തിരുവനന്തപുരം: സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി. ഗോവിന്ദച്ചാമിയെ സൗമ്യ കേസില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സമൂഹത്തിന് വെല്ലുവിളിയാണെന്നും ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന്‍ തീര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'എന്റെ മനസില്‍ ഇടയ്ക്കിടെ വരുന്നതാണ് ഇവന്‍ ചാടുമെന്ന തോന്നല്‍. അങ്ങനെയൊരാളാണ് ഗോവിന്ദച്ചാമി. എന്റെ ബോധ്യമാണത്. സ്ഥിരം കുറ്റവാളിയാണ് ഇയാള്‍. പുണെ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്ക് കേസുകളുണ്ട്. 14 കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. അവന്‍ കേരളം വിട്ടാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലും ആന്ധ്രയില്‍ കമ്പം ഭാഗത്ത് നക്‌സല്‍ ഏരിയയിലും തമിഴ്നാട്ടിലും ഇയാള്‍ക്ക് ബന്ധമുണ്ട്. എവിടെയാണെങ്കിലും അവന്‍ ഊളിയിട്ട് കടന്നുകളയുന്നവനാണ്.'

'ജയിലില്‍ അതീവ ജാഗ്രത വേണമായിരുന്നു. ആറടി പൊക്കമുള്ളയാളാണ് താന്‍. തന്നെപോലെയുള്ള മൂന്നാല് പേര്‍ ചേര്‍ന്നിട്ടും അവനെ അന്ന് പിടിച്ച് നിര്‍ത്താന്‍ പാടുപെട്ടു. വ്യക്തിപരമായി ഇവന്‍ ജയില്‍ ചാടുമെന്ന് തോന്നിയത് അവന്റെ സ്വഭാവം അങ്ങനെയായത് കൊണ്ടാണ്. ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം, ഇറച്ചി കഴിക്കണമെന്നും നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് പിടിയിലായപ്പോള്‍ അവന്‍ തങ്ങളോട് ചോദിച്ചത്.

പുറത്ത് നിന്ന് സഹായം ലഭിക്കാന്‍ മാത്രം ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് അറിയില്ല. അതിനുള്ള സാധ്യത കുറവാണ്. ജയിലിലെ ബന്ധത്തിന് മേല്‍ വല്ലതുമുണ്ടോയെന്ന് അറിയില്ല. ഏത് മലയിലും ഏത് ട്രെയിനിലും ഓടിക്കയറാന്‍ അവന് സാധിക്കും. രക്ഷപ്പെട്ട് പോയാല്‍ ഏറെ പണിപ്പെടേണ്ടി വരും. ഇനിയും ഇയാള്‍ ആളുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഒന്നിലും ഒരു തരത്തിലും ഇയാള്‍ക്ക് കുറ്റബോധമില്ല.'

'ആക്‌സോ ബ്ലേഡ് പോലെ കമ്പി മുറിക്കാനുള്ള ആയുധം അവന് എവിടെ നിന്ന് കിട്ടി? ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ജയില്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത കേസില്‍ കണ്ണൂരില്‍ തടവിലിരിക്കെ ശിക്ഷിക്കപ്പെട്ടയാളാണ് അയാള്‍. മറ്റൊരു സ്ത്രീയ ഉപദ്രവിച്ച കേസിലും ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അവന്റെ ശരീരപ്രകൃതി അനുസരിച്ച് അവന്‍ ഒറ്റയ്ക്ക് എന്തും ചെയ്യും. സമൂഹത്തിന്റെ സുരക്ഷ പ്രധാനമാണ്. ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന്‍ തീര്‍ക്കാന്‍ സാധ്യതയുണ്ട്. അവന് ചെയ്തതിലൊന്നും പശ്ചാത്താപമില്ല. അവന്റെ നാട്ടില്‍ അവനെ നാട്ടുകാര്‍ക്ക് പേടിയാണ്. എല്ലാവരും ജാഗ്രത പാലിക്കണം. വിചാരണ നടക്കുന്ന സമയത്ത് സാക്ഷിമൊഴി കൊടുത്ത ഡോക്ടര്‍ പറഞ്ഞത് അവന്റെ നോട്ടം കണ്ട് ഭയപ്പെട്ടുവെന്നാണ്.' ഒരു കൈയില്‍ കൈപ്പത്തി മാത്രമാണ് അറ്റുപോയതെന്നും അവശേഷിക്കുന്ന മുക്കാല്‍ ഭാഗം കൈ ഗോവിന്ദച്ചാമിക്കുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.