- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് സന്തോഷമാകട്ടെയെന്നു കരുതിയാണ് ഭാര്യ വിലക്കിയിട്ടും ബോട്ടുയാത്ര തീരുമാനിച്ചത്; യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും ബോട്ട് ഇടതുവശത്തേക്ക് ചെരിഞ്ഞ് മുങ്ങി; ഇതോടെ കൈയിൽ തന്നെയുണ്ടായിരുന്ന കുട്ടി നഷ്ടപ്പെട്ടു; ലൈഫ് ജാക്കറ്റും രക്ഷയായില്ല; ഏക മകളെ കുറിച്ചോർത്ത വിങ്ങി നിഹാസ്; രണ്ടാം ക്ലാസുകാരി ഹാദി ഫാത്തിമ നൊമ്പരമാകുമ്പോൾ
താനൂർ: താനൂരിലെ കണ്ണീരുകൾ നിലയ്ക്കുന്നില്ല. 'കടലും കടപ്പുറവുമൊക്കെ മിന്നുവിനു എന്നും ഹരമായിരുന്നു'. എപ്പോഴും കടപ്പുറത്തു പോകണമെന്ന് പറഞ്ഞിരുന്ന ഹാദി ഫാത്തിമ. ഏക മകൾ ഹാദി ഫാത്തിമയുടെ (മിന്നു) വിയോഗം താങ്ങാനാവാതെ മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസ് ഇപ്പോഴും തേങ്ങുകയാണ്. മഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ നഹാസ് അഞ്ചു വർഷമായി താമസിക്കുന്നത് ആനക്കയത്താണ്. ഭാര്യയും ദുരന്തത്തെ അതിജീവിച്ചു. ലക്ഷ്യം മാറിക്കയറിയ ബോട്ടുയാത്രയിൽ ഏകമകൾ കൈകളിൽനിന്നും മരണക്കയത്തിലേക്കു വഴുതിപ്പോയതിന്റെ വേദനയിലാണ് നിഹാസ്.
ആനക്കയം ജിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മിന്നുവിന്റെ നിർബന്ധത്തെ തുടർന്നയിരുന്നു ആ യാത്ര. ബോട്ടിലേക്ക് കയറിയതും മകൾക്ക് വേണ്ടി. നിഹാസ് ഭാര്യ ഫരീദയുമൊപ്പം താനൂരിലെ തൂവൽതീരം കടപ്പുറത്തെത്തിയത് അടുത്തിടെ ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിങ് ബ്രിജിൽ നടക്കാനായിരുന്നു. എന്നാൽ വൈകിട്ട് 6.40 ആയതോടെ ഇവിടേക്കുള്ള പ്രവേശനം നിർത്തിയിരുന്നു. അതുകൊണ്ട് ആസ്വദിക്കാൻ തൊട്ടടുത്തു സവാരി നടത്തുന്ന ബോട്ടിൽ കയറാൻ പോയി. അപ്പോഴേക്കും രാത്രിയായിരുന്നു. അത് ദുരന്തവുമായി.
മകളും ഭാര്യയുമായി താഴെയുള്ള സ്രാങ്കിനു സമീപത്തായിരുന്നു ഇരുന്നതെങ്കിലും ഇവിടെയുള്ള പുക മൂലം ബോട്ടിനു മുകളിലേക്കു കയറി. മുകളിൽ കയറാൻ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നു പറഞ്ഞു. മകളെ ലൈഫ് ജാക്കറ്റും ധരിപ്പിച്ചിരുന്നു. മുകളിലെത്തിയ ഉടൻബോട്ട് ഒരു ഭാഗത്തേക്കു ചെരിഞ്ഞു. ബോട്ടിനു പുറത്തുള്ള ഞാനും ഭാര്യയുൾപ്പെടെയുള്ളവരെല്ലാം വെള്ളത്തിലേക്കു തെറിച്ചു വീണു. ഒരുവിധത്തിൽ ഭാര്യ ഫരീദയെ വലിച്ചുപൊക്കി ബോട്ടിന്റെ പലകയിൽ പിടിപ്പിച്ചു നിർത്തി.
ലൈഫ് ജാക്കറ്റിട്ടിട്ടുണ്ടായിരുന്നു മകൾ ഹാദി ഫാത്തിമ. അതുകൊണ്ടു ആദ്യമൊന്നും ഭയന്നില്ല. പിന്നീട് കണ്ടത് വെറും ജാക്കറ്റ്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് മകളെ കണ്ടെത്താനായിരുന്നു.ആദ്യം രണ്ടു കുട്ടികളെ മുകളിലെത്തിച്ചു. പക്ഷേ അതിലും ഹാദിയില്ലായിരുന്നു. ഇതിനിടെ രക്ഷാപ്രവർത്തകരാരോ മകളെ പിടിച്ചു മറ്റൊരു ബോട്ടിൽ കയറ്റിയിരുന്നു. കൂടെ ഭാര്യയെയും. രക്ഷാപ്രവർത്തകർ ഭാര്യയെ പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയിലേക്കും മകളെ താനൂരിലെ ആശുപത്രിയിലേക്കുമാണു മാറ്റിയിരുന്നത്. ആശുപത്രി അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും മകളെ രക്ഷിക്കാനായില്ല.
മകൾക്ക് സന്തോഷമാകട്ടെയെന്നു കരുതിയാണ് ഭാര്യ വിലക്കിയിട്ടും ബോട്ടുയാത്ര തീരുമാനിച്ചത്. യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും ബോട്ട് ഇടതുവശത്തേക്ക് ചെരിഞ്ഞ് മുങ്ങി. ഇതോടെ കൈയിൽതന്നെയുണ്ടായിരുന്ന കുട്ടി നഷ്ടപ്പെട്ടുവെന്ന് നിഹാസ് പറഞ്ഞു. മകൾക്കായുള്ള തിരച്ചിലിൽ വേറെ രണ്ടു കുട്ടികളെയാണ് കിട്ടിയത്. അവരെ ബോട്ടിനു മുകളിലുള്ളവരെ ഏൽപ്പിച്ചു. കൈയിൽനിന്നും വഴുതിപ്പോയ മകൾക്കായി നിഹാസ് വീണ്ടും മുങ്ങി. പക്ഷേ ദുരന്തം നൽകിയത് വേദനയും.
രക്ഷക്കെത്തിയ ആദ്യബോട്ടിൽ കയറിയ ഭാര്യ മകൾക്ക് ഭേദപ്പെട്ട ശുശ്രൂഷ നൽകാൻ ബോട്ടിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ജീവനായി പിടയുന്നവരെ കണ്ട നിഹാസിന് അവരെ ഉപേക്ഷിച്ചുപോകാൻ കഴിഞ്ഞില്ല. ജീവനായി പിടയുന്ന ഒരാളെക്കൂടി പുറത്തെത്തിച്ചശേഷം രണ്ടാമതെത്തിയ ബോട്ടിലാണ് നിഹാസ് കരപറ്റിയത്. തിങ്കളാഴ്ച പത്തോടെ ഹാദി ഫാത്തിമയുടെ മൃതദേഹം മുണ്ടുപറമ്പ് ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി.
മറുനാടന് മലയാളി ബ്യൂറോ