തിരുവനന്തപുരം: സിപിഎം നേതാവും, യുവജന കമ്മീഷൻ അദ്ധ്യക്ഷയുമായ ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തിൽ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. കേരള സർവകലാശാല വിസിയോടാണ് ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയത്. ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ വച്ചേക്കുമെന്നും വിവരമുണ്ട്. സംഭവത്തിൽ ലഭിച്ച പരാതികൾ കേരള സർവകലാശാല വിസിക്ക് ഗവർണർ കൈമാറും.

ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ്. പിന്നാലെ ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്ന ആക്ഷേപവും വന്നു. ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുൻ പ്രോ വി സി അജയകുമാറിന്റെ ഗൈഡ് ഷിപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഗവർണ്ണർക്കും കേരള വിസിക്കും ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ പരാതി നൽകിയിട്ടുണ്ട്.

ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും പകർത്തിട്ടുള്ളതാണെന്നതിനു വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നു പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. സർവകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അതിനാൽ, ക്രമക്കേടുകൾക്കു വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. ചാൻസലർ എന്ന നിലയിൽ ഗവർണർ ക്രമക്കേടുകൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അസേതമയം, സാന്ദർഭികമായി വന്ന തെറ്റിനെ പർവ്വതീകരിച്ചാണ് തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകിയതെന്നും പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദിയുണ്ടെന്നും ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രബന്ധത്തിൽ ഒരു വരിപോലും മറ്റൊരിടത്തുനിന്നും പകർത്തിയെടുത്തിട്ടില്ല. നിരവധി തവണ റിവ്യൂ നടത്തിയിരുന്നു. എന്നിട്ടും തെറ്റ് വന്നു. അതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപമാണുണ്ടായത്. സ്ത്രീയെന്ന പരിഗണനപോലും ലഭിച്ചില്ല. വിമർശങ്ങൾ തുറന്ന മനസോടെ ആണ് സ്വീകരിക്കുന്നത്.

കഷ്ടപ്പെട്ട് എഴുതിയ പ്രബന്ധം മോഷ്ടിച്ചതാണെന്ന് പറയരുത്. നോട്ടപിശകിൽ ഉണ്ടായ മാനുഷിക പിഴവാണത്. ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം ഇല്ലായ്മ ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടുമെന്നും ചിന്ത ജെറോം പറഞ്ഞു.

നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത ജെറോമിന്റെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി 2021 ൽ ഡോക്ടറേറ്റും നേടിയിരുന്നു. പ്രബന്ധത്തിൽ വന്ന ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കിടയാക്കിയത്.