- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെകുത്താന്റെ ക്രൂതയെന്ന് സമ്മതിച്ച് കോടതിയും; രാമവര്‍മ്മന്‍ചിറയിലെ ക്രൂരതയ്ക്ക് വധശിക്ഷ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി കഷായം ഗ്രീഷ്മ; വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്പുറത്തിട്ട റഫീഖ ബീവിയും ഞെട്ടിത്തരിച്ചു! ഇത് കുറ്റവാളികളുടെ ചരിത്രത്തിലെ പുതു റെക്കോര്‍ഡ്
തിരുവനന്തപുരം: കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണ്‍ രാജിനെ കൊന്ന ഗ്രീഷ്മയ്ക്ക് എന്ത് ശിക്ഷ ലഭിക്കുമെന്നായിരുന്നു കേരളക്കര ഉറ്റുനോക്കിയത്. വധശിക്ഷ മുതല്‍ ജീവപര്യന്തം വരെയുള്ള ശിക്ഷകള്‍ക്ക് സാധ്യതയുണ്ടെന്ന നിയമ ലോകത്തിന്റെ വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള വിധിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍ കോടതിയുടേത്. വധശിക്ഷ ലഭിച്ചതിലൂടെ കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തില്‍ പുതു റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ഗ്രീഷ്മ. കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവില്‍ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്നത്. ആ പട്ടികയിലേയ്ക്ക് ഗ്രീഷ്മ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
വിഴിഞ്ഞം മുല്ലൂരില്‍ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാംപ്രതി റഫീഖ ബീവിയാണ് ഇപ്പോള്‍ വധശിക്ഷ കാത്തു കഴിയുന്ന ഏക സ്ത്രീ. ഒരു വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ മകനും കാമുകനും വധശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജും ആണ് ഷാരോണ്‍ കേസും പരിഗണിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളി എന്ന റെക്കോര്‍ഡും ഇന്ന് ഗ്രീഷ്മയ്ക്ക് സ്വന്തം.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതാണ് കോടതി അംഗീകരിച്ചു. ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു. കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.