- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി; അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചു; വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍
ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി പുറത്തു ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ നിന്ന് ഇറങ്ങുന്നതും ജയില്‍ കോമ്പൗണ്ടിലൂടെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറത്തിറങ്ങിയത് താഴ് വശത്തെ കമ്പി അറുത്താണ്. ശേഷം 1.15 ന് ഇഴഞ്ഞ് സെല്ലില്‍ നിന്നിറങ്ങി. ജയില്‍ പരിസരത്ത് കൂടി നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ച തടവറയുടെ ചിത്രവും പുറത്തു വന്നു. പത്താം ബ്ലോക്കിലെ 10-B സെല്ലിന്റെ അഴികള്‍ അറുത്തുമാറ്റിയതായി ദൃശ്യങ്ങളില്‍ വ്യക്തം. ആറ് അഴികളാണ് മുറിച്ചുമാറ്റിയത്. ഇത് കാണാതിരിക്കാന്‍ കെട്ടിവെച്ച നൂലിന്റെ ഭാഗങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വസ്ത്രവും പുതപ്പും ഉപയോഗിച്ച് കിടക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാനുണ്ടാക്കിയ ഡമ്മിയും കാണാം. ഏറെ പഴക്കമുള്ള സെല്ലാണ് ഗോവിന്ദച്ചാമിയ്ക്ക് നല്‍കിയതെന്നും ദൃശ്യം തെളിയിക്കുന്നു
മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചതിവ് ശേഷമാണ് പുറത്തേക്ക് കടക്കുന്നത്.
കറുത്ത വസ്ത്രം ധരിച്ചാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പിന്നീട് വസ്ത്രം മാറുകയായിരുന്നു. ഗോവിന്ദച്ചാമി ജയിലിന് പുറത്തെത്തിയ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുറത്തെത്തിയ ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയില്‍ വെച്ച് മുകളില്‍ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് റോഡിലൂടെ നടക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയത് മുതല്‍ കൈ തലയില്‍ വച്ചാണ് നടത്തം. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാല്‍ ഗോവിന്ദച്ചാമി അപ്പോള്‍ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൂപ്രണ്ട് ഗേറ്റിന് സമീപത്തെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.
സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി, വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി സിസിടിവിയില്‍ വ്യക്തമാണ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് ഒന്‍പത് മണിയോടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ നാട്ടുകാര്‍ സംശയകരമായി കണ്ടെന്ന് വിവരം ലഭിക്കുന്നത്. ഗോവിന്ദച്ചാമീ എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം നാട്ടില്‍ പരന്നിരുന്നു. സംശയം തോന്നി ഗോവിന്ദച്ചാമീ എന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കയറിയതായി സൂചന ലഭിച്ചിരുന്നു. പോലീസ് പിറകെയുണ്ടെന്ന വിവരം ലഭിച്ചതോടെ മതില്‍ ചാടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന് സമീപത്തേക്കെത്തുകയും കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു. അവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. നിലവില്‍ ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ജയിലില്‍ നിന്ന് പുറത്തുചാടാന്‍ പദ്ധതിയിട്ടത് ഗോവിന്ദച്ചാമി തനിച്ചാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ജയിലിനുള്ളിലോ പുറത്തോ സഹായം ലഭിച്ചിട്ടില്ല. എന്നാല്‍ ജയില്‍ ചാടുമെന്ന് മറ്റു ചില തടവുകാര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. അത്യന്തം അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും പുറത്തുവരുന്നത്.
അംഗപരിമിതനായ ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു പോലീസ്. എന്നാല്‍ ഇപ്പോള്‍ പോലീസ് കൃത്യമായി പറയുന്നു, എല്ലാം അയാളുടെ മാത്രം പ്ലാനിങ്ങെന്ന്. സഹായം ലഭിച്ചിരുന്നെങ്കില്‍ പുറത്തുകടക്കാന്‍ മൂന്നു മണിക്കൂര്‍ സമയമെടുക്കില്ലായിരുന്നു. രാത്രി 1.10 മുതല്‍ 4.15 വരെയുള്ള ഗോവിന്ദച്ചാമിയുടെ മുഴുവന്‍ നീക്കങ്ങളും ജയില്‍ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിലെവിടെയും പരസഹായം ലഭിച്ചതിന് തെളിവുകളില്ല. ജയില്‍ ചാടിയ ശേഷം വഴിയറിയാത്തതാണ് ഗോവിന്ദച്ചാമിയ്ക്ക് പിഴയ്ക്കാന്‍ കാരണമെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അതേ സമയം ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. 2017 മുതല്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു.
ജയിലിലെ മറ്റ് അഞ്ച് തടവുകാര്‍ക്ക് കൂടി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം അറിയാമായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ജയില്‍ ചാടും എന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഗോവിന്ദച്ചാമി വിശദീകരിച്ചത്. മറ്റ് തടവുകാര്‍ ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിയെ പ്രോത്സാഹിപ്പിച്ചു. ജയില്‍ ചാടിയാല്‍ ശിക്ഷ വെറും ആറുമാസം എന്ന് ആരോ പറഞ്ഞു കൊടുത്തുവെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഹാക്സോ ബ്ലേഡ് അന്തേവാസിയില്‍ നിന്നാണ് ലഭിച്ചതെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍മോചിതരായവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.