തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രേഖകൾ നൽകുന്നില്ലെന്ന ആരോപണത്തിന് കേരള പൊലീസിന്റെ മറുപടി.

ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ഓഗസ്റ്റ് രണ്ടിനും കേരള പൊലീസ് കൈമാറിയിട്ടുണ്ട്. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

പ്രതിപക്ഷ ആരോപണം ശരിയായെന്ന് വി ഡി സതീശൻ

കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരള പൊലീസ് രേഖകൾ നൽകുന്നില്ലെന്നാണ് പാർലമെന്റിൽ ഹൈബി ഈഡൻ എംപിക്ക് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. കൊടകര കുഴൽപ്പണക്കേസും സ്വർണക്കടത്ത് കേസും ഒത്തുതീർപ്പാക്കിയെന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്ന മറുപടിയാണിത്. എന്തിനാണ് കുഴൽപ്പണ കേസിൽ ഇ.ഡിക്ക് വിവരങ്ങൾ കൈമാറാതിരിക്കാൻ കേരള പൊലീസ് ശ്രമിക്കുന്നത്? ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം.