ന്യൂഡൽഹി: എച്ച്3എൻ2 കേസുകൾ വർധിക്കുന്ന സാഹചര്യത്തെ ഗൗരവത്തോടെ കണ്ട് കേന്ദ് സർക്കാർ. ആശങ്കയാണ് സാഹചര്യം. അതുകൊണ്ട് തന്നെ സ്വീകരിക്കേണ്ട നടപടികൾക്കായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. പരിശോധനയും നിരീക്ഷണവും വർധിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരുകൾക്ക് മാർഗരേഖ നൽകി. ആരോഗ്യപ്രവർത്തകർക്കു വാക്‌സീൻ നൽകാനും നിർദേശമുണ്ട്. ആറു മാസത്തിനുള്ളിൽ ഗണ്യമായ ജനിതക വ്യതിയാനങ്ങൾക്ക് വിധേയമായ എച്ച്3എൻ2 ഇൻഫ്‌ളുവൻസ വൈറസ് ശ്വാസകോശ അണുബാധ ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് ഉയർത്തുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി.

എച്ച്3എൻ2 പകർച്ചപ്പനിമൂലം രാജ്യത്ത് ഇതുവരെ 2 പേർ മരിച്ചു. ഹരിയാനയിലെ ജിന്ദിൽ ഫെബ്രുവരിയിലും കർണാടകയിലെ ഹാസനിൽ മാർച്ച് ഒന്നിനും. ജനുവരി 2 മുതൽ ഇന്നലെ വരെ 451 കേസുകളാണു സ്ഥിരീകരിച്ചത്. എച്ച്3എൻ2 ഉൾപ്പെടെ സീസണൽ ഇൻഫ്‌ളുവൻസയ്ക്ക് കാരണമാകുന്ന വൈറസ് ബാധ രാജ്യത്തൊട്ടാകെ 3038 പേർക്കു പിടിപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കംബോഡിയയിലും പക്ഷപ്പനി കാരണം മരണം റിപ്പോർട്ട് ചെയ്തിരുന്നു. അതിന ശേഷമാണ് ഇന്ത്യയിൽ മരണമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ അതീവ ഗരുതര സാഹചര്യമാണെന്ന് കേന്ദ്രം തിരിച്ചറിയുന്നു.

രോഗബാധ സംശയിച്ചാൽ പോലും കരുതലുകൾ എടുക്കണം. മാസ്‌ക് ധരിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും മൂക്കും മറയ്ക്കുക. നിർജലീകരണം ഒഴിവാക്കുക. കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക, പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കണം. അടുത്തിടപഴകുന്നത് ഒഴിവാക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ഡോക്ടറെ കാണാതെ മരുന്നു കഴിക്കരുത്. മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് മാർഗ്ഗ നിർദ്ദേശങ്ങൾ.

കേരളത്തിൽ 10 പേർക്ക് രോഗമുണ്ട്. അതും ആശങ്കയാണ്. സംസ്ഥാനത്ത് ഇതിനകം 10 പേരിൽ എച്ച് 3 എൻ 2 ഇൻഫ്‌ളുവൻസ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴയിലും പാലക്കാട്ടുമാണ് കേസുകൾ കണ്ടെത്തിയത്. ആരുടെയും നില ഗുരുതരമല്ല. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗികൾ എന്നിവരാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്. പനി ബാധിതർ ആശുപത്രിയിൽ എത്തുമ്പോൾ ഇൻഫ്‌ളുവൻസ കൂടി പരിശോധിക്കണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

തണുപ്പിൽ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റവും പനി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. ഇൻഫ്‌ളുവൻസ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3എൻ2. ഇത് ശ്വാസകോശ അണുബാധയുണ്ടാക്കുന്നു. ഈ വൈറസ് പക്ഷികളിലും സസ്തനികളിലും രോഗബാധയുണ്ടാക്കും. പക്ഷികളിലും മറ്റ് മൃഗങ്ങളിലും വൈറസിന് പലതവണ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. എച്ച്3എൻ2 ആണ് മനുഷ്യരിൽ ഇൻഫ്‌ളുവൻസക്കിടവരുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പക്ഷിപ്പനി, പന്നിപ്പനി, തുടങ്ങിയ ഇൻഫ്‌ളുവൻസ അണുബാധ മനുഷ്യരിൽ ഗുരുതരമല്ലാത്ത ശ്വസന അണുബാധ (പനിയും ചുമയും) ഉണ്ടാക്കുന്നു. അത് ഗുരുതരമായി ന്യുമോണിയ ആവുകയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമിലേക്കും (ശ്വാസകോശത്തിലെ വായു അറകളിൽ ദ്രാവകം നിറഞ്ഞ് ഓക്‌സിജൻ ലഭിക്കാത്ത അവസ്ഥ) മരണത്തിലേക്കും നയിക്കാം.

വൈറസ് അതിവേഗം പടരുകയും ചെയ്യും. ചുമക്കുമ്പോഴും തുമ്മുമ്പോഴും അടുത്തിടപഴകുമ്പോഴുമാണ് എച്ച്3എൻ2 പകരുന്നത്. വൈറസുള്ള പ്രതലം സ്പർശിച്ച കൈകൾ വൃത്തിയാക്കാതെ മൂക്കും വായയും തൊട്ടാലും രോഗം ബാധിക്കാം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗ പ്രതിരോധശേഷി കുറവുള്ള മറ്റുള്ളവർ എന്നിവർക്ക് രോഗം സങ്കീർണമാകാം.

കർണാടക സ്വദേശി ഹിരേ ഗൗഡയാണ് രാജ്യത്ത് ആദ്യമായി എച്ച്3എൻ2 ഇൻഫ്‌ളുവൻസ വൈറസ് ബാധിച്ചു മരിച്ചത്. കർണാടകയിലെ ഹസൻ ജില്ലയിൽ ഫെബ്രുവരി 24നാണ് 82 വയസായ ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം വർധിച്ചതിനെത്തുടർന്ന് മാർച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാർച്ച് ആറിനാണ് ഗൗഡയ്ക്ക് എച്ച്3 എൻ2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചത്.

ഹരിയാനയിൽ ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്പത്താറുകാരനാണ് എച്ച്3എൻ2 ഇൻഫ്‌ളുവൻസ വൈറസ് ബാധയെത്തുടർന്നു മരിച്ചത്. ബുധനാഴ്ചയായിരുന്നു മരണം.