- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി പിണറായി സർക്കാരിന്റെ വരുമാനം കൂടി, ചെലവും കുറഞ്ഞു; ശമ്പള-പെൻഷൻ ചെലവുകളിലും കുറവ്; അടിയന്തര ചെലവുകൾക്ക് സഹകരണ ബാങ്കുകളിൽ നിന്ന് കടം എടുക്കുമ്പോഴും ധനവകുപ്പിന് ആശ്വാസമായി കണക്കിലെ കാര്യം
തിരുവനന്തപുരം: കാര്യം ശരിയാണ്, സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽ നിന്ന് കൂടി വായ്പയെടുക്കുന്നു. ഇതൊക്കെ പറയുമ്പോഴും പോസിറ്റീവായ കാര്യം കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന്റെ വരുമാനം കൂടുകയും ചെലവ് കുറയുകയും ചെയ്തുവെന്നതാണ്. ഇത് കണക്കിലെ കളിയാണോ എന്നറിയാൻ എജിയുടെ റിപ്പോർട്ട് വരണം. എന്തായാലും ഇപ്പോഴത്തെ ധനവകുപ്പിന്റെ കണക്കുപ്രകാരം, സംഗതി ശരിയാണ്. നികുതി വരുമാനം 10,000 കോടി കൂടിയപ്പോൾ, ചെലവിൽ ഏകദേശം 20,000 കോടിയുടെ കുറവ് വന്നു.
ജിഎസ്ടി നഷ്ടപരിഹാരത്തിൽ കേരളത്തിനു ലഭിക്കാനുള്ള അവസാന ഗഡുവായ 780 കോടി രൂപ കേന്ദ്രം അനുവദിച്ചത് ഫെബ്രുവരിയിലാണ്. ജിഎസ്ടി നഷ്ട പരിഹാരം ഇനി നീട്ടില്ലെന്ന് ഉറപ്പായതോടെ, 24,000 കോടിയുടെ കുറവ് വലിയ വെല്ലുവിളിയായി സർക്കാർ കണക്കാക്കിയിരുന്നു. എന്തായാലും, പദ്ധതിച്ചെലവിൽ തദ്ദേശസ്ഥാപനങ്ങളിൽ 101 ശതമാനവും സംസ്ഥാന പദ്ധതിയിൽ 81.5 ശതമാനവും ട്രഷറിയിൽനിന്ന് വിതരണം ചെയ്യാൻ കഴിഞ്ഞുവെന്ന കണക്കുകൾ വിശ്വസിച്ചാൽ ധനവകുപ്പിന് ആശ്വസിക്കാം. ജി.എസ്.ടി. ഉൾപ്പെടെയുള്ള തനതുനികുതി വരുമാനം 63,180 കോടിയായി കൂടി. മുൻവർഷത്തെക്കാൾ ഏകദേശം 5000 കോടി കൂടുതലാണിത്. ലോട്ടറിയിൽനിന്നുള്ള വരുമാനം ഉൾപ്പെടുന്ന നികുതിയേതര വരുമാനവും 5000 കോടി വർധിച്ച് 15,020 കോടി രൂപയായി. രണ്ടിനങ്ങളിലുമായി ഏകദേശം പതിനായിരം കോടിയാണ് കൂടിയത്.
എന്നാൽ ശമ്പളം, പെൻഷൻ ചെലവുകളിൽ മുൻവർഷത്തെക്കാൾ കുറവുണ്ടായി. ശമ്പളച്ചെലവ് 44,490 കോടിയിൽനിന്ന് 38,550 കോടിയായി. 5940 കോടിയുടെ കുറവ്. പെൻഷൻ ചെലവ് 26,890 കോടിയിൽനിന്ന് 26,505 കോടിയായും കുറഞ്ഞു. ശമ്പളപരിഷ്‌കരണം കാരണം വർധിച്ച ഒറ്റത്തവണ ആനുകൂല്യങ്ങൾ നൽകേണ്ടിവന്നതും കാരണമാണ് 2021-22 ൽ ശമ്പളം, പെൻഷൻ ചെലവുകൾ കാര്യമായി വർധിച്ചിരുന്നത്.
ഭരണച്ചെലവിൽ വാഹനങ്ങൾ വാങ്ങുന്നതും ഓഫീസുകൾ നവീകരിക്കുന്നതും, പോലുള്ള അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ 6000 കോടി രൂപയുടെയെങ്കിലും ചെലവ് കുറഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനപദ്ധതി വിനിയോഗം മുൻവർഷത്തെക്കാൾ കുറഞ്ഞതും റവന്യൂച്ചെലവ് കുറയാൻ ഇടയാക്കി. 2021-22-ൽ റവന്യൂച്ചെലവ് 1.46 ലക്ഷം കോടിയായിരുന്നത് 22-23-ൽ 1.26 ലക്ഷം കോടിയായാണ് കുറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധി കാരണം പല ദിവസങ്ങളിലും ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആയിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പളം, പെൻഷൻ പരിഷ്‌കരണത്തിന്റെ കുടിശ്ശിക, ഡി.എ., അവധി ആനുകൂല്യം എന്നിങ്ങനെയുള്ള ഇനങ്ങളിലായി ഏകദേശം 20,000 കോടിയുടെ ആനുകൂല്യങ്ങൾ സർക്കാർ നൽകാൻ ബാക്കിയുണ്ട്. ഇതെല്ലാം കൊടുത്തുതീർക്കുകയാണ് ഇനി ധനമന്ത്രിയുടെ മുന്നിലെ വെല്ലുവിളി.
മറുനാടന് മലയാളി ബ്യൂറോ