- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആളുകള്‍ വരുന്നതു കേട്ട് വെള്ളത്തിലേക്കു മുങ്ങി; ശ്വാസം കിട്ടാതെ പൊങ്ങിവന്നു; നോക്കുമ്പോള്‍ കയറില്‍ പിടിച്ച് കിണറിന്റെ പടവില്‍ നില്‍ക്കുകയായിരുന്നു ഗോവിന്ദച്ചാമി; ഞങ്ങളെ കണ്ട ഉടന്‍ 'മിണ്ടിയാല്‍ കുത്തിക്കൊല്ലുമെന്നു' പറഞ്ഞു; ഞങ്ങള്‍ ബഹളം വച്ചു; പൊലീസ് ഓടിയെത്തി'; തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കിണറ്റില്‍നിന്നും കൊടുംകുറ്റവാളിയെ പിടികൂടിയത് വിവരിച്ച് ജീവനക്കാരന്‍
തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കിണറ്റില്‍നിന്നും കൊടുംകുറ്റവാളിയെ പിടികൂടിയത് വിവരിച്ച് ജീവനക്കാരന്‍
കണ്ണൂര്‍: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കൊടും കുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായതിന് പിന്നില്‍ തളാപ്പിലെ നാട്ടുകാരുടെ ജാഗ്രതയാണ്. തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പരിസരത്തുള്ള കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ സാഹസികമായി പിടികൂടിയത്. കിണറില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയ ആളെ ഇതിനിടെ ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. മിണ്ടിക്കഴിഞ്ഞാല്‍ കുത്തിക്കൊല്ലുമെന്നാണ് കണ്ണൂര്‍ തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജീവനക്കാരന്‍ ഉണ്ണികൃഷ്ണനെ പ്രതി ഭീഷണിപ്പെടുത്തിയത്.
തളാപ്പിലെ കുമാര്‍ ബില്‍ഡിങ്ങിന്റെ കിണറ്റില്‍ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ കണ്ട നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരന്‍ എം. ഉണ്ണികൃഷ്ണനോടാണ് ഗോവിന്ദച്ചാമി കുത്തിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. തളാപ്പ് പരിസരത്ത് ഗോവിന്ദച്ചാമിയുണ്ടെന്നു വിവരം വന്നതോടെയാണ് ഈ കെട്ടിടത്തിന്റെ പരിസരത്ത് പരിശോധന നടത്തിയതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.
''ആദ്യം കിണറിന്റെ പരിസരത്ത് വന്നു നോക്കുന്നതിനിടെ ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വിവരം വന്നു. ഇതോടെ ഇവിടെനിന്നു പോയി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കിട്ടിയില്ലെന്ന വിവരം വന്നതോടെ വീണ്ടും ഇവിടെ വന്ന് കിണറ്റില്‍ നോക്കുകയായിരുന്നു. അപ്പോഴാണ് ഗോവിന്ദച്ചാമി കിണറ്റിലെ വെള്ളത്തില്‍നിന്നു പൊന്തിയത്. ആളുകള്‍ വരുന്നതു കേട്ട് വെള്ളത്തിലേക്കു മുങ്ങിയതായിരിക്കാം. ശ്വാസം കിട്ടാതെ വന്നതോടെ വെള്ളത്തില്‍നിന്നു പൊന്തിയപ്പോഴാണ് ഞങ്ങള്‍ കണ്ടത്. കയറില്‍ പിടിച്ച് കിണറിന്റെ പടവില്‍ നില്‍ക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഞങ്ങളെ കണ്ട ഉടന്‍ ഗോവിന്ദച്ചാമി 'മിണ്ടിയാല്‍ കുത്തിക്കൊല്ലുമെന്നു' പറഞ്ഞു. ഇതോടെ ഞങ്ങള്‍ ബഹളം വച്ചു. അപ്പോഴേക്കും ആളുകളും പൊലീസും ഓടിയെത്തുകയായിരുന്നു. തുടര്‍ന്നു കയറില്‍ പിടിച്ചു വലിച്ചു കയറ്റുകയായിരുന്നു'' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഗോവിന്ദച്ചാമിയെ തിരയാന്‍ പൊലീസിനൊപ്പം നാട്ടുകാരും ഊര്‍ജിതമായി രംഗത്തുണ്ടായിരുന്നു. തളാപ്പ് ഡിസിസി കെട്ടിടത്തിന്റെ എതിര്‍ വശത്തായി കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് ഗോവിന്ദച്ചാമി ഒളിച്ചിരുന്നത്. പഴയ ആശുപത്രി കെട്ടിടം ഉള്‍പ്പെടെ കാടുപിടിച്ചു കിടക്കുന്ന നിരവധി കെട്ടിടങ്ങളുണ്ടിവിടെ. കൂടാതെ തോടും ഉപയോഗശൂന്യമായ കിണറുകളുമുണ്ട്. കുമാര്‍ ബില്‍ഡിങ്ങില്‍ താമസക്കാരും ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറ്റിലാണ് ഗോവിന്ദച്ചാമി ഒളിച്ചിരുന്നത്.
മതില്‍ ചാടിയ ഗോവിന്ദച്ചാമി തളാപ്പ് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഉണ്ണികൃഷ്ണന്‍ ഓഫീസിലും കിണറിലും തിരഞ്ഞിരുന്നു. എന്നാല്‍ ഒന്നും കണ്ടില്ല. തൊട്ടടുത്ത പറമ്പില്‍ പോലീസും നാട്ടുകാരും കാടുവെട്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും ഓഫീസിന്റെ പിറകില്‍ പരിശോധന നടത്തിയപ്പോഴാണ് കിണറില്‍ ഗോവിന്ദച്ചാമിയെ കണ്ടത്. ബഹളം വെച്ചപ്പോള്‍ കൊന്നുകളയുമെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ പ്രതി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് തൊട്ടടുത്തപറമ്പില്‍ തിരച്ചില്‍ നടത്തിയ പോലീസ് എത്തിയാണ് ഗോവിന്ദച്ചാമിയെ പുറത്തെടുത്തത്.
ഒളിച്ചിരുന്ന പറമ്പില്‍ പോലീസ് എത്തിയതറിഞ്ഞ് 11 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിയ പ്രതി മതിലിനോട് ചേര്‍ന്ന കിണറില്‍ ഇറങ്ങുകയായിരുന്നു. മതിലിനോട് ചേര്‍ന്ന തകരഷീറ്റിട്ട ഷെഡിലേക്കും അവിടുന്ന് നിലത്തേക്കും ചാടിയെന്നാണ് നിഗമനം. സമയോജിതമായ ഇടപെടലില്‍ പ്രതിയെ പിടികൂടാനായതിന്റെ അഭിമാനത്തിലാണ് സൈനികനായി വിരമിച്ച ഉണ്ണികൃഷ്ണന്‍.
ജയിലിലെ ഗുരുതര വീഴ്ച
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് സഹായകമായത് ജയില്‍ സുരക്ഷയിലെ ഗുരുതര വീഴ്ച. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച ആദ്യ റിപ്പോര്‍ട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതര്‍ക്ക് അടിമുടിവീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൊടും ക്രിമിനലിന് താടിനീട്ടിവളര്‍ത്താനടക്കം ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തില്‍ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയില്‍ ഷേവ്‌ചെയ്യണം എന്നാണ്ചട്ടം. ഈ ചട്ടം നിലനില്‍ക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളര്‍ത്തിയിട്ടും ജയില്‍ ഉദ്യോഗസ്ഥര്‍ വിലക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും അധികൃതര്‍ ഉത്തരം പറയേണ്ടിവരും.
ഒന്നര മാസത്തെ ആസൂത്രണം
പിടിയിലായതിന് ശേഷം പൊലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ ഒന്നര മാസത്തെ ആസൂത്രണം നടത്തിയാണ് ജയില്‍ ചാടിയതെന്ന് ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിലിന്റെ അഴികള്‍ മുറിക്കാന്‍ ഒന്നര മാസമെടുത്തു. മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണികൊണ്ട് കെട്ടിവെച്ചിരുന്നു. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നടക്കം ഗോവിന്ദച്ചാമി വെളിപ്പെടുത്തി. എന്നാല്‍ ആരാണ് അത് എന്ന കാര്യം ഇതുവരെയും കൊടുംകുറ്റവാളി വെളിപ്പെടുത്തിയിട്ടില്ല. ആയുധം നല്‍കിയ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ജയിലിന്റെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചു. ജയില്‍ ചാടിയതിന് ശേഷം ഗുരുവായൂരില്‍ എത്തി മോഷണം നടത്താനായിരുന്നു പ്ലാനിട്ടത്. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ ഡി സി സി ഓഫീസ് പരിസരത്ത് എത്തിയതെന്നും അങ്ങനെയാണ് പിടിക്കപ്പെട്ടതെന്നും ഗോവിന്ദച്ചാമി വിവരിച്ചു.
ജയിലിനുള്ളില്‍ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിയെ ജയില്‍ ചാടാന്‍ സഹായിച്ചവരെക്കുറിച്ചും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാവിലെ 4:30 ക്ക് ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ആദ്യമതില്‍ ചാടി കടക്കാന്‍ വെള്ളം കൊണ്ടുവരുന്ന കന്നാസുകള്‍ കൂട്ടിവെച്ചു. തുണികള്‍ കൂട്ടിക്കെട്ടി കയറ് രൂപത്തില്‍ ആക്കി വലിയ മതില്‍ കടന്നു. ഫെന്‍സിംഗ് ലൈനിന്റെ തൂണിലാണ് കെട്ടിയതെന്നും വ്യക്തമായിട്ടുണ്ട്. ദേശീയപാതയില്‍ നിന്നും 10 മീറ്റര്‍ ഉള്ളിലുള്ള ഭാഗത്താണ് പുറത്തുചാടിയത്.
റോഡിലേക്ക് ഇറങ്ങി കണ്ണൂര്‍ ഭാഗത്തേക്ക് നടക്കുകയായിരുന്നു. നാലു കിലോമീറ്റര്‍ സഞ്ചരിച്ച് തളാപ്പില്‍ എത്തി. ഇവിടെവച്ച് ഒരു വഴിയാത്രക്കാരന്‍ ഗോവിന്ദച്ചാമിയെ കണ്ടു തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായതെന്നാണ് വിവരം. 'ഗോവിന്ദച്ചാമി' എന്ന് വിളിച്ചപ്പോള്‍ ഓടി. തൊട്ടടുത്ത മതില്‍ ചാടി കടന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. കാടുപിടിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ വട്ടം കൂടിയതോടെ ഗോവിന്ദച്ചാമി കുടുങ്ങുകയായിരുന്നു.
ഇതിനിടെ ദൃക്‌സാക്ഷി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധന തുടങ്ങിയപ്പോള്‍ അവിടെ നിന്ന് മാറി. തൊട്ടടുത്തുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പുറകില്‍ എത്തി. നാട്ടുകാരും പൊലീസും വളഞ്ഞതോടെ കിണറ്റിലേക്ക് ചാടി ഒളിഞ്ഞിരുന്നു.
തിരച്ചിലില്‍ ഇത് കണ്ടെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് കിണറ്റില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു.