കണ്ണൂര്‍: 'ഇവിടെ നല്ലൊരു ബിരിയാണി കിട്ടാനുണ്ടോ? മടുത്തൂ ഈ ജീവിതം..'' കേരളത്തെ നടുക്കിയ ഒറ്റക്കയ്യന്‍ ക്രിമിനല്‍ ജയില്‍ ചാടാന്‍ കാരണമായി പോലീസിനോട് പറഞ്ഞത് ഇക്കാരണമാണ്. പരോളില്ലാത്ത ജയില്‍വാസം ശരിക്കും മടുപ്പിച്ചുവെന്നും അതുകൊണ്ടാണ് റിസ്‌ക്കെടുത്തു ജയില്‍ചാടിയതെന്നുമാണ് ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞത്. എങ്ങനെയെങ്കിലും തമിഴ്‌നാട്ടില്‍ പോയി ജീവിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ചാമി വെളിപ്പെടുത്തി.

''15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോള്‍ അനുവദിച്ചില്ല'' -ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നില്‍ നിരത്തി. മൂന്നുതവണ ജയില്‍ ചാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. ആറ് മാസം മാത്രമേ ജയില്‍ചാട്ടത്തിന് ശിക്ഷയുള്ളൂഎന്നതും ജയില്‍ചാടാന്‍ പ്രേരണയായി എന്നാണ് പ്രതി പറയുന്നത്.

ഇരുമ്പഴി മുറിക്കാന്‍ ഉപയോഗിച്ച അരം മൂന്നുവര്‍ഷം മുന്‍പ് ജയിലിലെ മരപ്പണിക്കാരുടെ പക്കല്‍നിന്നും മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഇത് സെല്ലില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എട്ട് മാസത്തെ ആസൂത്രണത്തിനൊടുവിലാണ്. കനത്ത മഴയുള്ള രാത്രി ജയില്‍ ചാട്ടത്തിന് തിരഞ്ഞെടുത്തതില്‍ ഈ ആസൂത്രണമുണ്ട്. ജയില്‍ചാട്ടം സുഗമമാക്കാന്‍ തടികുറയ്ക്കാനും ഇയാള്‍ ശ്രദ്ധിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

വ്യാഴാഴ്ച രാത്രി സെല്ലിനുള്ളില്‍ രാത്രി ഒരുമണിവരെ ഗോവിന്ദച്ചാമി മൂടിപ്പുതച്ച് കിടന്നുറങ്ങുണ്ടായിരുന്നുവെന്നാണ് വാര്‍ഡന്‍ പറയുന്നത്. എന്നത്തേയുംപോലെ ചുവരിനോട് ചേര്‍ന്നുതന്നെയായിരുന്നു കിടത്തം. ഇതിനിടെ പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ലെന്ന് പരാതിവരുന്നു. പിന്നാലെയാണ് വാര്‍ഡന്‍ സെല്ലിനടുത്തെത്തി ടോര്‍ച്ചടിച്ചുനോക്കിയത്. ഗോവിന്ദച്ചാമി പതിവുശൈലിയില്‍ പുതച്ചുമൂടി അവിടെത്തന്നെയുണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

മുന്‍പ് പുറത്തുവന്നിരുന്ന ചിത്രങ്ങളില്‍ കണ്ടിരുന്നതിനേക്കാള്‍ മെലിഞ്ഞ രൂപത്തിലാണ് ഇപ്പോള്‍ പിടിയിലായ ഗോവിന്ദച്ചാമിയുടെ ദൃശ്യങ്ങള്‍. ഇയാള്‍ ഏതാണ്ട് പകുതിയോളം ഭാരം കുറച്ചിരുന്നെന്നാണ് സൂചന. ജയില്‍ ചാടാന്‍വേണ്ടി ഭക്ഷണം ക്രമീകരിച്ചതിലൂടെയാണ് ഈ ശരീരപ്രകൃതിയിലേക്ക് ഗോവിന്ദച്ചാമി എത്തിയതെന്നാണ് വിവരം. മനഃപൂര്‍വം ഭക്ഷണം ചുരുക്കിയും ചിലനേരത്ത് കഴിക്കാതിരുന്നും ശരീരഭാരം കുറയ്ക്കുകയായിരുന്നു. കമ്പികള്‍ക്കിടയിലൂടെ നൂഴ്ന്നിറങ്ങാനുള്ള സാധ്യതകൂടി പരിഗണിച്ചായിരുന്നു ഈ നീക്കം. ദീര്‍ഘനാളായി ചോറ് കഴിച്ചിരുന്നില്ല. പകരം ചപ്പാത്തി കഴിച്ചു. ഇതിന് ഡോക്ടറില്‍നിന്നുള്ള അനുവാദവും ലഭിച്ചിരുന്നുവെന്നാണ് വിവരം.

തുണി ഉപയോഗിച്ചാണ് ജയിലിന്റെ രണ്ട് മതിലുകള്‍ ചാടിക്കടന്നത്. ഇതിനായി ജയിലില്‍ പലരും ഉണക്കാനിട്ടിരുന്ന താരതമ്യേന നീളം കൂടി ബെഡ് ഷീറ്റുകള്‍ ഉള്‍പ്പെടെ ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ജയിലിനകത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കേ ആക്സോബ്ലേഡ് തന്ത്രത്തില്‍ കൈക്കലാക്കി. അതുപയോഗിച്ചാണ് താഴെ നിരയിലുള്ള കമ്പി അറുത്തത്. കഴിഞ്ഞ ഒരുമാസമായി രാത്രി ഈ കമ്പികള്‍ മുറിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ. ഇന്നലെ രാത്രിയോടെ അത് പൂര്‍ണമായും മുറിച്ചുമാറ്റിയെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ഇരുമ്പുകമ്പിയുടെ കട്ടി കുറയ്ക്കാന്‍ ഉപ്പുവെച്ച് തുരുമ്പിപ്പിച്ചെന്നും പറയപ്പെടുന്നു. കമ്പി വളച്ച വിടവിലൂടെ പുറത്തുചാടാന്‍ മെലിഞ്ഞ ശരീരം സഹായിച്ചു.

ജയിലിലെ ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങിയാണ് ജയില്‍ മതിലിനടുത്തെത്തിയത്. തുടര്‍ന്ന് ഉണക്കാനിട്ട തുണിത്തരങ്ങള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി മതില്‍ ചാടിക്കടന്നു. നാലേകാല്‍വരെ ജയിലിനോട് ചേര്‍ന്ന ഒരു വൃക്ഷച്ചുവട്ടില്‍ ഇയാള്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. ഒന്നേകാലിന് ജയില്‍ വരാന്തയില്‍നിന്ന് പുറത്തിറങ്ങിയെന്ന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പറയപ്പെടുന്നു. ജയിലിനകത്തെ നൂറ്റിനാല്‍പ്പതോളം സിസിടിവികള്‍ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും ഉറങ്ങിപ്പോയിരുന്നെന്നാണ് സൂചന. സിസിടിവി പരിശോധിക്കേണ്ട ഉദ്യോഗസ്ഥനുംകൂടി ഉറങ്ങിയതോടെ ഗോവിന്ദച്ചാമിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. രാവിലെ അഞ്ചുമണിയോടെ മതിലിനു മുകളില്‍ തുണികൊണ്ടുണ്ടാക്കിയ വടം കിടക്കുന്നത് കണ്ടതോടെയാണ് പോലീസ് സെല്ലുകള്‍ പരിശോധിച്ചുതുടങ്ങിയത്. ആ പരിശോധനയില്‍ ചാടിയത് ഗോവിന്ദച്ചാമിയാണെന്ന് മനസ്സിലായി. അപ്പോഴേക്ക് സമയം ഏതാണ്ട് ആറുമണിയോടടുത്തിരുന്നു. ഒരു കൈക്കൊണ്ട് തുണിയില്‍പ്പിടിച്ചും വായകൊണ്ട് കടിച്ചുപിടിച്ചും മുകളിലേക്ക് കയറിയെന്നാണ് ഗോവിന്ദച്ചാമി പോലീസിന് നല്‍കിയ മൊഴി. ഈവിധത്തില്‍ അതിശ്രമകരമായാണ് ഏഴര മീറ്റര്‍ നീളമുള്ള മതില്‍ ചാടിക്കടന്നതെന്ന് പോലീസ് പറയുന്നു.

ഇതിനിടെ വസ്ത്രം മാറിയുടുക്കാനും അയാള്‍ ശ്രദ്ധിച്ചു. ജയില്‍ യൂണിഫോമായ വെള്ളവസ്ത്രം മാറ്റിയശേഷം റിമാന്‍ഡ് തടവുകാര്‍ ഉപയോഗിക്കുന്ന വസ്ത്രമെടുത്ത് അണിഞ്ഞു. റിമാന്‍ഡ് തടവുകാര്‍ക്ക് ജയില്‍ യൂണിഫോമില്ല. ഇതു ധരിച്ചതു കാരണം പുറത്തിറങ്ങിയപ്പോഴും ആളുകള്‍ക്ക് ഗോവിന്ദച്ചാമിയെ തിരിച്ചറിയാനായില്ല.

40 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നതാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. സംസ്ഥാനത്തെത്തന്നെ ഏറ്റവും കാവലുള്ളതും സുരക്ഷയുള്ളതുമായ ജയിലാണിത്. പത്ത് ബ്ലോക്കുകളാണ് ജയിലിനുള്ളത്. അതിനകത്തുതന്നെ അതീവ സുരക്ഷയുള്ള പത്താംനമ്പര്‍ സെല്ലിലായിരുന്നു ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. അവിടെയാകെ 68 സെല്ലുകളാണുള്ളത്. ഓരോ സെല്ലിലും ഓരോ കുറ്റവാളികളെ മാത്രമാണ് പാര്‍പ്പിച്ചിരുന്നത്.

അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. കണ്ണൂര്‍ ജയിലിലുള്ള തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.150 ജീവനക്കാര്‍ വേണ്ടിടത്ത് 106 പേരാണുള്ളത്. 940 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം ഉള്ളിടത്ത് 1118 പേര്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.