- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ കോടതിയിലേ വരാത്ത ആൾ; മറ്റൊരാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ആൾ; മാ ശൃംഗർ ഗൗരി ദേവി ഭക്തരായ അഞ്ചുവീട്ടമ്മമാർ ഒന്നിച്ചപ്പോൾ ഗ്യാൻവാപിയിൽ തുറന്നുവിട്ടത് വലിയൊരു വ്യവഹാരത്തെ; അനുകൂല വിധിയോടെ ഹർജിക്കാരായ അഞ്ച് ഹിന്ദു സ്ത്രീകൾ നേടിയത് വൻജയം
വാരാണസി: ഗ്യാൻവാപി മസ്ജിദിൽ അരാധനാവകാശം തേടിയുള്ള ഹർജികൾ നിലനിൽക്കുമെന്ന വാരണസി ജില്ലാ കോടതി വിധി ഹർജിക്കാരായ അഞ്ചുഹിന്ദുസ്ത്രീകളുടെ വലിയ വിജയമായി. ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്ന് കോടതി വിധിച്ചിരിക്കുകയാണ്. ഹർജിയെ എതിർത്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബർ 22ന് ഹിന്ദു സ്ത്രീകളുടെ ഹർജിയിൽ വാദം തുടരുമെന്നും കോടതി വ്യക്തമാക്കി. വർഷം മുഴുവൻ ആരാധന നടത്താൻ അനുവാദം വേണമെന്നാണ് ഹിന്ദു സ്ത്രീകൾ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദ് സമുച്ചയത്തിൽ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു.
നിത്യപൂജയ്ക്ക് അവസരം തേടിയത് അഞ്ച് വീട്ടമ്മമാർ
2021ൽ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക്, രാഖി സിങ് എന്നിവർ പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
വാരണാസി സ്വദേശികളായ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക് എന്നിവരാണ് 2021 ആഗസ്റ്റിൽ വിഷയത്തിൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ഡൽഹി സ്വദേശിയായ രാഖി സിങും ഇവർക്കൊപ്പം ചേർന്നതോടെ ഹർജിക്കാരുടെ എണ്ണം അഞ്ചായി. വീട്ടമ്മമ്മാരെ കൊണ്ട ഹർജി ഫയൽ ചെയ്യിച്ചത് ഹിന്ദുത്വ സംഘടനയായ വിശ്വ വേദിക് സനാതൻ സംഘ് ആണെന്നാണ് റിപ്പോർട്ടുകൾ.
കേസിന്റെ മുഴുവൻ കാര്യങ്ങളും സംഘടനയാണ് നോക്കുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ആരാണ് ഹർജിക്കാരായ വീട്ടമ്മമാർ?
മുഖ്യഹർജിക്കാരി രാഖി സിങ്
ഡൽഹി സ്വദേശിയും 35കാരിയുമായ രാഖി സിങാണ് കേസിലെ മുഖ്യപ്രധാന ഹർജിക്കാരി. വിശ്വ വേദിക് സനാതൻ സംഘിന്റെ സ്ഥാപക അംഗമായ ഇവർ കോടതിയിൽ നടന്ന ഒരു വാദത്തിലും ഹാജരായിട്ടില്ല. ഹിന്ദുത്വ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് രാഖിയെന്ന് സംഘടനയുടെ യു.പി കൺവീനർ സന്തോഷ് സിങ് പറയുന്നു. മാ ശൃംഗർ ഗൗരി ദേവിയുടെ ആരാധികയായ രാഖി ഒന്നിലധികം തവണ വാരണാസി സന്ദർശിച്ചിട്ടുണ്ടെന്നും കേസ് നടത്താൻ എന്തുകൊണ്ടും യോഗ്യയാണെന്നും കൺവീനർ പറയുന്നു.
ലക്ഷ്മി ദേവി
ഹിന്ദുത്വ സംഘടനകളുടെ ഒരു പ്രവർത്തനങ്ങളിലും ഭാഗമാകാതിരുന്ന സാധാരണ വീട്ടമ്മയാണ് 65കാരിയായ ലക്ഷ്മി ദേവിയെന്ന് ഭർത്താവും വി.എച്ച്.പി വാരണാസി മഹാനഗർ വൈസ് പ്രസിഡന്റുമായ സോഹൻ ലാൽ ആര്യ പറയുന്നു. ഭാര്യ വീട്ടിന് പുറത്ത് പോകാറില്ലെന്നും അതിനാലാണ് പകരക്കാരനായി താൻ കോടതിയിൽ ഹാജരാകാറുള്ളതെന്നും സോഹൻ ലാൽ വ്യക്തമാക്കുന്നു. 1985ൽ ഗ്യാൻവാപി വിഷയം ഉയർത്തി സോഹൻ ലാലാണ് വാരണാസി കോടതിയിൽ ആദ്യ ഹർജി സമർപ്പിച്ചത്. വാരണാസിയിലെ മഹമൂർഗഞ്ച് ഏരിയയിലാണ് ദമ്പതികൾ താമസിക്കുന്നത്.
സീത സാഹു
വാരണാസിയിലെ ചേത്ഗഞ്ച് ഏരിയയിൽ താമസിക്കുന്ന 40കാരിയായ സീത സാഹുവിനും വിശ്വ വേദിക് സനാതൻ സംഘവുമായോ മറ്റേതെങ്കിലും ഹിന്ദുത്വ സംഘടനകളുമായോ ബന്ധമില്ല. ഹിന്ദു മതത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ദേവിയെ ക്ഷേത്രത്തിൽ ശരിയായി പ്രാർത്ഥിക്കാൻ അനുവദിക്കാത്തതിനാലാണ് താൻ ഹർജി സമർപ്പിച്ചതെന്നും സീത സാഹു പറയുന്നു.
മഞ്ജു വ്യാസ്
സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുന്ന 49കാരിയായ മഞ്ജു വ്യാസും ഏതെങ്കിലും സംഘടനയുടെ ഭാരവാഹിയോ അംഗമോ അല്ല. ശൃംഗർ ഗൗരി സ്ഥലത്ത് പ്രാർത്ഥിക്കാനാണ് തനിക്കിഷ്ടമെന്നും അതിന് വേണ്ടി പ്രവർത്തിക്കുമെന്നും മഞ്ജു വ്യക്തമാക്കുന്നു.
രേഖാ പഥക്
കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിന്റെ പരിസരത്തെ ഹനുമാൻ പഥകിലുള്ള 35കാരിയായ വീട്ടമ്മയാണ് രേഖാ പഥക്. തന്റെ ദേവിക്ക് വേണ്ടിയാണ് ഹർജിയുടെ ഭാഗമായതെന്നും ക്ഷേത്രത്തിലെ ഒരു സത് സംഗിനിടെയാണ് ഹർജി ഫയൽ ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും രേഖാ പറയുന്നു.
2018ൽ ഹിന്ദുത്വ ആശയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വിശ്വ വേദിക് സനാതൻ സംഘ് എന്ന സംഘടന ഉത്തർപ്രദേശിലെ ഗോണ്ട ജില്ല ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ന്യൂഡൽഹി അടക്കം രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ സംഘടനക്ക് ശാഖകളുണ്ട്.
ഡൽഹിയിലെ കുത്തബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭമെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചതും ഈ സംഘടനയായിരുന്നു. കുത്തബ് മിനാറിന്റെ സമീപത്ത് ഹനുമാൻ ചാലിസ ചൊല്ലിയ ഇതേ സംഘടനയാണ് കൃഷ്ണ ജന്മസ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലിംപള്ളിക്കെതിരെ മഥുര കോടതിയിൽ ഹർജി സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ