സീതത്തോട്(പത്തനംതിട്ട): പെരിയാർ കടുവ സങ്കേതത്തിൽപ്പെടുന്ന ഗവി വനമേഖലയിലെ മുഴുവൻ താമസക്കാരെയും വനംവകുപ്പ് ഒഴിപ്പിച്ചേക്കും.പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ ജനവാസം ഒഴിവാക്കാൻ വനം വകുപ്പ് നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു.കരുതൽ മേഖലാ പ്രശ്നം വിവാദമായിരിക്കുന്നതിനാൽ പെട്ടെന്നൊരു ഒഴിപ്പിക്കൽ ഉണ്ടാകില്ലെങ്കിലും ഇവിടുത്തെ ജനവാസം ഒഴിവാക്കാനാണ് വനം വകുപ്പിന്റെ നീക്കം.

സീതത്തോട് പഞ്ചായത്തിലെ മൂന്നാംവാർഡായ ഗവിയിൽ 200-ഓളം കുടുംബങ്ങളാണുള്ളത്. ഭൂരിഭാഗവും വനം വികസന കോർപ്പറേഷന്റെ ഗവി ഏലത്തോട്ടത്തിലെ തൊഴിലാളികളും ആശ്രിതരുമാണ്.പെരിയാർ വനമേഖലയിൽ ഒറ്റപ്പെട്ടസ്ഥലങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്കുപുറമെ ആകെയുള്ള ജനവാസകേന്ദ്രം ഗവി മാത്രമാണ്. ഏതാണ്ട് 1300-ൽ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ശ്രീലങ്കയിൽനിന്ന് നാലുദശാബ്ദം മുമ്പ് പുനരധിവസിപ്പിക്കപ്പെട്ട തമിഴ് തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇവിടെയുള്ളവരിലധികവും.

ഇവരുടെ പുതിയതലമുറയിൽ ഭൂരിപക്ഷത്തിനും ഇവിടെ തുടരുന്നതിനോടും താത്പര്യമില്ല. ഏലത്തോട്ടതിൽ നിന്ന് വിരമിച്ചവരുൾപ്പടെ നിരവധിയാളുകൾ ഗവിക്ക് പുറത്ത് സ്ഥലം വാങ്ങി വീടുവെക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കുറെ ആളുകൾ തമിഴ്‌നാട്ടിലേക്കും പോയി.
നേരത്തെതന്നെ കടുവ സങ്കേതത്തിൽപ്പെട്ട ഗവിയിൽനിന്ന് ഒഴിഞ്ഞുപോകുന്നത് സംബന്ധിച്ച് തൊഴിലാളികളുടെ അഭിപ്രായം വനംവകുപ്പ് തേടിയിരുന്നു.

ഒഴിഞ്ഞു പോകുന്നവർക്ക് നിശ്ചിതതുക പാരിതോഷികമായി നൽകാമെന്നായിരുന്നു വ്യവസ്ഥ. ഗവിയുടെ നാലുചുറ്റും നിബിഢവനങ്ങളാണ്. ഗൂഡ്രിക്കൽ വനം റെയിഞ്ച് ഉൾപ്പടെ വിസ്തൃതമായ വനമേഖല മുഴുവൻ ജനവാസവും ഒഴിവാക്കുകയാണ് ലക്ഷ്യം.ഗവിയിലെ ജനവാസം വളരെ പെട്ടെന്നുതന്നെ ഒഴിവാക്കാൻ വനംവകുപ്പിന് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം ഇവിടെ സ്വകാര്യ ഭൂമിയോ, നിർമ്മാണങ്ങളോ, സ്ഥാപനങ്ങളോ ഇല്ല. എല്ലാം വനം വകുപ്പിന്റെ ഉടമസ്ഥതയിൽ മാത്രമാണ്. വർഷങ്ങളായി ഗവിയിലെ ഏലംകൃഷി വനം വകുപ്പിന് വൻ നഷ്ടമാണ്.

ഗൂഡ്രിക്കൽ റെയിഞ്ചിന്റെ ഭാഗമായിരുന്ന ആനത്തോടുവരെ അഞ്ചുവർഷം മുമ്പ് പെരിയാർ കടുവസങ്കേതത്തിന്റെ അതിർത്തി നീട്ടിയിരുന്നു. ഗൂഡ്രിക്കൽ റെയിഞ്ചിന്റെ ഭാഗമായിരുന്ന പൊന്നമ്പലമേട് ഉൾപ്പടെയുള്ള വനമേഖലകളെല്ലാം ഇതോടെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായി മാറി .ആനത്തോട് മുതൽ പി.ടി.ആറിന് ഇപ്പോൾ പ്രത്യേക ചെക്ക്പോസ്റ്റുൾപ്പടെയുള്ള സംവിധാനങ്ങളുണ്ട്.അതേസമയം ടൂറിസം പരിപാടികൾ വൻ ലാഭവുമാണ്. ഈ നിലയ്ക്ക് ഏലം കൃഷി ഒഴിവാക്കിയാൽ നിലവിലുള്ള തൊഴിലാളികളെ വേണ്ടാതാകും. വളരെ കുറഞ്ഞ ആളുകളൈവച്ച് ടൂറിസം പദ്ധതികൾ മാത്രം തുടരാനും ജനവാസം ഒഴിവാക്കാനും കഴിയും.