- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പ്രായത്തിൽ അടുത്ത ബന്ധുവുമായി വിവാഹം കഴിപ്പിച്ചു; നേരിട്ടത് കൊടിയ പീഡനം; മൂന്നുതവണ ആത്മഹത്യക്ക് ശ്രമിച്ചു; വ്യാജരേഖകൾ ചമച്ച് പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു; നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ച് ഹാജി മസ്താന്റെ മകൾ
ന്യൂഡൽഹി: പതിറ്റാണ്ടുകൾ പഴക്കമുള്ള തന്റെ കേസിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കുപ്രസിദ്ധ അധോലോക നേതാവ് ഹാജി മസ്താന്റെ മകളെന്ന് അവകാശപ്പെടുന്ന ഹസീൻ മസ്താൻ മിർസ. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അതീവ ഗൗരവകരമായ ആരോപണങ്ങളാണ് ഷംഷാദ് ഉന്നയിച്ചിരിക്കുന്നത്. ശൈശവവിവാഹം, ദേഹോപദ്രവം, വധശ്രമം, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അവർ ഉന്നയിച്ചിട്ടുള്ളത്. തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്നുമാണ് ഷംഷാദിന്റെ പരാതി.
1996-ൽ പ്രായപൂർത്തിയാകാത്ത പ്രായത്തിൽ മാതൃസഹോദരന്റെ മകനുമായി തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് ഹസീൻ മസ്താൻ വെളിപ്പെടുത്തി. വിവാഹശേഷം കൊടിയ ശാരീരിക പീഡനങ്ങൾക്ക് ഇരയാവുകയും വധശ്രമത്തെ അതിജീവിക്കുകയും ചെയ്തു. തന്നെ വിവാഹം കഴിച്ചയാൾ മുമ്പും നിരവധി സ്ത്രീകളെ വിവാഹം ചെയ്തിരുന്നതായും അവർ ആരോപിച്ചു. സംരക്ഷണവും സുരക്ഷിതത്വവും ആവശ്യമുള്ള പ്രായത്തിൽ കടുത്ത ഉപദ്രവങ്ങൾ നേരിടേണ്ടി വന്നതായും ഹസീൻ പറയുന്നു.
തങ്ങളെയും മാതാവിനെയും സമ്മർദത്തിലാക്കിയാണ് വിവാഹം നടത്തിയത്. തുടർന്നുണ്ടായ പീഡനങ്ങളുടെ ആഘാതത്തിൽ മൂന്നുതവണ ആത്മഹത്യക്ക് ശ്രമിച്ചതായും സ്വന്തം സ്വത്ത് തട്ടിയെടുക്കാൻ ശ്രമമുണ്ടായതായും അവർ കൂട്ടിച്ചേർത്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലും നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയടക്കമുള്ളവരെ സമീപിക്കാൻ ഹസീൻ മസ്താൻ തീരുമാനിച്ചത്. മുംബൈയിലെ പ്രൈം ലൊക്കേഷനുകളിലെ കെട്ടിടങ്ങളും സ്ഥലങ്ങളും തട്ടിയെടുക്കാൻ മാഫിയാ സംഘങ്ങൾ ശ്രമിക്കുന്നതായാണ് പരാതി.
മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റ് പരിസരത്തും ദക്ഷിണ മുംബൈയിലുമുള്ള വിലപിടിപ്പുള്ള വസ്തുവകകളെ ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഈ സ്വത്തുക്കൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ താൻ സമ്മതിക്കാത്തതിനെ തുടർന്ന് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടുവർഷത്തോളം കുടുംബത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടതിനാൽ പിതാവിന്റെ മരണം പോലും താൻ അറിഞ്ഞില്ലെന്നും ഹസീൻ പറഞ്ഞു.
ശൈശവവിവാഹം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കർശന നിയമങ്ങൾ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കാനും സർക്കാരിനോട് അവർ അഭ്യർഥിച്ചു. ഇത്തരം കേസുകളിൽ ഇരകൾക്ക് നീതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥയും ഹസീൻ ചൂണ്ടിക്കാട്ടി. മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കിയ സർക്കാരിന്റെ നടപടിയെ ഹസീൻ മസ്താൻ അഭിനന്ദിച്ചു. ഇതുവഴി അസംഖ്യം സ്ത്രീകൾക്ക് ആശ്വാസമേകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച അവർ, ലൈംഗിക കുറ്റകൃത്യങ്ങളിലും നിർബന്ധിത വിവാഹങ്ങളിലും സമാനമായ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, തന്റെ വ്യക്തിപരമായ നിയമപോരാട്ടത്തിൽ പിതാവ് ഹാജി മസ്താന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ഹസീൻ മസ്താൻ അഭ്യർഥിച്ചു. താൻ ആരോപിച്ച കുറ്റകൃത്യങ്ങൾ നടന്നത് പിതാവിന്റെ മരണശേഷമാണ്. പിതാവ് ഒരു വിവാദ വ്യക്തിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭൂതകാലവുമായി ഈ സംഭവങ്ങളെ ബന്ധിപ്പിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്നുമാണ് ഷംഷാദിന്റെ പരാതി.
അറുപതുകളിലും എഴുപതുകളിലും മുംബൈ നഗരത്തെ വിറപ്പിച്ചിരുന്ന വ്യക്തിയായിരുന്നു തമിഴ്‌നാട് സ്വദേശിയായ ഹാജി മസ്താൻ. ഇന്ത്യയിലെ ആദ്യത്തെ 'സെലിബ്രിറ്റി ഡോൺ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം പിന്നീട് ജയിൽവാസത്തിന് ശേഷം അധോലോക ബന്ധങ്ങൾ ഉപേക്ഷിക്കുകയും 'ദളിത് മുസ്ലിം മൈനോറിറ്റി സുരക്ഷാ മഹാസംഘ്' എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. ദളിത് നേതാവ് കാൻഷി റാമുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മുംബൈയിലെ പാവപ്പെട്ടവർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 1994-ലാണ് അദ്ദേഹം അന്തരിച്ചത്. ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കി 'ദീവാർ', 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ' തുടങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.




