിക്കാൻ വന്നതാണെന്നും ഗവർണർ വിശദീകരിച്ചു. ഇതോടെ ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിയ ടൈമിങ് തെറ്റിയോ? എന്ന ചോദ്യവും ഉയർന്നു. മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്നപോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെയാണു വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടുപോയത്. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി.ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.

അതേസമയം രാഷ്ട്രീയമായി സിപിഎം ഉയർത്തിയ ആരോപണങ്ങൾക്കും ഗവർണർ മറുപടി നൽകി. ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചതും ഗവർണർ ന്യായീകരിച്ചു. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ രാഷ്ട്രപതിയോടാണ് പരാതി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് തൃശൂർ അവിണിശേരിയിലെ ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി.വി.മണികണ്ഠന്റെ വീട്ടിലെത്തി മോഹൻ ഭാഗവതിനെ ഗവർണർ സന്ദർശിച്ചത്.

സർക്കാറുമായി തുറന്ന യുദ്ധത്തിന് ഗവർണർ

സർക്കാറുമായി തുറന്ന യുദ്ധത്തിനാണ് ഗവർണർ ഒരുങ്ങുന്നത്. ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ചാൻസലറായിരിക്കെ സർവ്വകലാശാലകളിൽ ഇടപെടൽ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി പുനർനിയമന വിഷയത്തിൽ ഇടപെട്ട് സംസാരിച്ചു. വെയിറ്റേജ് നൽകാമെന്നാണ് അദ്ദേഹത്തെ അറിയിച്ചത്. എന്നാൽ നിയമനത്തിന്റെ നടപടി ക്രമങ്ങൾ ഒഴിവാക്കണമെന്ന പക്ഷമായിരുന്നു മുഖ്യമന്ത്രിക്കെന്നും ഗവർണർ പറഞ്ഞു.

'മുഖ്യമന്ത്രി രാജ്ഭവനിൽ വന്ന് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമന വിഷയത്തിൽ ഇടപെട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ജില്ലയാണ് കണ്ണൂർ. അതിനാൽ അഭിപ്രായത്തിന് വെയിറ്റേജ് നൽകാമെന്ന് പറഞ്ഞു. എന്നാൽ നിയമനത്തിനായി ഒരു നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.' ഗവർണർ പറഞ്ഞു. പിന്നീട് വിഷയത്തിൽ തന്റെ മേൽ സമ്മർദം ചെലുത്തിയെന്നും ഗവർണർ ആരോപിക്കുന്നു.

തുടർന്ന് നിയമനത്തിൽ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് ഡേക്യൂമെന്റ് സമർപ്പിച്ചു. വിസിയുടെ നേരിട്ടുള്ള നിയമനത്തിനുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അറിയിച്ചുകൊണ്ടായിരുന്നു അത്. താൻ ആവശ്യപ്പെടാതെയാണ് നിയമോപദേശം നൽകിയതെന്നും ഗവർണർ പറഞ്ഞു. പിന്നീട് അഡ്വക്കേറ്റ് ജനറലിന് പുറമേ പ്രോ ചാൻസിലറായ വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷയും തനിക്ക് ലഭിച്ചെന്നും ഗവർണർ വ്യക്തമാക്കി.

മുഖ്യമന്ത്രി ഗവർണർക്കെഴുതിയ കത്തുകളും അദ്ദേഹം പുറത്ത് വിട്ടു. ഡിസംബർ എട്ടിനാണ് ആദ്യകത്തെഴുതിയത്. വിസി നിയമനത്തിൽ സമ്മർദമുണ്ടായതോടെ ചാൻസലർ സ്ഥാനത്ത് തുടരില്ലെന്നറിയിച്ച് താൻ കത്ത് നൽകി. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവർണർ വിശദീകരിക്കുന്നു.

വിമാനയാത്ര വിലക്കുള്ള കൺവീനർ; പാക്കിസ്ഥാൻ ഭാഷ പറയുന്ന എംഎൽഎ

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, മുന്മന്ത്രി സജി ചെറിയാൻ എന്നിവരെ പേരെടുത്ത് പറഞ്ഞ് വാർത്താസമ്മേളനത്തിൽ ഗവർണർ പരിഹസിച്ചു. മോശം പെരുമാറ്റത്തിന് വിമാനയാത്രാ വിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കൺവീനർ. ഇത്തരക്കാരുടെ അനുയായികൾ കണ്ണൂരിൽ തന്നെ ആക്രമിക്കാൻ മുതിർന്നതിൽ അതിശയമില്ലെന്നും ഗവർണർ പറഞ്ഞു. ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരിൽ രാജിവയ്‌ക്കേണ്ടി വന്നു. മുന്മന്ത്രിയായ എംഎൽഎ രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്ത് സംസാരിച്ചു. പാക്കിസ്ഥാൻ ഭാഷയിലാണ് അദ്ദേഹം പരാമർശങ്ങൾ നടത്തിയതെന്നും കെ.ടി.ജലീലിനെ ഉന്നംവച്ച് ഗവർണർ പറഞ്ഞു.

ഇതൊന്നും വ്യക്തികളുടെ വീഴ്ചയല്ല. സിപിഎം പരിശീലന ക്യാംപുകളിൽ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കൾ പരസ്യമായി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്ര കോൺഗ്രസിൽ വച്ച് തന്നെ കായികമായി നേരിട്ട ചരിത്രകാരൻ ഇർഫാൻ ഹബീബിന്റേത് ഗുണ്ടായിസം തന്നെയാണ്. മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്സെയെ കുറിച്ച് പറയണമെന്നു ഇർഫാൻ ഹബീബ് ആക്രോശിച്ചു.'' ഗവർണർ പറഞ്ഞു.