കണ്ണൂര്‍: ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ പിടുകൂടുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നു. മാതൃഭൂനി ന്യൂസ് ചാനലാണ് പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കിണറ്റില്‍ ഒളിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് തൂക്കിയെടുക്കുക്കയായിരുന്നു.

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകള്‍ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

രാവിലെ 9 മണിക്ക് ശേഷമാണ് ഇയാളെ കണ്ടെതെന്ന് നാട്ടുകാര് വ്യക്തമാക്കിയിരുന്നു. ജയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഇയാളെ കണ്ടെത്തിയത്. പിടുകൂടുമ്പോള്‍ പ്രതിക്ക് ഷര്‍ട്ടുണ്ടായിരുന്നില്ല. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്.

അര്‍ധരാത്രി 1.10-നാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജയില്‍ക്കമ്പി മുറിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു. ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമി അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് സെല്ലിന്റെ കമ്പി വളച്ചതെന്ന് കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാനായി ഇയാള്‍ തുണി കൂട്ടിക്കെട്ടി ഫെന്‍സിങ്ങില്‍ കൊളുത്തി അതില്‍ കയറുകയായിരുന്നു. ജയില്‍വളപ്പിലുണ്ടായിരുന്ന വീപ്പകള്‍ ഇതിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഇലക്ട്രിക് ഫെന്‍സിങ് അടക്കമുണ്ടായിട്ട് എങ്ങനെ അത് മറികടക്കാനായി എന്ന ചോദ്യവും ഉയരുന്നു. ഏകദേശം ഏഴര മീറ്റര്‍ ഉയരമുള്ള മതിലാണ് ഒരു കൈ മാത്രമുള്ള പ്രതി ചാടിക്കടന്നത്.

അതീവസുരക്ഷയുള്ള ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത് എന്നതാണ് ഞെട്ടിക്കുന്നത്. സിസിടിവി സുരക്ഷാ സംവിധാനം അടക്കം ജയിലിലുണ്ട്. ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനെത്തുന്ന ദിവസം കൂടിയായ ദിവസമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഡിജിപിയുടെ സന്ദര്‍ശനം പ്രമാണിച്ച് ജയിലിലെ ജീവനക്കാരുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞിരിക്കാമെന്നും ആ അവസരം ഗോവിന്ദച്ചാമി മുതലെടുത്തതാകാമെന്നും കരുതുന്നു. ജയിലിനകത്ത് ഗോവിന്ദച്ചാമിക്കു ലഭിക്കുന്ന പരിഗണന നേരത്തെ ചര്‍ച്ചയായിരുന്നു.

രാവിലെ പരിശോധനക്കായി ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.