- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ല; 103 കോടി നൽകാനാകില്ല'; ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ; വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ വിതരണം മുടങ്ങി; ഓണക്കിറ്റിനൊപ്പം സയനൈഡ് തരൂവെന്ന് മുൻ ജീവനക്കാർ
കൊച്ചി: കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശമ്പളവിതരണത്തിന് ധനസഹായം നൽകണമെന്ന വിധിക്കെതിരെ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ജീവനക്കാർക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നൽകേണ്ട ശമ്പളത്തിനും ഉത്സവ ബോണസിനും വേണ്ട തുക സർക്കാർ അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനു വേണ്ട 103 കോടി രൂപയിൽ കോർപറേഷന്റെ പക്കലുള്ളതിന്റെ ബാക്കി സെപ്റ്റംബർ ഒന്നിനു മുൻപു സർക്കാർ നൽകണം.
സർക്കാരിനു വേണമെങ്കിൽ കെഎസ്ആർടിസിയുടെ ആസ്തികളിൽ നിന്ന് പണം തിരികെ ഈടാക്കാൻ കഴിയുമെന്നും കോടതി നിർദേശിച്ചിരുന്നു. ആർ.ബാജി ഉൾപ്പെടെ ഒരു കൂട്ടം ജീവനക്കാരുടെ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചത്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ നിർദേശിച്ച ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഡിവിഷൻ ബഞ്ചിന് അപ്പീൽ സമർപ്പിച്ചത്. സെപ്റ്റംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്.
മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് സർക്കാർ വാദം. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.
ശമ്പളം നൽകാൻ കൂടുതൽ സമയം വേണമെന്നും മാനേജ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി 103 കോടി രൂപ സെപ്റ്റംബർ 1ന് മുമ്പ് നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചത്. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 50 കോടി രൂപ വീതവും ഉത്സവ ബത്ത നൽകാൻ 3 കോടിയും നൽകാനായിരുന്നു നിർദ്ദേശം.
അതേ സമയം വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. വിതരണം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ, പെൻഷൻ വിതരണം നിലച്ചത് മുൻ ജീവനക്കാരെ പ്രതിസന്ധിയിലാക്കി.
സഹകരണ വകുപ്പുമായുള്ള ചില പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി പെൻഷൻ നൽകിയിരുന്നില്ല. ഈ പെൻഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ പതിവിൽ കൂടുതൽ പേർ പണം വാങ്ങാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പെൻഷൻ വിതരണം നിലച്ചത്. സഹകരണ സ്ഥാപനങ്ങൾ വഴി പെൻഷൻ നൽകുന്നതിലെ സാങ്കേതിക പ്രശ്‌നമാണ് ഇതിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ പ്രശ്‌നം എപ്പോൾ പരിഹരിക്കാൻ ആകുമോ എന്നും എന്താണ് പ്രതിവിധി എന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. 41,000 പേർക്കാണ് പെൻഷൻ നൽകാനുള്ളത്.
പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതോടെ മുൻ ജീവനക്കാരിൽ പലരും വികാരാധീനരായി. പലരും തളർന്നിരുന്നു. ഓണക്കിറ്റിനൊപ്പം സയനൈഡ് കൂടി നൽകുന്നത് മന്ത്രി ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമാകുമെന്നായിരുന്നു ഒരു മുൻ ജീവനക്കാരന്റെ പ്രതികരണം. തരാമെന്ന് പറഞ്ഞ്, പണം തരാതിരിക്കുമ്പോൾ ആൾക്കാർക്ക് മുഖം നൽകാനാകാത്ത അവസ്ഥയാണെന്ന് മറ്റൊരാൾ പ്രതികരിച്ചു. പെൻഷൻ കിട്ടാതെ വീട്ടിലേക്കില്ലെന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് പോകുകയാണെന്നും ചിലർ പ്രതികരിച്ചു.
കെഎസ്ആർടിസിയിൽ 41,000 പെൻഷൻകാരാണുള്ളത്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെൻഷൻ വിതരണം വൈകാൻ കാരണം. പലിശ നിനക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയ്യാറായതോടെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ