കണ്ണൂർ: ഹാൻവീവ് ചെയർമാനും സി.പി. എം ജില്ലാസെക്രട്ടറിയേറ്റംഗവുമായ ടി.കെ ഗോവിന്ദനെതിരെ അതിരൂക്ഷമായ വിമർശനവുമായി സി. ഐ.ടി.യു വീണ്ടും രംഗത്തെത്തി.ഹാൻവീവ് നല്ല ലാഭകരമായി പോകുന്നുവെന്ന് അവകാശപ്പെട്ടു കൊണ്ടു ടി.കെ ഗോവിന്ദനും എം.ഡി സുകുമാർ അരുണാചലവും കഴിഞ്ഞ ദിവസം കണ്ണൂരിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഹാൻവീവിൽ ശമ്പളകുടിശിക നൽകണമെന്നാവശ്യപ്പെട്ടു സി.പി. എംജില്ലാകമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു സംസ്ഥാനപ്രസിഡന്റായ കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡവലപ്പ് മെന്റ് കോർപറേഷൻ എംപ്ലോയിസ് യൂനിയൻ(സി. ഐ.ടി.യു) രംഗത്തുവന്നത്.

ചെയർമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നാണ് സി. ഐ.ടി.യു ചൂണ്ടിക്കാണിക്കുന്നത്. ഹാൻവീവിന്റെ ചരിത്രത്തിൽ ഇതുവരെ 24 കോടിരൂപയുടെ വിറ്റുവരവുണ്ടായിട്ടില്ല. ടി.കെ ഗോവിന്ദൻ ചെയർമാനായ മാനേജ്മെന്റിന് സ്ഥാപനത്തെ കുറിച്ചു ഒരുധാരണയുമില്ലെന്നും സി. ഐ.ടി.യു നേതാക്കൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. ഇതോടെ സി.പി. എംഭരിക്കുന്ന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനത്തിൽ സി. പി. എം, സി. ഐ.ടി.യു പോര് ശക്തമാക്കിയിരിക്കുകയാണ്. പാർട്ടിയിലെ രണ്ടു ഉന്നത നേതാക്കൾ ചേരിതിരിഞ്ഞു കൈത്തറി കോർപറേഷന്റെ പേരിൽ യുദ്ധം ചെയ്യുന്നത് കണ്ണൂർ സി.പി. എമ്മിനും ക്ഷീണം ചെയ്തിട്ടുണ്ട്. ഇതിനിടെ സി. ഐ.ടി.യുവിന് പിൻതുണയുമായി എ. ഐ.ടി.യു.സി രംഗത്തെത്തിയത് തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭത്തിന് കരുത്തു പകർന്നിട്ടുണ്ട്.

ഹാൻവീവിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് അടിയന്തരമായി യൂണിയനുകളെ ചർച്ചക്ക് വിളിക്കണമെന്ന് കെ എസ് എച്ച് ഡി സി ലേബർ യൂണിയൻ(എഐടിയുസി) ജനറൽ സെക്രട്ടറി സി പി സന്തോഷ് കുമാർ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. പുതിയ ചെയർമാനും എംഡിയും ചുമതല ഏറ്റെടുത്ത് അതിനുശേഷവും അവരുടെ മുമ്പാകെയും യൂണിയൻ ഡിമാന്റുകൾ സമർപ്പിക്കുകയും യൂണിയൻ മാനേജ്മെന്റ് ചർച്ചകൾ നടക്കുകയും ചെയ്തിട്ടുണ്ട് .എന്നാൽ മാനേജ്മന്റ് പരിഹരിക്കേണ്ടുന്ന കാര്യങ്ങൾ പോലും പലതും പരിഹരിച്ചിട്ടില്ല .കഴിഞ്ഞ ദിവസം അവിടെ നടന്ന സമരവുമായി ബന്ധപ്പെട്ട് യൂണിയന്റെയും മാനേജ്മെന്റിന്റെയും പ്രതികരണങ്ങൾ വന്നിട്ടുണ്ട് . ചില കാര്യങ്ങൾ പരിഹരിച്ചതായി മാനേജ്മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും
ഭൂരിപക്ഷം ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

സീനിയോറിറ്റി പരിഗണിക്കാതെ പേക്കർമാർക്ക് സെയിൽസ് അസിസ്റ്റന്റ് ആയി പ്രമോഷൻ നല്കിയതിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അത് പരിഹരിച്ചിട്ടില്ല . നിയമാനുസൃതമായി 150ഓളം തൊഴിലാളി കൾക്ക് ലഭിക്കേണ്ടുന്ന മിനിമം ബോണസ് കുടിശ്ശിക പ്രശ്നം ഇപ്പോൾ ലേബർ കോടതിയിൽ എത്തിയിരിക്കുന്നു. ചിറക്കൽ പ്രോസസ്സിങ് യൂണിറ്റിലെ തൊഴിലാളികളുടെ വർഷങ്ങൾ ആയുള്ള ഗ്രേഡ് ഇൻക്രിമെന്റ് ആനുകൂല്യം ഇനിയും നൽകിയിട്ടില്ല .

ഹാൻവീവിൽ നടപ്പിലാക്കിയിട്ടുള്ള ഹാൻവീവ് വെൽഫെയർ ഫണ്ടിലെ ആനുകുല്യം വിതരണം ചെയ്യുന്നതിൽ മാനേജ്മെന്റ് അലംഭാവം ഏറെപ്രകടമാണ് .മേൽ കാര്യങ്ങളെല്ലാം ചെയ്യേണ്ടത് ഹാൻവീവ് ഓഫീസും മാനേജ്മെന്റുമാണ് അല്ലാതെ സംസ്ഥാന സർക്കാർ അല്ല.പലവട്ടം ഇക്കാര്യം മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമായില്ല. അടിയന്തിരമായും യൂണിയൻ യോഗം വിളിച്ചു ചേർത്തു പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് എഐടിയു സി ആവശ്യപ്പെട്ടു.