- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ സുരേന്ദ്രന്‍; അതിനുവിരുദ്ധമായി താനിട്ട പോസ്റ്റ് സുരേന്ദ്രന്‍ നിര്‍ബ്ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു; സുരേന്ദ്രന്‍ ഗസ്റ്റായി പോകുന്ന വന്‍കിട മുസ്ലീം മുതലാളിമാരുടെ വീടുകളില്‍ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്? ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു സുരേന്ദ്രന്റെ ലക്ഷ്യമെന്ന് സന്ദീപ് ജി വാര്യര്‍
ഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദത്തില്‍, ബിജെപി സംസ്ഥാന വക്താവായിരിക്കെ, സന്ദീപ് ജി വാര്യര്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഹലാല്‍ വിവാദത്തില്‍ വികാരമല്ല വിവേകമാണ് നയിക്കേണ്ടതെന്ന പോസ്റ്റ് സന്ദീപ് പിന്നീട് പിന്‍വലിച്ചെങ്കിലും, പാര്‍ട്ടി നിലപാട് സുരേന്ദ്രന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ, ഹലാല്‍ ഭക്ഷണ വിവാദത്തില്‍, തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സന്ദീപ്. ഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ. സുരേന്ദ്രന്‍ ആയിരുന്നെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി
താന്‍ അതിന് വിരുദ്ധമായാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ സുരേന്ദ്രന്‍ വിളിച്ച് നിര്‍ബന്ധിപ്പിച്ച് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ സമൂഹത്തില്‍ പരമ വിദ്വേഷം കടത്തി വിട്ട വിഷയമാണ് ഹലാല്‍ വിവാദം. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ കൊടുക്കുന്ന ഭക്ഷണത്തില്‍ അവര്‍ തുപ്പിയിട്ടാണ് കൊടുക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് പരസ്യമായി പറഞ്ഞത്. അതിന് എതിരായാണ് ഞാന്‍ അന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഞാന്‍ ജനിച്ചത് മലപ്പുറം ജില്ലയിലാണ്. എനിക്ക് ധാരാളം മുസ്ലീം സുഹൃത്തുക്കളുണ്ട്. അവരുടെയൊക്കെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍. സുരേന്ദ്രനും അങ്ങനെയുള്ള പ്രദേശത്ത് നിന്നും വന്നയാളാണ്. വന്‍കിട മുസ്ലീം മുതലാളിമാരുടെ വീട്ടില്‍ ഗസ്റ്റ് ആയി പോകാറുമുണ്ട്. അവിടൊക്കെ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലിരിക്കുന്ന ഒരാള്‍ നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് സുരേന്ദ്രന്‍ നടത്തിയത്. അതിനെ പ്രതിരോധിച്ചുകൊണ്ട് താന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രന്‍ വിളിച്ച് നിര്‍ബന്ധിപ്പിച്ച് ഡിലീറ്റ് ചെയ്യിച്ചു. എന്നിട്ട് മറ്റൊരു പോസ്റ്റ് ഇടീച്ചു. മറ്റൊരു മാര്‍ഗവുമില്ലാതെ ചെയ്യേണ്ടി വന്നുവെന്നും സന്ദീപ് പറയുന്നു.
ഹലാല്‍ വിവാദത്തില്‍ വികാരമല്ല വിവേകമാണ് നയിക്കേണ്ടതെന്ന പോസ്റ്റാണ് 2021 നവംബര്‍ 21 ന് സന്ദീപ് പിന്‍വലിച്ചത്. ഹലാല്‍ വിഷയത്തില്‍ അന്നത്തെ സംസ്ഥാന വക്താവിന്റെ നിലപാട് പരസ്യമായി നേതൃത്വം തള്ളിയതോടെയാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിച്ചത്.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നായിരുന്നു സന്ദീപ് വാര്യര്‍ പോസ്റ്റില്‍ പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന ഭാരവാഹി യോഗത്തിലെ കര്‍ശന നിര്‍ദേശം ലംഘിച്ചായിരുന്നു സന്ദീപ് വാര്യരുടെ അഭിപ്രായ പ്രകടനം. ഇത് ബിജെപി നേതൃത്വത്തിനിടയില്‍ കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കി. ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സ്വീകരിച്ച നിലപാടിനു വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ സ്വീകരിച്ചത്.
ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് നിഷ്‌കളങ്കമായല്ലെന്നും ഇതിനു പിന്നില്‍ കൃത്യമായ അജന്‍ഡയുണ്ടെന്നും കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടി ഭാരവാഹികള്‍ ഇത്തരം വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നേതൃത്വവുമായി ചേര്‍ന്നു പോകുന്നതായിരിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പി.സുധീറും വ്യക്തമാക്കിയിരുന്നു. ഇതോടെ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍ രംഗത്തെത്തി.
'ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍, അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം. ഉത്തരവാദിത്തമില്ലാത്ത ഒരു ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ഒരു മനുഷ്യായുസിന്റെ പ്രയത്‌നമാണ് ഇല്ലാതാകുന്നത് എന്നാണ് ഫെയ്‌സ്ബുക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും പിന്‍വലിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.