- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ വഴി ഒരു വീട് വയ്ക്കാൻ കൊടുക്കുന്നത് 4 ലക്ഷം മാത്രം; സെക്രട്ടേറിയേറ്റിൽ ഒരു റൂം വൈദ്യുതികരിക്കാൻ ചെലവ് 3.08 ലക്ഷവും; മന്ത്രി ജിആർ അനിലിന്റെ ഓഫിസ് റും മോടി പിടിപ്പിക്കലിൽ നിറയുന്നത് ധൂർത്ത്; എസി വാങ്ങിയും കർട്ടൺ വാങ്ങിയും ഖജനാവ് കാലിയാക്കൽ തുടരുന്നു; പിണറായി സർക്കാരിൽ സാമ്പത്തിക അച്ചടക്കം വെറും വാക്കാകുമ്പോൾ
തിരുവനന്തപുരം:വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനം. അതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷങ്ങൾ മുടക്കി വിദേശ യാത്ര നടത്തുന്നത് വിമർശന വിധേയമായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ലക്ഷങ്ങൾ പൊടിച്ചുള്ള വിദേശ യാത്രയ്ക്കിടെ നാട്ടിലുള്ള മന്ത്രിമാരും ചെലവഴിക്കലിന്റെ കാര്യത്തിൽ ഒട്ടും മോശമാകുന്നില്ലെന്നാണ് വാർത്തകൾ . കടുത്ത സാമ്പത്തിക പ്രതിസന്ധി ക്കിടയിലും മന്ത്രിമാരുടെ ആഡംബരത്തിന് ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഒരു വർഷം കഴിഞ്ഞതോടെ പല മന്ത്രിമാരുടെ ഓഫിസിലും എ.സി. പ്രവർത്തിക്കാതായി. പുതിയ എ.സി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ മുഖ്യമന്ത്രിയെ സമീപിക്കാൻ തുടങ്ങി.
പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് ഓഫിസിലേക്ക് പുതിയ എ.സി വാങ്ങാൻ മുഖ്യമന്ത്രി അനുമതി നൽകി. 2.16 ലക്ഷം രൂപയാണ് മന്ത്രി കെ. രാധാകൃഷ്ണന് ഓഫിസിലേക്ക് പുതിയ എ.സി വാങ്ങാൻ അനുവദിച്ചത്. തന്റെ ഓഫിസ് റൂമിലെ ഇലക്ട്രിക്കൽ വർക്ക് പോര എന്നാണ് ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ പരാതി. മുഖ്യമന്ത്രി ഇടപെട്ട് ഭക്ഷ്യമന്ത്രിയുടെ പരാതി പരിഹരിച്ചപ്പോൾ ഖജനാവിൽ നിന്ന് ചെലവായത് 3.08 ലക്ഷം രൂപയാണ്. ഈ മാസം 6 നാണ് തുക അനുവദിച്ചത്.
ലൈഫ് മിഷൻ വഴി ഒരു വീട് വയ്ക്കാൻ അനുവദിക്കുന്നത് 4 ലക്ഷം രൂപ മാത്രമാണ്. എന്നാൽ സെക്രട്ടേറിയേറ്റിൽ ഒരു റൂം വൈദ്യുതികരിക്കാൻ ചെലവ് 3.08 ലക്ഷം എന്നതാണ് ഞെട്ടിക്കുന്നത്. മന്ത്രി ജി. ആർ. അനിലിന്റെ ഓഫിസ് റും മാത്രം വൈദ്യുതികരിക്കാൻ 3.08 ലക്ഷം രൂപ മുടക്കിയത് ഏത് അർത്ഥത്തിലാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഇതിനൊപ്പമാണ് മറ്റ് മന്ത്രിമാരുടെ ആവശ്യങ്ങളും സർക്കാരിന്റെ പരിഗണനയിലേക്ക് എത്തുന്നത്. ക്ലിഫ് ഹൗസിൽ തൊഴുത്തു നിർമ്മാണത്തിന് പോലും ലക്ഷങ്ങൾ ചെലവഴിക്കുന്നതു കൊണ്ട് മന്ത്രിമാരോട് നോ പറയാനും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.
ഓരോ മന്ത്രിമാരും ഓഫിസ് നവീകരിക്കാൻ ഇറങ്ങിയതോടെ ആർക്ക് ആദ്യം അനുവദിക്കും എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി. വിദേശ യാത്ര പോകാത്ത മന്ത്രിമാർക്ക് മുൻഗണന എന്ന രീതിയിൽ തുക അനുവദിക്കുക എന്ന മാനദണ്ഡമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗികവസതിയായ ' നിള' യിൽ പുതിയ കർട്ടൻ ഇട്ടതിന്റെ ചെലവ് 49,000 രൂപയാണ്. തിരുവനന്തപുരം കരമനയിലെ സി. എഫ്. സി ഫർണിഷിഗിംസ് ആണ് കർട്ടൻ ഇട്ടത്. കർട്ടൻ ഇട്ടതിന് ചെലവായ തുക അനുവദിച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസറാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
സ്വന്തം സുഖ സൗകര്യങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കാൻ മന്ത്രി ആന്റണി രാജുവിനും മടിയില്ല. ഗതാഗത മന്ത്രിയുടെ ഓഫിസിൽ കർട്ടനുകളും വെർട്ടിക്കിൾ ബ്ലൈൻഡ്‌സും സ്ഥാപിക്കാൻ ചെലവായത് 2, 02 , 987 രൂപയാണ്. കരാറുകാരനായ കെ. പ്രദിപിന് തുക അനുവദിച്ച് 30 - 6 - 22 ന് പൊതുഭരണ (ഹൗസ് കീപ്പിങ് സെൽ ) വകുപ്പിൽ നിന്നാണ് ഉത്തരവിറങ്ങിയത്. സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മന്ത്രി ആന്റണി രാജുവിന്റെ ഓഫിസ്.
വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഓഫിസിൽ കർട്ടൻ സ്ഥാപിച്ചതിന് ചെലവായത് 83, 932 രൂപയായിരുന്നു.കർട്ടൻ സ്ഥാപിച്ചതിന് കരാറുകാരനായ കെ. പ്രദിപിന് തുക അനുവദിച്ച് ജൂൺ 27 ന് ഉത്തരവിറങ്ങി. പൊതു ഭരണ ഹൗസ് കീപ്പിങ് സെൽ അഡീഷണൽ സെക്രട്ടറി പി. ഹണിയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. സെക്രട്ടേറിയേറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് വൈദ്യുതി മന്ത്രിയുടെ ഓഫിസ്. മന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പെരിയാർ റസിഡൻസിയാണ്.
ഓഫിസിൽ കർട്ടൻ സ്ഥാപിച്ചതിന് ഇത്രയും തുക ആയെങ്കിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കർട്ടൻ സ്ഥാപിച്ചതിന് എത്ര തുക ചെലവാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. വൈദ്യുത ചാർജ് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. വൈദ്യുതചാർജ് കൂട്ടാനല്ലാതെ വൈദ്യുതി മന്ത്രിയെ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ല എന്ന ആക്ഷേപം ശക്തമാണ്.
മന്ത്രിമാരായ ആന്റണി രാജുവിനും കെ.കൃഷ്ണൻ കുട്ടിക്കും പിന്നാലെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തന്റെ ഓഫിസിൽ പുതിയ കർട്ടൻ സ്ഥാപിച്ചിരുന്നു. കർട്ടൻ സ്ഥാപിച്ചതിന് ചെലവായ 80,170 രൂപ കരാറുകാരനായ കെ. പ്രദിപിന് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. ഓരോ 6 മാസവും മന്ത്രിമാർ പുതിയ കർട്ടൻ മാറുന്നുണ്ടെന്നാണ് ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. മന്ത്രിമാരുടെ കർട്ടൻ പ്രേമം സംസ്ഥാന ഖജനാവിന് അമിതഭാരം ആകുകയാണ് ഈ സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിൽ. സെക്രട്ടേറിയേറ്റ് അനക്‌സ് -2 വിലെ ആറാംനിലയിലാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫിസ്.
മറുനാടന് മലയാളി ബ്യൂറോ