- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യം മടിച്ചെങ്കിലും ജയില്‍ചാട്ടത്തിന് 6 മാസം തടവേ ലഭിക്കൂ എന്ന് സഹതടവുകാരന്‍ പറഞ്ഞപ്പോള്‍ സന്ദേഹം മാറി; മൂന്ന് കൂറ്റന്‍ മതിലുകള്‍ ചാടിക്കടന്നത് മനസ്സിനെ പരുവപ്പെടുത്തി; ട്രെയിന്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക കടക്കാനിട്ട പദ്ധതി തെറ്റിയത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിതെറ്റിയതോടെ; പോലീസിനെതിരെ വീഡിയോ പോലും ആലോചിച്ച കണക്കുകൂട്ടല്‍ പിഴച്ചത് കണ്ണൂരിലെ നാട്ടുകാരുടെ ജാഗ്രതയില്‍
ആദ്യം മടിച്ചെങ്കിലും ജയില്‍ചാട്ടത്തിന് 6 മാസം തടവേ ലഭിക്കൂ എന്ന് സഹതടവുകാരന്‍ പറഞ്ഞപ്പോള്‍ സന്ദേഹം മാറി
തിരുവനന്തപുരം: വളരെ ആസൂത്രിതമായ ജയില്‍ചാട്ടമായിരുന്നു ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി നടത്തിയത്. ഇതിന് മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ നടത്തി. പോലീസ് പിടിയിലായ ശേഷം ഗോവിന്ദച്ചാമി നടത്തിയെ വെളിപ്പെടുത്തലുകളുടെ വിശദാശംങ്ങള്‍ പുറത്തുവരുമ്പോള്‍ ആരായും മൂക്കത്ത് വിരല്‍വെക്കും. അത്രയ്ക്ക് സമര്‍ത്ഥമായാണ് ഗോവിന്ദച്ചാമി ജയില്‍ചാട്ടം ആസൂത്രണം ചെയ്തത്. രണ്ട് മനസ്സ് ജയില്‍ചാട്ടത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നതായാണ് ചാമി വെളിപ്പെടുത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ആദ്യ 2 മതിലുകള്‍ ചാടിക്കഴിഞ്ഞ് ഏറ്റവും പുറത്തെ മൂന്നാമത്തെ കൂറ്റന്‍ മതില്‍ കണ്ടപ്പോള്‍ ജയിലിലേക്കു തിരികെ കയറാന്‍ ആലോചിച്ചിരുന്നതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കി. എന്നാല്‍, ജയില്‍ ചാടിയാല്‍ 6 മാസത്തെ തടവുശിക്ഷ മാത്രമേ ലഭിക്കൂ എന്നു സഹതടവുകാരന്‍ മുന്‍പ് പറഞ്ഞത് ഓര്‍ത്തു. ഇതോടെ മനസ്സിനെ വീണ്ടും പരുവപ്പെടുത്തി രണ്ടും കല്‍പിച്ച് പുറത്തേക്കു ചാടുകയായിരുന്നു.
കൃത്യമായ ആസൂത്രമാണ് ഗോവിന്ദച്ചാമി ജയില്‍ചാട്ടത്തിനായി നടത്തിയത്. കയ്യില്‍ കരുതിയിരുന്ന ഒരു അരം ഉപയോഗിച്ച് ഇരുമ്പു തകിടില്‍ സ്വയം നിര്‍മിച്ച പല്ലുകളുള്ള ബ്ലേഡാണ് അഴികള്‍ മുറിക്കാന്‍ ഉപയോഗിച്ചതെന്നാണു ഗോവിന്ദച്ചാമി മൊഴി നല്‍കിയിരിക്കുന്നത്. 3 മാസത്തോളം സമയമെടുത്ത് അഴി മുറിച്ചുതീര്‍ന്ന വ്യാഴാഴ്ച രാത്രി തന്നെ പുറത്തുകടന്നു. മതില്‍ ചാടുമ്പോള്‍ വസ്ത്രങ്ങള്‍ ഇരുമ്പുകമ്പിയില്‍ ചുറ്റി വൈദ്യുതി വേലിയില്‍ പലവട്ടം തൊട്ട് വൈദ്യുതിപ്രവാഹമില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.
റെയില്‍വേ സ്റ്റേഷനിലേക്കു പോയി തമിഴ്‌നാട്ടിലേക്കു കടക്കാനാണു പദ്ധതിയിട്ടിരുന്നത്. ഒരു ഓട്ടോ ഡ്രൈവറോടു റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. അയാള്‍ കാട്ടിയ വഴിയേ അല്‍പം നടന്നപ്പോള്‍ വഴിതെറ്റി. ഓട്ടോറിക്ഷ പിടിക്കാന്‍ കയ്യില്‍ പണം ഇല്ലാതെ പോയതാണ് തിരിച്ചടിയായി മാറിയതും. ഒരു മുക്കാല്‍ മണിക്കൂര്‍ നടന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്താമായിരുന്നെങ്കിലും വഴിതെറ്റിയതു കാരണം സമയം പോയി. പിന്നീട് ഒരു ചായക്കടക്കാരനോടു വഴിചോദിച്ച് റെയില്‍വേ സ്റ്റേഷനിലേക്കു നടക്കുമ്പോള്‍ നേരം വെളുത്തു. ഇടയ്ക്ക് ഒരു ബൈക്ക് യാത്രക്കാരനോടും വഴി ചോദിച്ചു. അയാള്‍ക്കു തോന്നിയ സംശയത്തില്‍നിന്നാണ് ഗോവിന്ദച്ചാമി പിടിയിലാകുന്നത്.
തുണികള്‍ കൂട്ടിക്കെട്ടിയ വടത്തിലൂടെ താഴേക്കിറങ്ങുന്നതിന് രണ്ടും കാലും ഒരു കയ്യും ഉപയോഗിച്ചതിനു പുറമേ വായ കൊണ്ടു വടത്തില്‍ കടിക്കുകയും ചെയ്തു. മുന്‍പ് ഒപ്പമുണ്ടായിരുന്ന തടവുകാരനോട് ജയില്‍ചാട്ടത്തെക്കുറിച്ചു പറഞ്ഞിരുന്നതായി ഗോവിന്ദച്ചാമി പൊലീസിനോടു വെളിപ്പെടുത്തി. എന്നാല്‍, അയാള്‍ക്കു മാനസിക ദൗര്‍ബല്യമുണ്ടായിരുന്നതിനാലാകണം പുറത്തു പറഞ്ഞില്ല. ഇന്നലെ അറസ്റ്റിലാകുമ്പോള്‍ 55 കിലോഗ്രാമായിരുന്നു ഗോവിന്ദച്ചാമിയുടെ ഭാരം. 15 കിലോയിലേറെ ഭാരം കുറച്ചിരുന്നു.
ജയില്‍ചാട്ടം മാത്രമാല്ല, കേരളാ പോലീസിനെ നാണം കെടുത്താന്‍ പോലും ഗോവിന്ദച്ചാമി പദ്ധതിയിട്ടിരുന്നു. തമിഴ്‌നാട്ടിലേക്കു കടന്ന് മോഷണം നടത്തി ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു ഗോവിന്ദച്ചാമി പൊലീസിനോടു പറഞ്ഞു. പരോള്‍ പോലും നല്‍കാത്തതില്‍ കടുത്ത അമര്‍ഷവും ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ പൊലീസിനെ കളിയാക്കി വീഡിയോ ചെയ്യാന്‍ പോലും പദ്ധതിയുണ്ടായിരുന്നു. ഈ പദ്ധതിയെല്ലാം കണ്ണൂരൂകാരുടെ മുന്‍കരുതലില്‍ തട്ടി തകരുകയാണ് ഉണ്ടായത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാ കാലാവധി ഏതാണ്ട് അവസാനിക്കാറായിട്ടും ഗോവിന്ദച്ചാമിക്ക മാനസാന്തരം ഉണ്ടായിട്ടില്ല. 2011 നവംബര്‍ 11-നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. അതീവ സുരക്ഷയുള്ള 10-ാം നമ്പര്‍ ബ്ലോക്കിലെ ഡി സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്. കേരളം നടുങ്ങിയ കൊടും ക്രൂരതയെപ്പറ്റി സഹതടവുകാരും ജയില്‍ ജീവനക്കാരും കുറ്റപ്പെടുത്തുമ്പോഴൊക്കെ അവരോട് കയര്‍ത്തും ക്ഷുഭിതനായും പൊട്ടിത്തെറിക്കുന്ന ഗോവിന്ദച്ചാമിയെ കാണാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
മറ്റു ചിലപ്പോള്‍ ചിരിച്ചുകൊണ്ടായിരിക്കും പ്രതികരണം. തന്റെ മാനസിക നില തകരാറിലാണെന്ന് വിശ്വസിപ്പിക്കാന്‍ വേണ്ടി ഇയാള്‍ പലപ്പോഴും ശ്രമം നടത്തിയിരുന്നു. കുറ്റബോധത്തിന്റെ കണികപോലും ആ മുഖത്ത് കാണാറില്ല. ഒരുപാട് അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹമുണ്ടെന്നും തന്നെ കൊല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഗോവിന്ദച്ചാമി പറയും. ജയില്‍ ജീവനക്കാരോട് നിരന്തരം കലഹിക്കുന്ന സ്വഭാവമാണെങ്കിലും അടുത്തകാലത്തായി ശാന്തനായിരുന്നു. ജയില്‍ ചാടുകയെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു.
ഗോവിന്ദച്ചാമി സുഖസൗകര്യങ്ങള്‍ക്കും നല്ല ഭക്ഷണത്തിനുംവേണ്ടി ജയില്‍ ജീവനക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. തനിക്ക് കൃത്രിമ കൈ വേണമെന്ന് അന്നത്തെ ജയില്‍ ഡിജിപിയോട് നേരിട്ട് ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ദിവസവും ബീഡി നല്‍കണമെന്നതായിരുന്നു മറ്റൊരാവശ്യം. പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരോട് തമിഴ്‌നാട്ടിലെ ജയിലില്‍ ഇതൊക്കെ കിട്ടുമെന്നും ജയില്‍ ചട്ടങ്ങള്‍ തനിക്ക് ബാധകമല്ലെന്നും ഭീഷണിപ്പെടുത്തി.
മറ്റു തടവുകാരെപ്പറ്റി നിരന്തരം പരാതിയുമായി അധികൃതരെ സമീപിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ദിവസവും ബിരിയാണി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഒരുദിവസം നിരാഹാരം കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സെല്ലിനുമുന്നിലെ വരാന്തയില്‍ നിരത്തിവെച്ച പാത്രങ്ങളില്‍ മട്ടന്‍കറി വിളമ്പുന്നത് കണ്ടതോടെ അയഞ്ഞു. മണപ്പിച്ച് പ്രകോപിപ്പിക്കാനായി കറി പാത്രത്തില്‍ നിറയ്ക്കുന്നത് ഇയാളുടെ സെല്ലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. മണമടിച്ചതോടെ ഗോവിന്ദച്ചാമി ലോഹ്യം പറയാനെത്തി. നിരാഹാരം അവസാനിപ്പിച്ചതായി എഴുതിനല്‍കണമെന്ന് ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് മട്ടന്‍കറി കഴിച്ച് സമരമവസാനിപ്പിച്ചു. എല്ലാ ശനിയാഴ്ചയും 210 ഗ്രാം ആട്ടിറച്ചി തടവുകാര്‍ക്ക് നല്‍കാറുണ്ട്. അതേ ഇയാള്‍ക്കും നല്‍കാറുള്ളൂ. രാത്രി പൊറോട്ടയും കോഴിക്കറിയും കഞ്ചാവും വേണമെന്ന് ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടയ്ക്ക് ആത്മഹത്യാശ്രമവുമുണ്ടായി. പ്രഭാതകര്‍മങ്ങള്‍ക്കും മറ്റും പുറത്തിറക്കിയപ്പോള്‍ എല്ലാവരും കാണ്‍കെ മേല്‍ക്കൂരയിലെ കഴുക്കോലില്‍ ഒറ്റക്കൈകൊണ്ട് മുണ്ട് കെട്ടാന്‍ ശ്രമിച്ചപ്പോള്‍ ജയില്‍ജീവനക്കാരും മറ്റു തടവുകാരും ചേര്‍ന്ന് മുണ്ട് പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ധരിക്കാന്‍ ബര്‍മുഡ നല്‍കി.
ഒറ്റയ്ക്ക് പാര്‍ക്കുന്ന സെല്ലില്‍ ആദ്യകാലത്ത് മൂന്ന് പൂച്ചകളായിരുന്നു ഗോവിന്ദച്ചാമിയുടെ കൂട്ട്- അമ്മു, കുട്ടാപ്പി, മുരുകന്‍. 2014-ല്‍ ജയിലില്‍ നിന്ന് പൂച്ചകളെ ഒഴിവാക്കാനുള്ള നടപടിയിലേക്ക് കടന്നപ്പോഴാണ് ഇവയെ ഒഴിപ്പിച്ചത്. ഗോവിന്ദച്ചാമി എതിര്‍ത്തതോടെ ബലപ്രയോഗത്തിലൂടെയാണ് മൂന്നെണ്ണത്തെയും പിടികൂടിയത്. മുരുകനെയെങ്കിലും വിട്ടുതരണമെന്ന അപേക്ഷ പരിഗണിക്കാതെ പൂച്ചവിമുക്ത ജയിലിനായുള്ള നടപടി തുടര്‍ന്നു. ഒറ്റയ്‌ക്കൊരു സെല്ലില്‍ കഴിയുന്നവരില്‍ പലര്‍ക്കും അന്ന് പൂച്ചയെ വളര്‍ത്തുന്ന ശീലമുണ്ടായിരുന്നു.