- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ജയിക്കാത്തവർക്കും ബിരുദം; പ്രതിജ്ഞ ചൊല്ലിയവരിൽ ഏഴുപേർ രണ്ടാം വർഷ പരീക്ഷ പാസാകാത്തവരെന്ന് ആരോപണം; പട്ടിക നൽകിയത് എസ്എഫ്‌ഐ എന്ന് കോളേജിന്റെ വിചിത്രവാദം; അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: തലസ്ഥാനത്തെ സർക്കാർ ആയുർവേദ കോളേജിൽ ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന് ആരോപണം. കഴിഞ്ഞ ദിവസമായിരുന്നു ബിഎഎംഎസ് ബിരുദ ദാന ചടങ്ങ്. ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അടിയന്തര റിപ്പോർട്ട് തേടിയത്.
ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗൗൺ ധരിച്ച് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേർ പരീക്ഷ പാസായിട്ടില്ലെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കോളേജിൽ നടന്ന ചടങ്ങിൽ ആരോഗ്യ സർവ്വകലാശാല വിസി മോഹൻ കുന്നുമ്മൽ ഉൾപ്പടെ ഉള്ളവർ പങ്കെടുത്തിരുന്നു. പ്രോചാൻസലർ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യാതിഥി ആയിരുന്നെങ്കിലും പങ്കെടുത്തില്ല. എന്നാൽ പരിപാടി നടത്തിയത് തങ്ങൾ അല്ലെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വാദം.
ഹൗസ് സർജൻസി ഉൾപ്പെടെ അഞ്ചര വർഷം ദൈർഘ്യമുള്ളതാണു ബിഎഎംഎസ് കോഴ്‌സ്. ആയുർവേദ കോളജിൽ ഈ മാസം 15നാണ് ഡോക്ടർ ബിരുദ (ബിഎഎംഎസ്) ദാന ചടങ്ങ് സംഘടിപ്പിച്ചത്. ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്നാണ് ആരോപണം. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ചില വിദ്യാർത്ഥികൾ ഇതിനെതിരെ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഇതോടെ, ബിരുദ സമർപ്പണച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകുമെന്നു വിദ്യാർത്ഥികൾ അറിയിച്ചു. എസ്എഫ്‌ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷൻ നൽകിയ പട്ടിക അനുസരിച്ചാണു ചടങ്ങ് സംഘടിപ്പിച്ചതെന്നാണു കോളജിന്റെ വാദം.
മറുനാടന് മലയാളി ബ്യൂറോ