തിരുവനന്തപുരം: ഗവർണറുമായുള്ള പോരിൽ, ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന് വ്യക്തമാക്കി കൊണ്ട് സാങ്കേതിക സർവകലാശാല വിസി ഡോ സിസി തോമസിന് എതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പുതിയ നിയമനം നൽകിയിട്ടില്ല. പിന്നീട് പുതിയ തസ്തിക അനുവദിക്കുമെന്നാണ് അറിയിപ്പ്.

സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്.രാജശ്രീയെയാണ്. സാങ്കേതിക വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

 വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഇടക്കാല വി സി. പിന്മാറണമെന്ന് സിൻഡിക്കേറ്റ്

അതേസമയം, സാങ്കേതിക സർവ്വകലാശാലയ്‌ക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഇടക്കാല വി സി. പിന്മാറണമെന്ന് സിൻഡിക്കറ്റ് ആവശ്യപ്പെട്ടു.

സിൻഡിക്കേറ്റിന്റെ വാർത്താക്കുറിപ്പ്:

സുപ്രീം കോടതി സാങ്കേതിക ന്യൂനതകൾ ചൂണ്ടിക്കാട്ടി വൈസ് ചാൻസലറെ സ്ഥാനത്ത് നിന്നൊഴിവാക്കിയതിനെ തുടർന്ന് താല്ക്കാലികമായി ചുമതലയേറ്റ സിസ തോമസ് രാജ്ഭവനെ മറയാക്കി നടത്തുന്ന കുപ്രചാരണങ്ങളുടെ ഉപകരണമാകരുത്.കേരളത്തിലെ സർവകലാശാലകളെ ആക്ഷേപിക്കുവാനിറങ്ങിതിരിച്ചിട്ടുള്ള വാർത്താ പ്രചാരക സംഘം നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരവേലയ്ക്ക് ആധികാരികത നൽകുന്നതിന് വൈസ് ചാൻസലർ ഓഫീസിനെ ദുരുപയോഗിക്കുകയാണ്. കാമ്പസ് ഡെവലപ്പ്‌മെന്റ് നടപടികളുടേയും അനുബന്ധ സ്ഥലമേറ്റെടുക്കലിന്റേയുമടക്കമുള്ള പ്രവർത്തനങ്ങൾക്ക് വേഗത വർധിപ്പിക്കാനായി സർവ്വകലാശാലാ സ്റ്റാറ്റിയൂട്ട് മൂന്നാമധ്യായത്തിലെ 93-ാം സ്റ്റാറ്റിയൂട്ട് 51-ാം ഉപ സ്റ്റാറ്റിയൂട്ട് പ്രകാരം സിണ്ടിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിച്ച തീരുമാനവും ബോർഡ് ഓഫ് ഗവർണേഴ്‌സ് അടിയന്തിര പ്രമേയത്തിലൂടെ എടുത്ത തീരുമാനവും താല്ക്കാലിക വി സി.യുടെ അപേക്ഷയിന്മേൽ ചാൻസലർ തടഞ്ഞതായി രാജ്ഭവൻകത്തു വഴി അറിയിച്ചിട്ടുണ്ട്.

സർവ്വകലാശാലാ നിയമത്തിലെ 10 (3) വകുപ്പ് പ്രകാരം ഇടപെടുന്നു എന്നാണ് ചാൻസലർ അറിയിച്ചിട്ടുള്ളത്. എന്നാൽ 10 (3) പ്രകാരം നടപടിയെടുക്കണമെങ്കിൽ തീരുമാനമെടുത്ത സമിതിയുമായി കൂടിയാലോചന നടത്തണമെന്നാണ് നിയമം. അതില്ലാതെയെടുത്ത നടപടിക്ക് നിയമ സാധുതയില്ല. ഈ രണ്ടു തീരുമാനങ്ങൾക്കൊപ്പം വൈസ് ചാൻസലർ എന്ന നിലയിലുള്ള കത്തിടപാടുകൾ ഭരണ സമിതിയെ അറിയിക്കണമെന്ന സ്റ്റാറ്റിയൂട്ടറി വ്യവസ്ഥ ചാൻസലർ റദ്ദ് ചെയ്തു എന്നാണ് പ്രചാരണം. സ്റ്റാറ്റിയൂട്ട് രണ്ടാമധ്യായത്തിലെ 10 ( 3 ) എ. xi പ്രകാരം വൈസ് ചാൻസലറുടെ ചുമതലയും മൂന്നാമധ്യായത്തിലെ 47-ാം ഉപ സ്റ്റാറ്റിയൂട്ട് പ്രകാരം സിണ്ടിക്കേറ്റിന്റെ അധികാരവുമാണത്. ഇത് റദ്ദാക്കാൻ ചാൻസലർക്കധികാരവുമില്ല അത് റദ്ദാക്കിയിട്ടുമില്ല.

സർവകലാശാലയിൽ 'പുനർ മൂല്യനിർണ്ണയത്തിന്റെ ചുമതലയുള്ള അക്കാദമിക്ക് ഡയറക്ടറെ' വി സി. മാറ്റി നിയമിച്ചു എന്നതാണ് മറ്റൊരു വ്യാഖ്യാനം. മൂല്യനിർണയവും പുനർ മൂല്യനിർണയവുമൊക്കെ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയാണ്. അക്കാദമിക് ഡയറക്ടർ എന്ന തസ്തികയിൽ ആരും തന്നെ സർവ്വകലാശാലയിൽ നിലവിൽ ജോലിയിലില്ല എന്നതാണ് വസ്തുത.

സർവകലാശാലാ നിയമത്തിലെ 27 (1) വകുപ്പ് പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്ത ഭരണ സമിതി അംഗങ്ങളെ ഒഴിവാക്കുവാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു എന്നും വാർത്തകൾ നൽകിയിട്ടുണ്ട്. സർക്കാർ നാമനിർദ്ദേശത്തിനായി ഭരണഘടനാപരമായി നിയുക്തനായ കേരള ഗവർണർ പുറപ്പെടുവിച്ച നിയമവ്യവസ്ഥയെ ലംഘിക്കുവാൻ നിയമസഭ നിയോഗിച്ച അധികാര സ്ഥാനമായ ചാൻസലറോട് താല്ക്കാലിക വൈസ് ചാൻസലർ ശുപാർശ ചെയ്തുവെങ്കിൽ അത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. ഇത്തരത്തിൽ ദൈനംദിന സർവകലാശാലാ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതിനായി ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പോലും മറികടന്ന് തുടരുന്ന താല്ക്കാലിക വൈസ് ചാൻസലറെ പുറത്താക്കുവാൻ സർവകലാശാലാ നിയമം 12 (v) പ്രകാരം സർക്കാർ നടപടികൾ സ്വീകരിക്കണം.