നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ അപകടമുണ്ടാക്കിയത് റോഡ് പണിയ്ക്കായി സ്ഥാപിച്ച ബാരിക്കേഡ് മറിഞ്ഞുവന്ന ലോറി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ലോറി ഓടിച്ചിരുന്നത് ലൈസന്‍സില്ലാത്ത ക്ലീനറാണ്. ഇയാള്‍ മദ്യ ലഹരിയിലുമായിരുന്നു. കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്‌സാണ് വണ്ടി ഓടിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ ജോസും പോലീസ് പിടിയിലായി. ഇയാളും മദ്യപിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ ജോസ് ഉറക്കത്തിലായിരുന്നു. മദ്യ ലഹരിയിലാണ് അലക്‌സ് വണ്ടി ഓടിച്ചത്. അമിത വേഗതയിലുമായിരുന്നു. ഇതാണ് ക്രൂരമായ അപകടത്തിന് കാരണമായത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ക്ലീനറാണ് ലോറി ഓടിച്ചതെന്ന് വ്യക്തമായി. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്ലീനറും ഡ്രൈവറും മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ അഞ്ച് നാടോടികളാണ് തല്‍ക്ഷണം മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. തൃശൂര്‍ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. അപകട ശേഷം ലോറിയുമായി രക്ഷപ്പെടാനും ഡ്രൈവര്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ അവരെ പിന്തുടര്‍ന്ന് പിടികൂടി.

പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. കണ്ണൂരില്‍ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്. 108 ആംബുലന്‍സുകള്‍, തളിക്കുളം ആംബുലന്‍സ്, തളിക്കുളം മെക്‌സിക്കന്‍ ആംബുലന്‍സ് എന്നിവയിലാണ് മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റിയത്.

പരിക്കേറ്റവരില്‍ ഒരാള്‍ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതോടെയാണ് നടുക്കുന്ന ദുരന്തം പുറംലോകമറിഞ്ഞത്. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി, വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് ലോറിയിലുണ്ടായിരുന്ന കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നില്‍ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദ ചോദ്യ ചെയ്യലിലാണ് അലക്‌സാണ് വണ്ടി ഓടിച്ചതെന്ന് മനസ്സിലായത്. ഇയാള്‍ക്ക് ലൈന്‍സില്ലെന്നും തിരിച്ചറിഞ്ഞു.

കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് അപകടത്തിന് കാരണമായത്. കേരളത്തില്‍ ഇതുവരെ ഇതിന് സമാനമായ അപകടമുണ്ടായിട്ടില്ല. മദ്യപിച്ച് ലോറി ഓടിച്ച ക്ലീനര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തേണ്ട സാഹചര്യമാണുള്ളത്. നാടോടികളില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്. ബിഗ് ഷോ എന്നാണ് അപകമുണ്ടാക്കിയ ലോറിയുടെ പേര്. അതില്‍ ഡ്രൈവര്‍ ഉറങ്ങുമ്പോള്‍ ക്ലീനര്‍ നടത്തിയ ബിഗ് ഷോയാണ് ദുരന്തകാരണമെന്ന് പോലീസും സ്ഥിരീകരിക്കുന്നുണ്ട്.

ഗോവിന്ദാപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പതിനൊന്ന് അംഗ സംഘമാണ് കിടന്നുറങ്ങിയത്. ഈ ഭാഗത്ത് കൂടി വണ്ടി പോകുന്നത് തടയാനായിരുന്നു ബാരിക്കേഡ് സ്ഥാപിച്ചത്. അതുകൊണ്ട് തന്നെ ഈ ഭാഗത്തേക്ക് വണ്ടികള്‍ വരില്ലായിരുന്നു. ഈ ഭാഗത്തേക്കാണ് വണ്ടി അതിവേഗം ബാരിക്കേഡ് തകര്‍ത്ത് പാഞ്ഞെത്തിയത്. പാലക്കാട് തമിഴ്‌നാട് ബോര്‍ഡറിലാണ് ഗോവിന്ദാപുരം.