- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ മെയിൻ ഗേറ്റ് വരെഎത്തി; ക്ലിഫ് ഹൗസിന്റെ സുരക്ഷ ശക്തമാക്കാൻ പുതിയ സി സി ടിവികൾ വന്നപ്പോൾ ചെലവ് 12.93 ലക്ഷം
തിരുവനന്തപുരം: നാലു പതിറ്റാണ്ടിലേറെയായി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ്ഹൗസ്. അതി സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് വളപ്പിലെ കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതി പരിസരത്ത് ബിജെപിക്കാർ അതിക്രമിച്ചു കടന്ന് സിൽവർലൈൻ അതിരടയാളക്കല്ലുകൾ സ്ഥാപിച്ചതോടെ ഗുരുതര സുരക്ഷാ വീഴ്ചയുടെ പേരിൽ ക്ലിഫ് ഹൗസ് വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട് മതിലും ഉയർത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ തോക്ക് പൊട്ടിയെന്ന വാർത്തയും പിന്നീട് വന്നിരുന്നു.
ഈ സുരക്ഷാ വീഴ്ചകൾക്ക് പിന്നാലെ ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി സ്ഥാപിച്ചു. ഇതിനായി ചെലവാക്കിയത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖകൾ പറയുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ വർഷം ഒക്ടോബർ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്‌സ് പ്രവൃത്തികളെന്തൊക്കെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.
ക്ലിഫ് ഹൗസ് ഉൾപ്പെടെ ആറ് മന്ത്രിമന്ദിരങ്ങളിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ക്ലിഫ്ഹൗസിൽ സിസിടിവി സ്ഥാപിച്ച് കമ്മിഷൻ ചെയ്ത വകയിൽ 12,93,957 രൂപയാണ് ചെലവായത്. ഇപിഎബിഎക്‌സ് സിസ്റ്റം (ടെലിഫോൺ സംവിധാനം) സ്ഥാപിച്ച വകയിൽ 2.13 ലക്ഷവും ചെലവായി. ലാൻ ആക്‌സസ് പോയിന്റ് സ്ഥാപിച്ചതിന് ചെലവായത് 13,502 രൂപയാണ്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളായ പൗർണമി, പ്രശാന്തി എന്നിവിടങ്ങളിലും പുതുതായി ഇപിഎബിഎക്‌സ് സിസ്റ്റവും ലാൻ ആക്‌സസ് പോയിന്റും സ്ഥാപിച്ചു. കവടിയാർ ഹൗസിലെ ഇപിഎബിഎക്‌സ് സിസ്റ്റത്തിന്റെ തകരാർ പരിഹരിച്ചതിന് 18,850 രൂപയും ചെലവായി.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലെ ഏറ്റവും ശക്തമായ 'പവർഹൗസ് എന്ന വിശേഷണം കൂടിയുണ്ട് ക്ലിഫ്ഹൗസിന്'. 4.2 ഏക്കറുള്ള ക്ലിഫ് ഹൗസ് കോംപൗണ്ടിൽ മുഖ്യമന്ത്രിയുടെ അയൽക്കാരായി മരുമകൻ പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 6 മന്ത്രിമാരുമുണ്ട്. ജെ.ചിഞ്ചുറാണി, എം വിഗോവിന്ദൻ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ തൊട്ടടുത്താണ്. വിളിപ്പാടകലെയാണ് മന്ത്രി പി.പ്രസാദിന്റെ ഔദ്യോഗിക വസതി അനുവദിച്ചിരിക്കുന്നത്. 9 സ്വകാര്യ വ്യക്തികളുടെ വീടുകളുമുണ്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇക്കാരണത്താൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസും പരിസരവും അതി സുരക്ഷാ മേഖലയാണ്.
ഉമ്മൻ ചാണ്ടി 2004ൽ താമസിക്കാത്ത ഔദ്യോഗിക വസതി
2004 ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ സ്വന്തം വസതിയിൽ താമസിച്ച ഉമ്മൻ ചാണ്ടിയാണ് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇവിടെ താമസിക്കാതിരുന്ന മുഖ്യമന്ത്രി. ധനകാര്യമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് 2004 മുതൽ 2006 വരെ ഇവിടെ താമസിച്ചത്. അക്കാലയളവിൽ ഇത് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2011 മുതൽ 2016 വരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബസമേതം താമസിച്ചത് ഇവിടെയാണ്. രാജഭരണകാലത്ത് തിരുവിതാംകൂറിലെ ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്‌കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് 1942 ൽ ഇത് പണിയിച്ചത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്തൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്‌കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുത്ത് ഇത് ഒരു സംസ്ഥാന അതിഥിമന്ദിരമായി മാറ്റി. 1956-ൽ ഇത് മന്ത്രിമന്ദിരമായി.
രണ്ടു നിലകളിൽ പരമ്പരാഗത കേരള വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ സ്വാധീനവും കാണാം. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ ഏഴു ബെഡ് റൂമുകളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഉണ്ട്.വലിയ നാലു വരാന്തകളുള്ളതിൽ കിഴക്കേ വരാന്തയ്ക്കാണ് ഏറ്റവും വലിപ്പം. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുറി. സാധാരണഗതിയിൽ ഇവിടെയാണ് അതിഥികളെ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങൾക്കായി രണ്ടു സ്വകാര്യ മുറികൾ കൂടി ഇവിടെയുണ്ട്. ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോൺഫറൻസ് മുറി, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫീസുകൾ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിങ് റൂമും ഭക്ഷണമുറിയും പടിഞ്ഞാറു മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്. പ്രൈവറ്റ് സെക്രട്ടറിമാർ, അസിസ്റ്റന്റുമാർ, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന വീടിനു വെളിയിലാണ്.
1992 ൽ കരുണാകരന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് നീന്താനായി ക്ലിഫ് ഹൗസ് വളപ്പിൽ ഒരു നീന്തൽക്കുളം നിർമ്മിച്ചു. ഇത് 'നീന്തൽക്കുളം കരുണാകരന്റെ ധൂർത്ത്' എന്ന രാഷ്ട്രീയാരോപണമായി ഉയർന്നു വന്നു. കരുണാകരന്റെ കാലാവധി കഴിഞ്ഞ് 1996 ൽ മുഖ്യമന്ത്രിയായി വന്നത് നായനാരായിരുന്നു. അന്നത്തെ പത്രസമ്മേളനത്തിൽ നീന്തൽക്കുളത്തിന്റെ കാര്യം കടന്നു വന്നു. ' അവിടെ ആർക്കുവേണമെങ്കിലും വന്ന് കുളിക്കാം. കരുണാകരനോടും ഞാൻ പറഞ്ഞിട്ടുണ്ട് വേണേൽ വന്നു കുളിച്ചോളാൻ. ഇനി ആർക്കും വേണ്ടെങ്കിൽ ഞാനെന്റെ പട്ടിയെ കുളിപ്പിക്കും,' നായനാരുടെ തമാശ കലർന്ന ഈ മറുപടി വിവാദമായി. പിന്നീട് ഏറെ നാൾ ഉപയോഗശൂന്യമായി കിടന്നു.
ക്ലിഫ് ഹൗസ് അതീവ സുരക്ഷാ മേഖല
ക്ലിഫ് ഹൗസ് ഇന്ന് അതീവ സരുക്ഷാ മേഖലയാണ്. നന്തൻകോട് ബെയിൻസ് കോംപൗണ്ടു വഴിയും, ദേവസ്വംബോർഡ് ജംഗ്ഷൻ വഴിയും മാത്രമേ ക്ലിഫ് ഹൗസിലേക്കു പ്രവേശിക്കാൻ വഴിയുള്ളൂ. 2 വഴികളിലും സുരക്ഷാ വിഭാഗത്തിന്റെ 2 വീതം പോയിന്റുകളുണ്ട്. ദേവസ്വം ബോർഡ് ജംഗ്ഷൻ വഴിയുള്ള 2 പോയിന്റുകൾ കടന്നാൽ മാത്രമേ ക്ലിഫ് ഹൗസിലെ മെയിൻ ഗേറ്റിനു മുന്നിലെത്തുകയുള്ളൂ. ക്ലിഫ് ഹൗസ് പരിസരത്തു താമസിക്കുന്നവർ കടന്നു പോകുന്ന വഴികളും നിരീക്ഷണത്തിലാണ്. കേരള പൊലീസ് ആക്ടിലെ 83(2) വകുപ്പു പ്രകാരം ഈ പ്രദേശത്തേക്ക് ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. ക്ലിഫ് ഹൗസിന് 4 ഗേറ്റുകളാണുള്ളത്.
പ്രദേശത്ത് പടക്കം പൊട്ടിച്ചാലും, ലൈസൻസുള്ള തോക്കു കൈവശം വച്ച് ഇതുവഴി നടന്നാലും അകത്തു കിടക്കും. പൊലീസിനൊഴികെ തോക്കുകളും മാരകായുധങ്ങളും കൈവശം വയ്ക്കാൻ പാടില്ല. ഒത്തു കൂടൽ, വഴിതടയൽ, പ്രതിഷേധങ്ങൾ എന്നിവയും പാടില്ല. സിറ്റി പൊലീസ് കമ്മിഷണർക്കാണ് സുരക്ഷാ ചുമതലയുടെ മേൽനോട്ടം. കേരള പൊലീസിന്റെ റാപ്പിഡ് റസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സും, ഇന്ത്യാ റിസർവ് ബറ്റാലിയനുമാണ് ക്ലിഫ് ഹൗസ് പരിസരത്തെ സുരക്ഷ ഒരുക്കുന്നത്. നന്തൻകോട് ബെയിൻസ് കോംപൗണ്ട് വഴിയുള്ള വൈഎംആർ ഗേറ്റിലും ഇതേ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 60 പേരാണ് മെയിൻ ഗേറ്റിലും, വൈഎംആർ ഗേറ്റിലുമായി ഡ്യൂട്ടിയിലുള്ളത്. ഇതിനു പുറമേ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടിയിലുണ്ടാകും.
2020 ഒക്ടോബറിൽ എം.ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ ക്ലിഫ് ഹൗസ് മെയിൻ ഗേറ്റ് വരെ സമരക്കാർ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ