- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്
മലപ്പുറം പരാമര്‍ശ വിവാദത്തില്‍ വിശദീകരണം തേടിയത് ചട്ടപ്രകാരം
തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി കത്തയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമര്‍ശനം ഉന്നയിച്ച കത്തില്‍ രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ വ്യക്തമാക്കി. ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവര്‍ണര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നടപടി.
ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.
സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഈ കത്തിനാണ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്ന് വിശദീകരിച്ച് മറുപടി നല്‍കിയത്.
ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ പി.ആര്‍.ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. എന്നാല്‍ മുമ്പ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇരു വിഷയങ്ങളിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മൂന്നാഴ്ച മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചത്. സര്‍ക്കാരിന്റെ മറുപടി തയാറാക്കിയെങ്കിലും രാജ്ഭവനിലേക്കു കൈമാറുന്നതിനു മുന്‍പ് തടയുകയായിരുന്നുവെന്നാണു വിവരം. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന 'സ്വര്‍ണക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനം' തുടങ്ങിയ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയത് 4 ദിവസം മുന്‍പാണ്. ഏതെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഈ പണം ഉപയോഗിക്കുന്നു, ആരെല്ലാമാണു പിന്നില്‍ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.