തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. നിർമ്മാണം മുടങ്ങിയതിലും, സുരക്ഷാ പ്രശ്‌നത്തിലും അദാനി ഗ്രൂപ്പ് അസ്വസ്ഥരാണ്. സമരം തണുപ്പിക്കാൻ സർക്കാർ നിർണായകമായ ഇടപെടൽ നടത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള നിർദ്ദേശങ്ങൾ മന്ത്രിസഭാ ഉപസമിതി മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്.

മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി മത്സ്യത്തൊഴിലാളി ഭവനപദ്ധതിക്ക് വിട്ടു നൽകും. മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കർ ഭൂമിയാണ് വിട്ടുനൽകുക. തിരുവനന്തപുരം നഗരസഭയുടെ രണ്ടേക്കർ ഭൂമി കൂടി ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനായി നൽകും. പത്ത് ഏക്കറിലാകും പാർപ്പിട സമുച്ചയം നിർമ്മിക്കുക 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാകും ഫ്‌ളാറ്റ് നൽകുക. ആദ്യം 335 കുടുംബങ്ങൾക്ക് ലഭ്യമാക്കും. ക്യാംപുകളിൽ താമസിക്കുന്നവർക്കാകും മുൻഗണന നൽകുക. ഇവരെയെല്ലാം വാടക വീടുകളിലേക്ക് മാറ്റും. വീടുകളുടെ വാടക സർക്കാർ നൽകാനും മന്ത്രിസഭ ഉപസമിതി യോഗത്തിൽ തീരുമാനിച്ചു.

മുട്ടത്തറയിലെ ഭൂമി വിട്ടുനൽകുന്നതിന് പകരമായി മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി നൽകാനും ധാരണയായിട്ടുണ്ട്. ഉപസമിതി യോഗത്തിൽ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എം വി ഗോവിന്ദൻ, കെ രാജൻ, ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു. മന്ത്രിസഭാ ഉപസമിതി നാളെ സമരക്കാരുമായി ചർച്ച നടത്തും. തുടർന്നാകും മുഖ്യമന്ത്രിയും സമരസമിതിയും തമ്മിലുള്ള ചർച്ച തീരുമാനിക്കുക.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സമരം കടുപ്പിച്ചതോടെ, രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ, മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. സമരവും നിലവിലെ സാഹചര്യങ്ങളും മന്ത്രിമാർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പൂന്തുറ ഇടവകയുടെ നേതൃത്വത്തിൽ നടന്ന സമരം ഒരുപോലെ കരയും കടലും വളഞ്ഞുകൊണ്ടായിരുന്നു നടത്തിയത്. കരയിലൂടെയും കടലിലൂടെയും പ്രതിഷേധക്കാരെത്തി. സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി അബ്ദു റഹ്മാനുമായി ലത്തീൻ കത്തോലിക്ക സഭ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല.