തിരുവനന്തപുരം: തസ്തികകൾ വെട്ടിക്കുറച്ചത് കാരണം പി എസ്സ് സി തയ്യാറാക്കിയ എൽ ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ പെട്ട ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിൽ. കാറ്റഗറി നമ്പർ 280-18 പ്രകാരം 2020 നവംബർ 10ന് നിലവിൽ വന്ന് 2023 നവംബർ 10ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റാണ് ഇത്. 8 മാസത്തെ കാലാവധി മാത്രം ബാക്കിയുള്ള ലിസ്റ്റിൽ നിന്നും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. നിയമന ശുപാർശ 100 കടന്നത് രണ്ടേ രണ്ടു ജില്ലകൾക്ക് മാത്രം ആണ്.

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എൽഎസ്ജിഡി എഞ്ചിനീയറിങ്, റൂറൽ ഡെവലപ്‌മെന്റ്, റെവന്യൂ തുടങ്ങി ഭൂരിഭാഗം ഡിപ്പാർട്ട്‌മെന്റുകളിലും കാലാനുസൃതമായി നടത്തേണ്ട പ്രോമോഷൻ നടത്താതെയിരിക്കുന്നത് മൂലം പ്രോമോഷൻ മുഖേന ഉണ്ടാകുന്ന ഒഴിവുകൾ കിട്ടുന്നില്ല.

റാങ്ക് ലിസ്റ്റ് നിലനിൽക്കേ, ജിഎസ്ടി, ജനറൽ ഇൻഷുറൻസ് എന്നീ വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തികകളും, ജോലിഭാരം കൂടുതൽ ആയതുകൊണ്ട് അധിക തസ്തികകൾ ആവശ്യപ്പെട്ടു കാത്തിരിക്കുന്ന മുനിസിപ്പാലിറ്റികളിലെ നിലവിലെ ടൈപ്പിസ്റ്റ് തസ്തികകൾ തന്നെയും അബോളിഷ് ചെയ്തിരിക്കുകയാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിൽ 39 തസ്തികകൾ റാങ്ക് ലിസ്റ്റിന്റെ തുടക്കത്തിൽ തന്നെ സൂപ്പർന്യൂമററിയാക്കി ഉത്തരവിറക്കി. സൂപ്പർന്യൂമററിയായി പ്രഖ്യാപിച്ച എൽ.ഡി. ടൈപ്പിസ്റ്റ് തസ്തിക ഉള്ള കാര്യാലയങ്ങളിൽ ഒഴിച്ച് എം വിഡിയുടെ കീഴിൽ വരുന്ന ബാക്കിയുള്ള കാര്യാലയങ്ങളിലെ ഒഴിവുകൾ പിഎസ്‌സിയിലേക്ക് റിപ്പോർട്ട് ചെയ്യുന്നുമില്ല

അബോളിഷ്‌മെന്റ് നടത്തിയും സൂപ്പർന്യൂമററിയായി പ്രഖ്യാപിച്ചും എൽഡി ടൈപ്പിസ്റ്റ് തസ്തിക ഇല്ലാതെയാക്കുമ്പോൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്.

പത്താംക്ലാസ് യോഗ്യതയുള്ള എൽഡി ക്ലാർക്ക് തസ്തികയിലുള്ളവർ പ്രൊബേഷൻ പൂർത്തിയാക്കണമെങ്കിൽ ഈ കാലയളവിൽ കെ.ജി.റ്റി.ഇയുടെ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് നേടിയിരിക്കണം എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പത്താംക്ലാസ് യോഗ്യതയും അധിക യോഗ്യതയും ആയി ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവർ, കമ്പ്യൂട്ടർ വേർഡ് പ്രോസസിങ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നീ യോഗ്യതകൾ നേടിയിട്ടുള്ളവരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൽ.ഡി ടൈപ്പിസ്റ്റുമാർ.

എൽ.ഡി. ടൈപ്പിസ്റ്റ് തസ്തിക സൂപ്പർ ന്യൂമററിയാക്കിയതും അബോളിഷ്‌മെന്റ് നടത്തിയതുമായ സർക്കാരിന്റെ ഉത്തരവ് ഉത്തരവ് പിൻവലിച്ചു ലഭിക്കേണ്ട ഒഴിവുകൾ പിഎസ്‌സിയിലേക്ക് റിപ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ ഈ അബോളിഷ്‌മെന്റ് മുഖേന നഷ്ടപ്പെട്ട ഒഴിവുകൾ എൽഡി ടൈപ്പിസ്റ്റ് പോസ്റ്റിന്റെ ആവശ്യകതയുള്ള വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ അനുവദിച്ചു കൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നാണ് ആവശ്യം.