ന്യൂഡൽഹി: ബലാത്സംഗ-കൊലപാതകക്കേസുകളിൽ ജയിലിലായ ദേര സച്ചാ സൗധ മേധാവി പരോൾ ആഘോഷത്തിലാണ്. വാളുകൊണ്ട് കേക്ക് മുറിച്ചു കൊണ്ടാണ് നേതാവിന്റെ ആഘോഷം. ബലാത്സംഗ-കൊലപാതകക്കേസുകളിൽ ജയിലിലായ റാം റഹീം 20 വർഷത്തെ ശിക്ഷയാണ് അനുഭവിക്കുന്നത്. ഹരിയാനയിലെ റോഹ്തക്കിലെ സുനൈര ജയിലിൽ നിന്ന് 40 ദിവസത്തെ പരോളിലാണ്. ഉത്തർ പ്രദേശിലെ ഭഗ്പതിലുള്ള ബർനവ ആശ്രമത്തിലാണ് നിലവിൽ ഇയാളുള്ളത്. ഭീമൻ കേക്ക് വാളുകൊണ്ട് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ജനുവരി 25ന് മുൻ ദേരാ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് റാം റഹീം ജാമ്യാപേക്ഷ നൽകിയത്. കേക്ക് മുറിക്കുന്ന വിഡിയോയിൽ, 'ഇത്തരത്തിലൊരാഘോഷത്തിന് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് അവസരം ലഭിച്ചത്. അതിനാൽ അഞ്ച് കേസ്സെങ്കിലും മുറിക്കും. ഇത് ആദ്യത്തേതാണ്' -എന്ന് ഗുർമീത് പറയുന്നത് വിഡിയോയിൽ കേൾക്കാം. ആയുധ നിയമങ്ങൾ പ്രകാരം മാരകായുധങ്ങളുടെ പൊതു പ്രദർശനം നിരോധിച്ചതാണ്.

തിങ്കളാഴ്ച റാം റഹീമിന്റെ കീഴിലുള്ള സന്നദ്ധ പ്രവർത്തകർ ഹരിയാനയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനവും ഇയാൾ നിർവ്വഹിച്ചിരുന്നു. ഈ ചടങ്ങിൽ രാജ്യ സഭാ എംപി കൃഷൻ ലാൽ പൻവാർ, മുൻ മന്ത്രി കൃഷൻ കുമാർ ബേദി എന്നിവരടക്കം ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.

ഓൺലൈനായി പങ്കെടുത്ത ബിജെപി നേതാക്കളും മറ്റുള്ളവരും ജനുവരി 25 ന് വരുന്ന ദേര മുൻ മേധാവി ഷാ സത്നം സിങ്ങിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നു.മുഖ്യമന്ത്രി എം.എൽ ഖട്ടാറിന്റെ ഒ.എസ്.ഡി(Officer on Special Duty) കൂടിയായ ബേദിയും പൻവാറും ശുചിത്വ യജ്ഞത്തെ പ്രശംസിച്ചു.താനും പൻവാറും സിർസ ദേര സന്ദർശിക്കുകയും ഫെബ്രുവരി 3 ന് നർവാനയിൽ സന്ത് രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചടങ്ങിലേക്കുള്ള ക്ഷണം കൈമാറിയതായും മുൻ മന്ത്രി പറഞ്ഞു. 'നിങ്ങളുടെ നല്ല ആരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകും,' പൻവാർ ഗുർമീതിനോട് പറഞ്ഞു.

മൂന്നു മാസങ്ങൾക്കു മുൻപാണ് ഗുർമീതിന് അവസാനം പരോൾ ലഭിച്ചത്. 20 വർഷത്തെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുർമീത് ഹരിയാനയിലെ സുനൈരാ ജയിലിൽ ആണ് ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ഇയാൾക്ക് പരോൾ ലഭിച്ചിരുന്നു. 1948ൽ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുർമീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകൾ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുർമീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കിയിരുന്നു.

ഒടുവിൽ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടർന്ന് 2002ൽ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മറ്റ് നാല് പേർക്കൊപ്പം കഴിഞ്ഞ വർഷവും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വർഷം മുമ്പ് ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 2019ലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ 14 മാസത്തിനിടെ നാലാം തവണയും മൂന്ന് മാസത്തിനിടെ രണ്ടാം തവണയുമാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. 2022 ഒക്ടോബറിൽ ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 40 ദിവസം പരോൾ ലഭിച്ചിരുന്നു.