തിരുവനന്തപുരം: പ്രണയംനടിച്ച് കാമുകനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുകയാണ്. ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശിക്ഷ നടപ്പായാലും ഇല്ലെങ്കിലും വധശിക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില കണക്കുകള്‍ നോക്കാം. 2024 ലെ ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ 26 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. വധശിക്ഷ കാത്ത് നില്‍ക്കുന്നവരുടെ പട്ടികയിലേക്ക് ഗ്രീഷ്മയും എത്തുന്നു.

രാഷ്ട്രപതിയും പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ 'കണ്ടെംഡ് സെല്‍' എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണവും നല്‍കി സന്ദര്‍ശകരെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അനുവദിക്കും. വില്‍പത്രം എഴുതാനും അവസാനമായി പ്രാര്‍ത്ഥിക്കാനും സൗകര്യം നല്‍കും. പുലര്‍ച്ചെയാണ് ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നത് വ്യക്തിയുടെ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലര്‍ച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തില്‍ കൊണ്ട് നിര്‍ത്തും. കറുത്ത മുഖാവരണം ധരിപ്പിക്കും. കൈകളും കാലുകളും ബന്ധിക്കും. ആരാച്ചാര്‍ കഴുമരത്തിന്റെ ലിവര്‍ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയില്‍ നിന്ന് തെന്നിമാറും. ഏതാനും സെക്കന്റുകള്‍ക്ക് ഉള്ളില്‍ മരണം സംഭവിക്കും.

നിര്‍ഭയ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയതാണ് ഇന്ത്യയിലെ അവസാന കൊലക്കയര്‍ നടപ്പാക്കല്‍. കേരളത്തില്‍ ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് മൂന്ന് പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 ല്‍. റിപ്പര്‍ ചന്ദ്രനാണ് അന്ന് തൂക്കിലേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നു ശിക്ഷ. പല കേസുകളിലായി നിലവില്‍ 22 പേര്‍ വധശിക്ഷ കാത്ത് പല ജയിലുകളില്‍ കഴിയുന്നുണ്ട്. അതില്‍ ഇരുപത്തി മൂന്നാമതായി കഷായം ഗ്രീഷ്മയും എത്തിയിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരങ്ങളും തിരുവനന്തപുരം പൂജപ്പുരയില്‍ ഒരു തൂക്കുമരവുമാണുള്ളത്. വിയ്യൂരും താനാരും തൂക്കിലേറ്റാന്‍ സൗകര്യമില്ല. ഒരു ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റുതടവുകാരെ പോലെതന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം. എന്നാല്‍ പരോള്‍ ലഭിക്കില്ല. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കിയെ വധശിക്ഷ നടപ്പാക്കൂ എന്നത് ക്രൂരമായ തമാശ.

കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇന്ത്യയില്‍ കോടതികള്‍ പ്രതിക്ക് വധശിക്ഷ വിധിക്കുക. അത്യപൂര്‍വ കുറ്റങ്ങളില്‍ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പലതവണ കീഴ്ക്കോടതികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ട് ജയിലുകള്‍ തൂക്കികൊല നടപ്പാക്കാനുള്ള സൗകര്യമുണ്ട്. ഒന്ന് വടക്ക് കണ്ണൂരില്‍ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്. 45 വര്‍ഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശന്‍ എന്ന ദുര്‍മന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയില്‍ നടപ്പിലായ അവസാന വധശിക്ഷ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാകട്ടെ 1991 -ല്‍ സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. കേരളത്തില്‍ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 33 വര്‍ഷം കഴിഞ്ഞു എന്നര്‍ത്ഥം.

റിപ്പര്‍ ചന്ദ്രന് ശേഷവും, കേരളത്തിലെ കോടതികള്‍ പല കേസുകളിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍, ആ ശിക്ഷകള്‍ ഒന്നും നടപ്പായില്ല. പലരുടെയും വധശിക്ഷ അപ്പീല്‍ കോടതികള്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. ലോകമെങ്ങും വധശിക്ഷയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദമുയര്‍ത്തുന്ന കാലമാണിത്. ലോകത്ത് 98 രാജ്യങ്ങള്‍ വധശിക്ഷ പൂര്‍ണ്ണമായി നിര്‍ത്തലാക്കിയിട്ടുണ്ട്. ചൈന, ഇറാന്‍, സൗദി അറേബ്യാ എന്നീ മൂന്നു രാജ്യങ്ങളില്‍ ആണ് ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കപ്പെടുന്നത്. ലോകത്ത് പല രാജ്യങ്ങളിലും പല രീതികളില്‍ ആണ് വധശിക്ഷ നടപ്പാക്കുന്നത്.