കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കുത്തഴിഞ്ഞ സംവിധാനങ്ങളിലേക്ക് വിരല്‍ചൂണ്ടി ഗോവിന്ദച്ചാമിയുടെ മൊഴി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നാണ് ചാമി മൊഴി നല്‍കിയിരിക്കുന്നത്. ഫോണ്‍ വിളിക്കാനും സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. ടി പി വധക്കേസിലെ പ്രതികളെ അടക്കം പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ ലഹരി എത്തുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതേസമയം ജയില്‍ ചാടാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഗോവിന്ദച്ചാണി പോലീസിനോട് വിശദീകരിച്ചു. ഗോവിന്ദച്ചാമി ജയിലില്‍ വെച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എട്ടുമാസം മുമ്പാണ് ജയിലിന്റെ കമ്പി മുറിച്ച് തുടങ്ങിയതെന്ന് ഗോവിന്ദച്ചാമി വ്യക്തമാക്കി. ഒരിക്കലും പുറത്തിറങ്ങില്ല എന്ന് കരുതിയതിനാലാണ് ജയില്‍ ചാടിയതെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.

ജയിലിലെ മറ്റ് അഞ്ച് തടവുകാര്‍ക്ക് കൂടി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം അറിയാമായിരുന്നു. പക്ഷേ ഇന്ന് ജയില്‍ ചാടും എന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഗോവിന്ദച്ചാമി വിശദീകരിച്ചത്. മറ്റ് തടവുകാര്‍ ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിയെ പ്രോത്സാഹിപ്പിച്ചു. ജയില്‍ ചാടിയാല്‍ ശിക്ഷ വെറും ആറുമാസം എന്ന് ആരോ പറഞ്ഞു കൊടുത്തുവെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഹാക്സോ ബ്ലേഡ് അന്തേവാസിയില്‍ നിന്നാണ് ലഭിച്ചതെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. ജയില്‍ മോചിതരാവയവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ജയില്‍ ചാടിയ ബലാല്‍സംഗ കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏഴുമണിയോടാണ് ജയില്‍ മാറ്റിയത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ഇയാളെ മാറ്റുന്നത്.

അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സി.സി.ടി.വികളും പ്രവര്‍ത്തന ക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുന്നു.

കഴിഞ്ഞ ദിവസം ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു.

ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.