- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വി സി മാർ നേരിട്ട് ഹാജരാവണം; നേരിട്ടെത്താൻ കഴിയാത്തവർ അഭിഭാഷകരെ അയക്കണം; സാങ്കേതിക സർവ്വകലാശാല വി സി വിഷയത്തിൽ കോടതി പരാമർശങ്ങൾ അനുകൂലമായത് ഗവർണർക്ക് പ്ലസ് പോയിന്റാവുന്നു; വി സി മാരെ വിടാതെ പിന്തുടരാൻ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം:രാജിവെച്ചൊഴിയാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വൈസ് ചാൻസലർമാരെ ഹിയറിംഗിന് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒമ്പത് വിസിമാർക്കാണ് ഇത് സംബന്ധിച്ച് ഗവർണർ നോട്ടീസ് നൽകിയിരിക്കുന്നത്.ഡിസംബർ 12നാണ് ഹിയറിംഗിന് വിളിച്ചിരിക്കുന്നത്.രാവിലെ 11 മണിക്ക് വിസിമാർ ഹാജരാകണം.വിസിമാർ നേരിട്ടോ അല്ലെങ്കിൽ അഭിഭാഷകനോ ഹിയറിംഗിന് ഹാജരായാൽ മതിയാവുമെന്നാണ് ഗവർണർ വി സി മാരെ അറിയിച്ചിരിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി നവംബർ ഏഴ് വരെയായിരുന്നു.യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനം നടന്നതെന്നായിരുന്നു നോട്ടീസിന് മറുപടിയായി വിസിമാർ നൽകിയ വിശദീകരണം.പത്ത് വിസിമാരെയും പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നോട്ടീസ് നൽകിയിരുന്നത്.സാങ്കേതിക സർവകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മറ്റ് സർവകലാശാലകളിലെ വിസിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 23ന് ഗവർണർ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകുകയായിരുന്നു.
ഇതോടെ വി സിമാർക്കെതിരായ നീക്കത്തിൽ നിന്നും പിൻതിരിയാതെ മുന്നോട്ട് പോകാനാണ് ഗവർണറുടെ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.സാങ്കേതിക സർവ്വകലാശാലാ താൽക്കാലിക വി സി യായി സിസ തോമസിനെ നിയമിച്ച വിഷയം കോടതി കയറിയപ്പോൾ കോടതിയിൽ നിന്നും ലഭിച്ച അനുകൂല ഘടകങ്ങൾ ഗവർണർക്ക് സർക്കാരിനെതിരെയുള്ള പോരിൽ കരുത്ത് വർദ്ദിപ്പിക്കുകയാണ്.ഈ സാഹചര്യത്തിലാണ് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയിട്ടും വിസിമാരെ ഹിയറിംഗിന് വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
നേരത്തേ സമാനമായ രീതിയിൽ ഗവർണറുടെ മുന്നിൽ ഹിയറിങ്ങിന് വി സി മാർ ഹാജരാവണമെന്ന നില വന്നപ്പോൾ വൈസ് ചാൻസിലർമാർ ആരും തന്നെ അതിന് തയ്യാറായിരുന്നില്ല.പകരം ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയതത്.ചാൻസലറായ ഗവർണർക്ക് മുന്നിലെത്തി വിശദീകരണം നൽകാൻ തയ്യാറല്ല എന്ന് പല വി സിമാരും അറിയിച്ചു.ഇക്കാര്യം കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.ക്രിമിനൽ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നാണ് കണ്ണൂർ വി സി അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം വി സിമാർക്ക് എടുക്കാം എന്നും ഒരാളും ചാൻസലറെ നേരിട്ട് കാണണം എന്ന് കോടതി നിർദ്ദേശിക്കില്ല എന്നുമായിരുന്നു ഹൈക്കോടതി അന്ന് വി സി മാർക്ക് നൽകിയ നിർദ്ദേശം.നിലവിലെ സാഹചര്യത്തിൽ എന്ത് സമീപനമായിരിക്കും ഗവർണർക്ക് മുന്നിൽ ഹാജരാവുന്ന കാര്യത്തിൽ വി സി മാരും സർക്കാരും സ്വീകരിക്കുക എന്നതാവും ശ്രദ്ധേയം.
മറുനാടന്‍ മലയാളി ബ്യൂറോ