തിരുവനന്തപുരം: ഷാരോണ്‍ രാജിനെതിരായ ബ്ലാക് മെയില്‍ വാദം തള്ളി പോലീസ്. ഒരുമിച്ചുണ്ടായപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഷാരോണ്‍ രാജ്, ഗ്രീഷ്മയെ നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ സംഭവിച്ച കൊലപാതകമായിരുന്നുവെന്നും ഗ്രീഷ്മയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഗ്രീഷ്മ നടത്തിയ കൊലപാതകത്തെ 'ജസ്റ്റിഫയബിള്‍ മര്‍ഡര്‍' ആക്കാനായിരുന്നു ഈ ശ്രമം. ഇതിലൂടെ വീണ്ടും ഷാരോണിനെ കൊല്ലാ കൊല ചെയ്യുകയായിരുന്നു അവര്‍. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഒരിക്കല്‍ പോലും ഇത്തരം ബ്ലാക് മെയില്‍ സ്വഭാവമുള്ള ചിത്രങ്ങള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഷാരോണ്‍ രാജിന്റെ ഫോണും കമ്പ്യൂട്ടറുമെല്ലാം വിശദമായി പോലീസ് പരിശോധിച്ചിരുന്നു. ഗ്രീഷ്മയുടെ വാട്‌സാപ്പ് അടക്കം പരിശോധിച്ചു. ഇതിലൊന്നും ബ്ലാക് മെയില്‍ സ്വഭാവം കണ്ടില്ല. എന്നാല്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ ഗ്രീഷ്മയുടെ ചതി കണ്ടെത്തുകയും ചെയ്തു. തൂക്കു കയറില്‍ നിന്നും രക്ഷപ്പെടാനുള്ള ഗ്രീഷ്മയുടെ അടവാണ് ഷാരോണിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന സംഭവമെന്നും വ്യക്തം. ഈ സാഹചര്യത്തില്‍ ഈ വാദങ്ങള്‍ക്കെതിരെ കുടുംബം നിയമ നടപടികള്‍ എടുക്കുന്നത് ആലോചനയിലുണ്ട്. കോടതിയില്‍ വാദമായി ഉന്നയിച്ച വിഷയങ്ങളില്‍ നിയമ നടപടികള്‍ സാധ്യമാണോ എന്ന് ഗ്രീഷ്മയുടെ കുടുംബം പരിശോധിക്കും.

തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ ഗ്രീഷമയുടെ വാക്കുകള്‍ കേട്ട് അന്ന് ഞെട്ടിയിരുന്നു. എന്തിന് കൊല ചെയ്തുവെന്ന് അന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട്, യാതൊരു കൂസലുമില്ലാതെയാണ് ഗ്രീഷ്മ അതിന് മറുപടി പറഞ്ഞത്. ഷാരോണിനൊപ്പം ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഒഴിവാകാന്‍ പറഞ്ഞിട്ട് ഷാരോണ്‍ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാല്‍ ജീവപര്യന്തം. അതായത് 14 വര്‍ഷം. അപ്പോള്‍ 38 വയസൊക്കെയാകുമ്പോള്‍ ജയിലില്‍ നിന്നിറങ്ങും. ഞാന്‍ അതു കഴിഞ്ഞ് ജീവിച്ചോളാം-ഇതായിരുന്നു ഗ്രീഷ്മയുടെ മറുപടി. മനോരമയാണ് ഗ്രീഷ്മയുടെ പഴയ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. ഇതിനൊത്ത വാദങ്ങളാണ് കഴിഞ്ഞ ദിവസം കോടതിയിലും നടന്നത്. കോടതിയ്ക്ക് കത്ത് കൈമാറിയത് അടക്കം വ്യക്തമായ പദ്ധതിയുടെ ഭാഗമാണ്. അവസാനവട്ട വാദപ്രതിവാദങ്ങളില്‍ ചൂടുപിടിച്ച കോടതിമുറിയില്‍ തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുമായെത്തി ശിക്ഷായിളവ് തേടി ഗ്രീഷ്മ എല്ലാ അര്‍ത്ഥത്തിലും ജീവപര്യന്തം ശിക്ഷ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ കിട്ടാത്ത വണ്ണമുള്ള വാദങ്ങളാണ് പ്രതിഭാഗം ഉയര്‍ത്തുന്നതും. പ്രായം കണക്കിലെടുക്കുമ്പോള്‍ ഗ്രീഷ്മയ്ക്ക് വധ ശിക്ഷ കിട്ടുമെന്ന് ആരും കരുതുന്നില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ കോടതി എടുക്കുന്ന നിലപാടാകും നിര്‍ണ്ണായകം. തിങ്കളാഴ്ചയാണ് ശിക്ഷാവിധി കോടതി പറയുക.

24 വയസ്സുമാത്രമാണ് പ്രായമെന്നും എം.എ.ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിസ്റ്റിങ്ഷന്‍ നേടിയ തനിക്ക് തുടര്‍ന്നു പഠിക്കണമെന്നും ഗ്രീഷ്മ ജഡ്ജിയോട് നേരിട്ട് അഭ്യര്‍ഥിച്ചു. ഷാരോണ്‍ വധക്കേസ് വിചാരണ നടക്കുന്ന നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. വാദങ്ങള്‍ കേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം.ബഷീര്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴാണ് ഗ്രീഷ്മ തന്റെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും ഹാജരാക്കി ഇളവിന് അപേക്ഷിച്ചത്. മാതാപിതാക്കളുടെ ഏക മകളാണ്. തുടര്‍ന്ന് പഠിക്കണം. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. അതിനാല്‍ നിയമം അനുശാസിക്കുന്നതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയേ തനിക്ക് നല്‍കാവൂ എന്നും ഗ്രീഷ്മ അഭ്യര്‍ഥിച്ചു. ഇത്തരമൊരു അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഷാരോണിനെ കുറ്റപ്പെടുത്തുന്ന പ്രതിഭാഗം വാദം കോടതി മുറിയില്‍ കേട്ടത്. എന്നാല്‍ ബ്ലാക് മെയില്‍ സ്വഭാവമുള്ള ചിത്രമോ വീഡിയോയോ ഒന്നും അവര്‍ക്ക് ഹാജരാകാന്‍ കഴിഞ്ഞതുമില്ല. അങ്ങനെ ഒരു വിഷയമുണ്ടെങ്കില്‍ തെളിവ് വേണ്ടേ എന്ന ചോദ്യമാണ് ഷാരോണിനെ സ്‌നേഹിക്കുന്നവര്‍ ഉയര്‍ത്തുന്നത്.

ഒരുമിച്ചുണ്ടായപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഷാരോണ്‍ രാജ്, ഗ്രീഷ്മയെ നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ സംഭവിച്ച കൊലപാതകമായിരുന്നുവെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു. പല ഡിവൈസുകളിലായി ഇത്തരം ചിത്രങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്ന ഷാരോണ്‍ ഗ്രീഷ്മയുടെ ജീവിതത്തെയാകെ ബാധിക്കുംവിധം ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു. ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യാനാണ് ഗ്രീഷ്മ ആദ്യം തീരുമാനിച്ചത്. അതിന് ശ്രമിക്കുകയും ചെയ്തു. സമൂഹവിരുദ്ധ പെരുമാറ്റമുള്ള ഷാരോണ്‍, ഗ്രീഷ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു. സ്വസ്ഥമായ ജീവിതം ആഗ്രഹിച്ച പ്രതി സമൂഹത്തെ മാനിച്ചിരുന്നു. ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത പ്രതിക്ക് മാനസാന്തരത്തിന് അവസരം നല്‍കണം-പ്രതിഭാഗം വാദിച്ചു. ഷാരോണ്‍ കൊല കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ടു. തെളിവു നശിപ്പിച്ച കേസില്‍ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. സുഹൃത്തായ മുര്യങ്കര ജെ.പി.ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൃത്യമായി ആസൂത്രണം ചെയ്ത് ഒരു ചെറുപ്പക്കാരന്റെ ജീവന്‍ ഇല്ലാതാക്കിയ ഗ്രീഷ്മയ്ക്ക് പൈശാചിക സ്വഭാവമാണെന്നും കുറ്റബോധം പോലുമില്ലാത്ത പ്രതിക്ക് വധശിക്ഷതന്നെ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത് കുമാര്‍ വാദിച്ചു. 11 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന് ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴികളിലുണ്ട്. ശരീരമാസകലം രക്തസ്രാവമായിരുന്നു. സമൂഹത്തിന് സന്ദേശം നല്‍കുന്ന വിധിയുണ്ടാകണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.