പത്തനംതിട്ട: ജില്ലയിലെ കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ ഇന്നു മുതൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവിട്ടു.

ഈ സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 26, 30 (1), (2) അഞ്ച് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.

പന്നിയിറച്ചി വിൽക്കുന്ന കടകൾക്ക് നിരോധനം

രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവിൽ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാർക്കറ്റുകളും മാർച്ച് 13 മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കലും പൂർത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ പാടില്ലാത്തതാണ്. കടകളിൽ നിന്നും പന്നിയിറച്ചി വിൽക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നൽകുന്നതല്ല.

പൊതുജന സഞ്ചാരം, വാഹനഗതാഗത നിയന്ത്രണം

മനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ അവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തേണ്ടതാണ്. കോന്നി തഹസിൽദാർ, സീതത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ പൊലീസിന്റെ സഹായത്തോടെ നിർദേശങ്ങൾ നടപ്പാക്കണം. ആവശ്യമായ പൊലീസ് സേനയെ രോഗബാധിത പ്രദേശത്തും 10 കിലോമീറ്റർ ചുറ്റളവിലുള്ള നിരീക്ഷണ പ്രദേശത്ത് നിയോഗിച്ച് ഉത്തരവുകൾ കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻ പ്ലാൻ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കർശനമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം.

രോഗബാധിത പ്രദേശങ്ങൾ

രോഗബാധിത പ്രദേശങ്ങൾ (ഇൻഫെക്ടഡ് സോൺ) എന്നത് സീതത്തോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒൻപത് ആണ്. ഈ രോഗം സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയിൽ (സർവൈലൻസ് സോൺ) ഉൾപ്പെടുന്ന പഞ്ചായത്തുകൾ: 1. സീതത്തോട്, 2.ചിറ്റാർ, 3.തണ്ണിത്തോട്, 4.റാന്നിപെരുനാട്, 5.വടശേരിക്കര.