തിരുവനന്തപുരം: അതിരൂക്ഷമാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്ന് ബജറ്റ് വന്നതോടെ കൂടുതൽ വ്യക്തമായി. വായ്പ് എടുക്കുന്നതിന് കേന്ദ്രം കടിഞ്ഞാണിട്ടതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് ധനമന്ത്രി തന്നെ പലവട്ടം പറഞ്ഞുകഴിഞ്ഞു. സംസ്ഥാനസർക്കാർ അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കും. മുടങ്ങിയ സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നതിന് ഉൾപ്പെടെയാണിത്.ഇതിനൊപ്പം ശമ്പളവും പെൻഷനും നൽകുന്നത് മുടങ്ങുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇത്.

വായ്പയിൽനിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാപെൻഷനും സർക്കാർ സഹായത്തോടെയുള്ള ക്ഷേമനിധി ബോർഡ് പെൻഷനും നൽകും. 59 ലക്ഷംപേർക്ക് 1600 രൂപാ വീതം നൽകണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെൻഷനും മുടങ്ങിയിട്ടുണ്ട്.

സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നാണ് പണം എടുക്കുന്നത്. പാലക്കാട്ടെ മണ്ണാർക്കാട് റൂറൽ ബാങ്ക് മാനേജരായ ഈ കൺസോർഷ്യത്തിൽ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകൾ അംഗങ്ങളാണ്. മറ്റു വഴികളില്ലാത്തതു കൊണ്ടാണ് ഈ വായ്പ എടുക്കൽ. സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സർക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയിൽ കുറവുചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കൽ നിർത്തിവെച്ചിരുന്നു.

ഫണ്ട് മാനേജരുടെയും സഹകരണ രജിസ്റ്റ്രാറുടെയും പേരിൽ കേരള ബാങ്കിൽ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് സഹകരണ സംഘങ്ങൾ പണം നിക്ഷേപിക്കേണ്ടത്. ഒരു വർഷത്തെ കാലയളവിൽ പണം നിക്ഷേപിക്കുന്ന സംഘങ്ങൾക്ക് എല്ലാ മാസവും നിശ്ചിത തീയതിയിൽ തന്നെ 8.5% പലിശ നൽകുമെന്നാണ് വാഗ്ദാനം. സർവീസ് സഹകരണ ബാങ്കുകൾക്കു പുറമേ എംപ്ലോയീസ് സഹകരണ സംഘങ്ങളെയും കൺസോർഷ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനു ശേഷം പണം തിരികെ കിട്ടുമോ എന്ന ആശങ്കയിൽ ഉയർന്ന പല സംഘങ്ങളും പണം കൊടുക്കാൻ വിിമുഖത കാട്ടുന്നുവെന്ന പ്രശ്‌നവുമുണ്ട്.

സർക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നൽകുമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ സാമ്പത്തികവർഷം മാർച്ചിൽ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടത്. ഇത്തവണ ജനുവരി മുതൽ മാർച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ പൊതു വായ്പ പരിധിയിൽ കുറച്ചതോടെയാണ് ഈ പ്രതിസന്ധിയുണ്ടായത്.

പെട്രോൾ ഡീസൽ സെസ് കൂട്ടിയത് സാമൂഹിക ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിയാണെന്ന് സർക്കാർ പറയുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പെൻഷൻ നൽകേണ്ടതിന്റെ അടിയന്തരാവശ്യം ഉണ്ടായത്. അല്ലാത്ത പക്ഷം സെസ് വിഷയത്തിൽ ജനകീയ പ്രതിഷേധങ്ങൾ ഇരട്ടിയാകാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും. ഇതിന് വേണ്ടിയാണ് എത്രയും വേഗം സാമൂഹിക ക്ഷേമ പെൻഷൻ നൽകാനുള്ള തീരുമാനം.

ഊർജമേഖലയിൽ കെ.എസ്.ഇ.ബി.യുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 4060 കോടി രൂപ സർക്കാരിന് ഈവർഷം അധികമായി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കെ എസ് ഇ ബിയിൽ നിന്നും മതിയായ രേഖകൾ കിട്ടിയില്ല. ഇതുകൊരണം ഈ വായ്പ എടുക്കലും നടന്നില്ല. ഈ സാഹചര്യത്തിലാണ് സഹകരണ മേഖലയെ ആശ്രയിക്കുന്നത്.