- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരാക്ഷനും മാത്യു സ്റ്റീഫനും ഹം പാര്‍ട്ടിയില്‍ ലയിച്ച വേദിയില്‍ നിറയെ മെത്രാന്മാര്‍; മിക്കതും വ്യാജന്മാരെന്ന് ആക്ഷേപം; വെല്ലൂര്‍ സംഘം എത്തിച്ചവര്‍ വേദിയിലെത്തിയതെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല
താമരാക്ഷനും മാത്യു സ്റ്റീഫനും ഹം പാര്‍ട്ടിയില്‍ ലയിച്ച വേദിയില്‍ നിറയെ മെത്രാന്മാര്‍;
കൊച്ചി: മുന്‍ എം.എല്‍.എമാരായ എ.വി. താമരാക്ഷന്‍, മാത്യു സ്റ്റീഫന്‍ എന്നിവര്‍ ഹിന്ദുസ്ഥാന്‍ ആവോം മോര്‍ച്ച(സെക്യുലര്‍) യില്‍(ഹം) ലയിക്കുന്നതിന് ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വേദി നിറയെ മെത്രാന്മാര്‍. ഇതില്‍ പലരും വ്യാജന്മാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
എന്‍.ഡി.എയിലെ ഘടക കക്ഷിയായ കേന്ദ്രമന്ത്രി ജിതാറാം മഞ്്ജരിയുടെ നേതൃത്വത്തിലുള്ളതാണ് ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച. കഴിഞ്ഞ മാസം 19 നാണ് എറണാകുളത്ത് ലയന സമ്മേളനം നടന്നത്. ജെഎസ്എസ് പ്രഫ. താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് മാത്യു സ്റ്റീഫന്‍ വിഭാഗവുമാണ് ഹം പാര്‍ട്ടിയില്‍ ലയിച്ചത്. ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി സുബീഷ് വാസുദേവ് ആണ് ഉദ്ഘാടനം ചെയ്തത്. ഇതിലാണ് കുറേ ബിഷപ്പുമാര്‍ പങ്കെടുത്തത്. ഇവരില്‍ ചിലരാണ് വ്യാജന്മാരാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഇവര്‍ക്ക് പിന്നില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണെന്ന് സൂചന. യാതൊരു ദൈവശാസ്ത്ര പശ്ചാത്തലമോ സഭാപരമായ അംഗീകാരമോ ഇല്ലാത്തവരാണ് തട്ടിപ്പിന് പിന്നില്‍. മുന്‍പ് വിവിധ പെന്തക്കോസ്ത് സഭകളില്‍ പാസ്റ്റര്‍മാരായിരുന്ന ചിലരാണ് മെത്രാന്‍ വേഷത്തില്‍ രംഗത്ത് വരുന്നത്. വെല്ലൂര്‍ ആസ്ഥാനമായുള്ള സംഘമാണ് നിശ്ചിത തുക വാങ്ങി ഇത്തരക്കാര്‍ക്ക് മെത്രാന്‍ കുപ്പായവും സഭാചിഹ്നങ്ങളും മറ്റ് ഔദ്യോഗിക രേഖകളും നല്കുന്നതെന്നാണ് വിവരം.
സ്വന്തമായി വിശ്വാസിസമൂഹമോ പള്ളികളോ ഇല്ലാത്ത ഇവര്‍ പദവികള്‍ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. കൊച്ചിയിലെ ചടങ്ങില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കൊല്ലം സ്വദേശി ജയിംസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ മെത്രാന്‍ വേഷത്തില്‍ പങ്കെടുത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇയാള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിലും മറ്റും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് 'ആത്മീയ പരിവേഷം' നല്‍കാന്‍ ഇത്തരം വ്യാജന്മാരെ വാടകയ്ക്കെടുത്തുകൊണ്ടുവരുന്നത് പതിവാകുകയാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വേദിയില്‍ 'മലങ്കര മെത്രാപ്പോലീത്ത' എന്ന വ്യാജേനെ ജയിംസ് ജോര്‍ജ് എത്തിയത് നേരത്തെ വിവാദമായിരുന്നു. പരിപാടിയുടെ സംഘാടന ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് വിവാദത്തില്‍പ്പെട്ട വ്യക്തികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. വേദിയിലുണ്ടായിരുന്നവര്‍ വ്യാജന്മാരാണെന്ന വിവരം പരിപാടി കഴിഞ്ഞ ശേഷമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു മുന്‍കൂട്ടിയറിവോ ഉദ്ദേശപൂര്‍വമായ പങ്കാളിത്തമോ ഇല്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.
ന്യൂനപക്ഷ സ്വാധീനം വ്യക്തമാക്കാന്‍ മനഃപൂര്‍വ്വം ആളെ എത്തിച്ചതാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പിആര്‍ ഏജന്‍സിയെയും ഇവന്റ് ഗ്രൂപ്പിനെയും പ്രതിക്കൂട്ടിലാക്കി നേതാക്കള്‍ തടിയൂരുന്നത്. എന്നാല്‍, മുന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അതിഥികളായി എത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ശക്തമാണ്.




