- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളില്‍ പോവാത്ത 13കാരന്‍ ഗ്രാവിറ്റേഷന്‍ ഫിസിക്സിലെ പ്രബന്ധത്തിന് 10 ലക്ഷം രൂപ ഗ്രാന്റെന്ന് പ്രചാരണം; ഫിസിക്സ് ഒളിമ്പ്യാഡ് പരിശീലനത്തിനുള്ള സഹായമെന്ന് പിന്നീട് തിരുത്ത്; ഐന്‍സ്റ്റൈനെ തിരുത്തിയ അദ്ഭുത ബാലന് എന്ന് വിശേഷിപ്പിക്കപ്പെട്ട ഹേബല്‍ അന്‍വര്‍ വിവാദത്തില്‍
ഹേബല്‍ അന്‍വര്‍ വിവാദത്തില്‍
കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇസ്ലാമിസ്റ്റുകളുടെ ഗ്രൂപ്പില്‍ കാര്യമായ പ്രചരിപ്പിക്കപ്പെട്ട ഒരു അത്ഭുത ബാലനായിരുന്നു, ഹേബല്‍ അന്‍വര്‍ എന്ന കോഴിക്കോട് വാവാട് സ്വദേശിയായ 13 കാരന്‍. നാലാം ക്ലാസ്വരെ മാത്രം സ്‌കൂളില്‍ പോവുകയും, പിന്നീട് വീട്ടിലിരുന്നു പഠിക്കുകയും ചെയ്ത ഈ 9-ാം ക്ലാസുകാരന്, ഗ്രാവിറ്റേഷന്‍ ഫിസിക്സിലെ പ്രബന്ധത്തിന്, അമേരിക്കയിലെ ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 10 ലക്ഷം രൂപ ഗ്രാന്റായി ലഭിച്ചുവെന്നായിരുന്നു പ്രചാരണം. മീഡിയാവണ്‍ ടിവിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇതോടെ ഹേബല്‍ അന്‍വറിനെ തേടി യു ട്യൂബര്‍മാരുടെയും ഓണ്‍ലൈന്‍ മീഡിയയുടെ വലിയ പടയെത്തി. ഒറ്റ ദിവസംകൊണ്ട് ഈ പയ്യന്‍ കേരളത്തിന്റെ ഐന്‍സ്റ്റീനും ന്യൂട്ടനുമൊക്കെയായി.
വൈറ്റ്ഹോളുകള്‍ എന്ന പ്രതിഭാസത്തെ വിശദീകരിച്ചുകൊണ്ട് താന്‍ എഴുതിയ പ്രബന്ധത്തിനാണ് ഗ്രാന്റ് ലഭിച്ചതെന്നാണ് കുട്ടി ഒരു അഭിമുഖത്തില്‍ പറയുന്നത്. അതിനുശേഷം അവന് നിരവധി സ്‌കൂളുകളിലേക്ക് ക്ഷണം കിട്ടി. അവിടെയെല്ലാം ഫിസിക്സിന്റെ ചില തത്വങ്ങള്‍ പറഞ്ഞുകൊണ്ട് കുട്ടി സദസ്സിനെ കൈയിലെടുത്തു. പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നില്ല. വിസ്ഡം ഗ്രൂപ്പിനെപ്പോലുള്ള മുജാഹിദ് സംഘടനകള്‍ ഈ പയ്യനെ ഏറ്റെടുത്തത്, ദൈവത്തിന്റെ അസ്തിത്വം വിശീദകരിക്കുകയും തങ്ങളുടെ ആശയത്തെ കടത്തിവിടാനുള്ള ഉപാധിയുമാക്കി. അബുദുല്ല ബാസിലിനെപ്പോലെയുള്ള, മതത്തില്‍ ശാസ്ത്രം കലര്‍ത്തി പ്രചാരണം നടത്തുന്ന സംഘം, കുട്ടിയെ അഭിമുഖവുമായി ആഘോഷിച്ചപ്പോഴേ ഒരു ഭാഗത്ത് സംശയം തുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ കൂടുതല്‍ ആര്യങ്ങള്‍ വെളിപ്പെട്ടത്.
അത് പ്രബന്ധത്തിനല്ല
ഹേബല്‍ അന്‍വറിന് ഗ്രാന്റ് നല്‍കിയെന്ന് പറയുന്നത് ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റി ആണെന്നും, അവന്‍ അവിടെ റിസര്‍ച്ച് സ്‌കോളര്‍ ആണെന്നുമുള്ള അവകാശവാദം കുട്ടിയുടെ യൂട്യൂബ് ചാനല്‍ വിവരങ്ങളില്‍നിന്ന് പിന്നീട് നീക്കം ചെയ്യുകയുണ്ടായി. സ്‌കോളര്‍ഷിപ്പ് ലഭിച്ചത് ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണോ എന്നുള്ളത് സ്ഥിരീകരിച്ചിട്ടില്ല. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വിവരങ്ങളില്‍ ഇത് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനങ്ങളില്ല.
ഹേബല്‍ അന്‍വറിന് ലഭിച്ച സാമ്പത്തിക സഹായം അദ്ദേഹത്തിന്റെ ഫിസിക്സ് ഒളിമ്പ്യാഡ് പരിശീലനത്തിനും, പഠന സാമഗ്രികള്‍ വാങ്ങുന്നതിനും, തുടര്‍ പഠനത്തിനുള്ള സഹായത്തിനുമായി നല്‍കിയതാണ് എന്ന് ചില വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വൈറ്റ് ഹോള്‍സ് എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചതിനാണ് ഗ്രാന്റ് കിട്ടിയതെന്നുള്ള അവകാശവാദത്തെ ഈ ഗ്രാന്റ് നല്‍കിയ സ്ഥാപനം അംഗീകരിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2025 ല്‍ ഇന്ത്യയില്‍ നിന്ന് ആകെ 119 വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. അവര്‍ എത്ര തുക അനുവദിച്ചുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നേരത്തെ ഗ്രാന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ആരെയും ഐന്‍സ്റ്റീനും ന്യൂട്ടനുമായി ആദരിക്കപ്പെട്ടിട്ടുമില്ല. അതിനിടെ കുട്ടി അഭിമുഖങ്ങളില്‍ പറയുന്ന പല കാര്യങ്ങളിലെ വസ്തുതാവിരുദ്ധതയും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെട്ടു. മാത്തമാറ്റിക്സിന്റെ ബേസ് ഇല്ലാതാതെ സങ്കീര്‍ണ്ണമായ ഫിസിക്സ് സമവാക്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്നും പലരും അഭിപ്രായപ്പെട്ടു.
എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ വൈശാഖന്‍ തമ്പിയുടെ പോസ്റ്റാണ് ഈ അത്ഭുത ബാലനെ സമ്പൂര്‍ണ്ണമായി ഡീ ബങ്ക് ചെയ്തത്. - 'ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയിലെ മെര്‍ക്കാറ്റസ് സെന്റര്‍ ആണ് പയ്യന് ഗ്രാന്റ് നല്‍കിയിരിക്കുന്നതായി പറയപ്പെടുന്നത്. അവിടത്തെ ഒരു ഡോ. ശ്രുതി രാജഗോപാലാണ് അതിന് മേല്‍നോട്ടം കൊടുത്തിരിക്കുന്നത്. മെര്‍ക്കാറ്റസ് സെന്ററിന്റെ സൈറ്റില്‍ ഈ കുട്ടിയുടേയോ ഈ ഗ്രാന്റിന്റേയോ കാര്യങ്ങള്‍ കാണാനില്ല. മാത്രമല്ല അവരെക്കുറിച്ച് അവര്‍ പറയുന്നത് മാര്‍ക്കറ്റിനെ അധികരിച്ചുള്ള പോളിസി റിസര്‍ച്ചാണ് അവരുടെ ഫോക്കസ് എന്നാണ് അതായത് സോഷ്യല്‍ സയന്‍സാണ് അവരുടെ ഏരിയ. ഡോ. ശ്രുതി രാജഗോപാല്‍ ഒരു സാമ്പത്തികശാസ്ത്രജ്ഞയാണ്.
കുട്ടിയ്ക്ക് ഗ്രാന്റ് കിട്ടിയിരിക്കുന്നത് പക്ഷേ ഗ്രാവിറ്റേഷണല്‍ തിയറി എന്ന തിയററ്റിക്കല്‍ ഫിസിക്സിലെ വിഷയത്തിനാണ്! ഒരു വാര്‍ത്തയില്‍ നിന്ന് എമെര്‍ജന്റ് വെന്റ്വര്‍ ഗ്രാന്റ് എന്നൊരു വാക്ക് കിട്ടിയതുവച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അങ്ങനൊരു സംഗതിയുണ്ട്. വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധ്യതയുള്ള, അതേസമയം വലിയ റിസ്‌ക്കുള്ള തീര്‍ത്തും പുതിയ ആശയങ്ങള്‍ക്കാണ് അത് നല്‍കപ്പെടുന്നത്. സമൂഹത്തില്‍ കൂടുതല്‍ അഭിവൃദ്ധിയും, അവസരങ്ങളും സുഖസൗകര്യങ്ങളും ഒരുക്കാന്‍ സഹായകമായ ആശയങ്ങള്‍ക്ക് തുടക്കമിടാന്‍ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 13 വയസ്സ് കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടാവുക. മുന്‍പ് ഈ ഗ്രാന്റ് കിട്ടിയിട്ടുള്ള, അതിന്റെ ഇന്‍ഡ്യന്‍ ഘടകത്തിന് മേല്‍നോട്ടം കൊടുക്കുന്ന ആളാണ് ശ്രുതി രാജഗോപാലന്‍. ഈ ഗ്രാന്റ് തുക നിയതമായ ഒന്നല്ല, അത് ഓരോ ആശയത്തിനും അനുസരിച്ച് മാറാം.
മുന്‍പ് ഈ ഗ്രാന്റ് കിട്ടിയവരുടെ ഒരു ലിസ്റ്റ് അവര്‍ നല്‍കിയിട്ടുണ്ട്. (അതില്‍ പെട്ടെന്ന് ശ്രദ്ധിക്കുന്ന രസകരമായ ഒരു കാര്യം, ലിസ്റ്റിലെആദ്യ പേര് അനോണിമാസ എന്നതാണ്! വളരെ ലൂസായി വിവരണങ്ങള്‍ നല്‍കിയിരിക്കുന്ന, തീരെ ഔപചാരികസ്വഭാവം പുലര്‍ത്താത്ത ഒന്നാണ് ഇവി ഗ്രാന്റിന്റെ സൈറ്റ്. അതൊക്കെ അവഗണിച്ചാലും, ആ ലിസ്റ്റില്‍ നമ്മുടെ പയ്യന്റെ പേരില്ല. ആ ലിസ്റ്റ് 2021-ല്‍ അവസാനിക്കുകയാണ്. അതിന് ശേഷം അത് അപ്ഡേറ്റായിട്ടില്ല!
ഇപ്പറയപ്പെടുന്നയത്രയും വലിയ തുക ഗ്രാന്റായി കൊടുക്കുന്ന ഒരു സ്‌കീം നാല് വര്‍ഷമായി വെബ് അപ്ഡേറ്റ് ചെയ്തിട്ടില്ല എന്ന കാര്യം കൂടി അവഗണിച്ചിട്ട്, സൈറ്റില്‍ അപ്ഡേറ്റാവാതെ നമ്മുടെ പയ്യന് ശരിയ്ക്കും ആ ഗ്രാന്റ് അവര്‍ കൊടുത്തിട്ടുണ്ട് എന്ന് തന്നെ തത്കാലം നമുക്ക് കരുതാം. ഇനി ഞാന്‍ സംസാരിക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തില്‍ ഫിസിക്സ് പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ എന്ന നിലയിലാണ്.
സ്വന്തം റിസര്‍ച്ച് വിഷയത്തെപ്പറ്റി ആ പയ്യന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍, അറിയാത്ത സയന്‍സ് ജാര്‍ഗണുകള്‍ മാലപോലെ കോര്‍ത്ത് പറയുന്നതിനപ്പുറം അതേപ്പറ്റി എന്തെങ്കിലും ധാരണയുള്ളതായി തോന്നില്ല. നാലോ അഞ്ചോ 'പേപ്പറുകള്‍ എഴുതി' എന്ന് പുള്ളി പലയിടത്തും പറയുന്നുണ്ട്. എന്നാല്‍ പുള്ളിയുടെ പേരിനും പുള്ളി പറയുന്ന തിയറികളുടെ പേരിനും ഒന്നും തന്നെ ഇന്റര്‍നെറ്റില്‍ രേഖകളൊന്നുമില്ല. സോറി റ്റു സേ, 2025-ല്‍, രഹസ്യമായി റിസര്‍ച്ച് പ്രബന്ധം പബ്ലിഷ് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല തിയററ്റിക്കല്‍ ഫിസിക്സ്! അഥവാ, അങ്ങനെ എഴുതപ്പെടുന്ന എഴുത്തുകളെ അല്ല, 'പ്രബന്ധം' എന്ന് വിളിക്കുന്നത്.
ആ പയ്യന്‍ നന്നായി സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും അവന്‍ ഈ വിഷയത്തില്‍ കുറേയേറെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്. പക്ഷേ ആധികാരികവും അല്ലാത്തതുമായ കുറേ പോപ്പുലര്‍ സയന്‍സ് റിസോഴ്സുകളില്‍ നിന്ന് കുറേ ടെക്നിക്കല്‍ വാക്കുകള്‍ പിക്കപ്പ് ചെയ്തത് ഒഴിച്ചാല്‍ തിയററ്റിക്കല്‍ ഫിസിക്സില്‍ വ്യക്തമായ ഒരു ആശയ അടിത്തറ അയാള്‍ക്ക് കിട്ടിയിട്ടില്ല. 13 വയസ്സുളള, സ്‌കൂളില്‍ ഫോര്‍മലായി ഫിസിക്സോ മാത്തമാറ്റിക്സോ പഠിച്ചിട്ടില്ലാത്ത ഒരു കുട്ടിയ്ക്ക് അത് കിട്ടാനുള്ള സാധ്യത 0% ന് വളരെ അടുത്താണ്. ഐസ് കട്ട അലിഞ്ഞ വെള്ളം എങ്ങോട്ട് പോയി എന്ന ചിന്തയില്‍ നിന്ന് വൈറ്റ് ഹോള്‍ എന്ന ആശയത്തിലെത്തി എന്ന് ആ കുട്ടി കുറേ സ്ഥലത്ത് പറയുന്നുണ്ട്. പുല്ലില്‍ മൂത്രമൊഴിക്കുമ്പോള്‍ പതയുന്നത് എന്തുകൊണ്ട് എന്ന ചിന്തയില്‍ നിന്നും ക്വാണ്ടം കംപ്യൂട്ടര്‍ കണ്ടെത്തി എന്ന് പറയുന്നതുപോലെ തന്നെയാണത്. ഇതിന് പുറമേ, 'മാത്തമാറ്റിക്സ് ഫോര്‍മലൈസ് ചെയ്യാന്‍ മാത്രമാണ്, ഫിസിക്സ് തോട്ടാണ്', 'ബ്ലാക്ക് ഹോള്‍ കോസ്മോളജിയാണ്, വൈറ്റ് ഹോള്‍ ഫിസിക്സാണ്' എന്നിങ്ങനെ സ്വന്തം അവ്യക്തത പ്രകടമാകുന്ന ഒരുപാട് വാചകങ്ങള്‍ ആ കുട്ടിയുടെ വായില്‍ നിന്ന് വീഴുന്നുണ്ട്.
ഇതിലൊന്നും ആ കുട്ടിയെ ഒരു രീതിയിലും കുറ്റപ്പെടുത്താനാവില്ല. ചില കുട്ടികള്‍ ഇത്തരത്തിലുള്ള പാഷനേറ്റായ താത്പര്യങ്ങള്‍ ഉള്ളവരാണ്. അവസരം കിട്ടിയാല്‍ അവര്‍ അതിന്റെ പിന്നാലെ വെച്ചുപിടിക്കും. അതിനെ ശരിയായ ദിശയില്‍ ചാനല്‍ ചെയ്തുവിട്ടാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരുപാട് ഉയരങ്ങളില്‍ എത്താനുമാകും. പക്ഷേ ഇവിടെ അവനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍ മിക്കവാറും അവന്റെ ഭാവി തന്നെ നശിപ്പിക്കുന്ന മട്ടാണ് കാണുന്നത്. അവരവര്‍ക്ക് മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം, അവന്‍ എടുത്ത് പ്രയോഗിക്കുന്ന സയന്‍സ് ബസ് വേര്‍ഡ് െക്കെ കണ്ട് അന്തംവിട്ട് അവനെ ഐന്‍സ്റ്റൈനും ന്യൂട്ടനുമൊക്കെ തുല്യമാക്കി, അത് അവനെക്കൂടി വിശ്വസിപ്പിച്ച്, അവന്റെ മുന്നോട്ടുള്ള പോക്ക് അവര്‍ തടയുകയാണ് ചെയ്യുന്നത്. അവനെക്കൊണ്ട്, ഫിസിക്സ് വെച്ച് പടച്ചോന് കൂടി ജാമ്യമെടുത്ത് കൊടുക്കുന്നതുകൊണ്ട് ഗുണമുള്ള ടീമുകള്‍ അതും മുതലാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അവനെക്കൊണ്ട് ഉപദേശം കൂടി കൊടുപ്പിച്ച് കുറച്ചുപേരെ കൂടി വഴിതെറ്റിക്കാനും എല്ലാരുംകൂടി നോക്കുന്നുണ്ട്. ''- വൈശാഖന്‍ തമ്പി ചൂണ്ടിക്കാട്ടുന്നു.




