- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവിയും മൊബൈല്‍ ഫോണും ഓഫ് ചെയ്താണ് റെയ്ഡും സ്വര്‍ണം തൂക്കം നോക്കലും നടന്നത്; സ്വര്‍ണം ഒരുമിച്ച് തൂക്കുന്നതിന് പകരം പ്രത്യേകം തൂക്കിയതും സംശയകരം; 'അന്‍വര്‍ മോഡല്‍' ആരോപണവുമായി സ്വര്‍ണ്ണ വ്യാപാരികള്‍; കള്ളക്കടത്തുകാരെ വെറുതെ വിടുന്നത് ആര്?
തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലകളിലും ജുവലറികളിലും സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ മാരത്തോണ്‍ റെയ്ഡിനെതിരെ സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. സ്വര്‍ണ കള്ളക്കടത്തുകാരെയും സമാന്തര വിപണിയെയും തൊടാന്‍ തയ്യാറാകാതെ നിയമപ്രകാരം ബിസിനസ് നടത്തുന്നവരെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ മാത്രമാണ് ഇത്തരം റെയ്ഡുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഏതെല്ലാം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് അവരും പറയുന്നില്ല.
റെയ്ഡ് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്നും അസോസിയേഷന്‍ ആരോപിച്ചു. പ്രതിവര്‍ഷം 300 ടണിലധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന സംസ്ഥാനത്ത് 104 കിലോ സ്വര്‍ണം പിടിച്ചെടുത്തത് പര്‍വതീകരിക്കാനാണ് ജി.എസ്.ടി വകുപ്പ് ശ്രമിക്കുന്നത്. പിടിച്ചെടുത്ത സ്വര്‍ണം തൂക്കം നോക്കിയത് സംശയകരമായ രീതിയിലാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ലാത്ത വകുപ്പാണ് ജി എസ് ടിയെന്ന് അവര്‍ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. കരിപ്പൂരിലെ സ്വര്‍ണ്ണ കടത്തില്‍ പോലീസിനെതിരെ പി വി അന്‍വര്‍ ഉയര്‍ത്തിയ വാദങ്ങള്‍ പുതിയ രീതിയില്‍ അവരും ഉന്നയിക്കുന്നു.
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ലാത്ത രീതിയിലാണ് റെയ്ഡ് നടന്നതെന്ന് അസോസേേിയഷന്‍ സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. സി.സി.ടിവിയും മൊബൈല്‍ ഫോണും ഓഫ് ചെയ്താണ് റെയ്ഡും സ്വര്‍ണം തൂക്കം നോക്കലും നടന്നത്. സ്വര്‍ണം ഒരുമിച്ച് തൂക്കുന്നതിന് പകരം പ്രത്യേകം തൂക്കിയതും സംശയകരമാണ്. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരത്തെ കുറിച്ച് ജി.എസ്.ടി വകുപ്പിന് കൃത്യമായ കണക്കില്ലെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു. 2022-23, 2023-2024 വര്‍ഷത്തെ കണക്കുകള്‍ വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ കണക്കില്ലെന്ന മറുപടിയാണ് ജി.എസ്.ടി വകുപ്പില്‍ നിന്ന് ലഭിച്ചത്. ജി.എസ്.ടി വരുമാനം അറിയാതെയാണ് നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് ആരോപിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.
വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ജി.എസ്.ടി വകുപ്പിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടവും സമരവും ആരംഭിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. സ്വര്‍ണവ്യാപാരികളെ മോശക്കാരാനാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്വര്‍ണ കള്ളക്കടത്തുകാരും സമാന്തര കച്ചവടക്കാരും വന്‍ നികുതി വെട്ടിപ്പാണ് നടത്തുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജി.എസ്.ടി വകുപ്പ് തയ്യാറാകുന്നില്ലെന്ന് എസ്.അബ്ദുല്‍ നാസര്‍ കുറ്റപ്പെടുത്തി. ജി എസ് ടിയിലെ ഉദ്യോഗസ്ഥരെ കടന്നാക്രമിക്കുന്നതാണ് സ്വര്‍ണ്ണ വ്യാപാരികളുടെ പരസ്യ നിലപാട്. കരിപ്പൂരില്‍ പോലീസ് സ്വര്‍ണ്ണം പിടിക്കുന്നത് സ്വര്‍ണ്ണം മോഷ്ടിക്കാനാണെന്നാണ് അന്‍വര്‍ ആരോപിച്ചത്. ഇതിന് സമാനമാണ് സ്വര്‍ണ്ണ വ്യാപാരികളുടെ ജി എസ് ടി വകുപ്പിനെതിരായ ആക്ഷേപങ്ങളും.
തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. പരിശോധന തുടരുമെന്ന് സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി എസ് ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു.