- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊടും ക്രിമിനലുകളുടെ തെറിവിളിയും മലമേറും; 24 മണിക്കൂര്‍ ഡ്യൂട്ടി; സ്റ്റാഫ് സ്‌ട്രെങ്ത്ത് നാലിലൊന്നുമാത്രം; സമ്മര്‍ദം താങ്ങാനാവാതെ ബോണ്ട് തുക ഉപക്ഷേിച്ച് പലരും ജോലി വിടുന്നു; മാനസികാരോഗ്യവും തകരുന്നു; 'വിഷം പാനം ചെയ്ത പരമശിവന്റെ അവസ്ഥയില്‍' ജയിലിലെ സുരക്ഷാ ജീവനക്കാര്‍!
'വിഷം പാനം ചെയ്ത പരമശിവന്റെ അവസ്ഥയില്‍' ജയിലിലെ സുരക്ഷാ ജീവനക്കാര്‍!
കോഴിക്കോട്: ഗോവിന്ദച്ചാമിയെന്ന ഒറ്റക്കെയ്യനായ കൊടും ക്രിമിനല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയതോടെ, സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ ഏറെ ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ എല്ലാ പഴികളും വരുന്നത് ജയില്‍ ജീവനക്കാര്‍ക്ക് നേരെയാണ്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിലും നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ സംഭവം സമാനതകള്‍ ഇല്ലാത്തതാണ്. അതിലെ വീഴ്ചകള്‍ പരിശോധിക്കപ്പെടണം. പക്ഷേ ആകെ വേണ്ടതിന്റെ നാലിലൊന്ന് സാറ്റാഫ് സ്‌ട്രെങ്ത്ത് മാത്രമാണ്, കേരളത്തിലെ ജയിലുകളില്‍ ഉള്ളതെന്നും, തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്നുമാണ് ജയില്‍ ജീവനക്കാരുടെ പരാതി.
കേരളത്തിലെ ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണ്. സംസ്ഥാനത്തെ ജയിലുകളുടെ ആകെ അംഗീകൃത പാര്‍പ്പിട ശേഷി 7,367 ആണെന്നിരിക്കെ, നിലവില്‍ 10,375 തടവുകാരാണുള്ളത്. അതായത് 3000 ത്തിലധികം തടവുകാര്‍ കൂടുതലാണ്. ശേഷിയുടെ 25 ശതമാനത്തിലേറെയാണിത്. തെക്കന്‍ കേരളത്തില്‍ അംഗീകൃത ശേഷി 1,693 ആയിരിക്കുമ്പോള്‍, 3,250 തടവുകാരാണ് നിലവിലുള്ളത്. ഇത് ഇരട്ടിയോളം വരും. മധ്യ മേഖലയില്‍ അംഗീകൃത ശേഷി 2,346 ആയിരിക്കുമ്പോള്‍, 3,249 തടവുകാരാണ് നിലവില്‍ ജയിലുകളില്‍ കഴിയുന്നത്. ഉത്തര മേഖലയില്‍ അംഗീകൃത ശേഷി 2,689 ആയിരിക്കുമ്പോള്‍, 3,358 തടവുകാര്‍ കഴിയുന്നു.
ജീവനക്കാര്‍ നാലിലൊന്ന് മാത്രം
കേരളപ്പിറവി സമയത്ത് കേരളത്തില്‍ നാല് പോലീസ് ജില്ലകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 14 ആയി. കോടതികളുടെ എണ്ണവും വര്‍ധിച്ചു. എന്നാല്‍ ജയിലുകളുടെ എണ്ണത്തിലും പദവിയിലും ആവശ്യത്തിന് വര്‍ധനയുണ്ടായില്ല. കേരളപ്പിറവിക്ക് ശേഷം 2022-ല്‍ മാത്രമാണ് ഒരു സെന്‍ട്രല്‍ ജയില്‍ ഉണ്ടായത്. തവനൂരിലാണത്. വിയ്യൂരില്‍ നല്ല സൗകര്യങ്ങളോടെ അതിസുരക്ഷാ ജയില്‍ ഉണ്ടാക്കിയെങ്കിലും ജീവനക്കാരുടെ കുറവു കാരണം പൂര്‍ണശേഷിയില്‍ അന്തേവാസികളെ പാര്‍പ്പിക്കാനാകുന്നില്ല.
തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍, ജയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്. ആറുതടവുകാര്‍ക്ക് ഒരു ഓഫീസര്‍ എന്നാണ് ജയില്‍ചട്ടവും കേന്ദ്ര നിയമവും. അതുപ്രകാരം ജയിലുകളിലെ ഗാര്‍ഡിങ് ചുമതലകള്‍ക്ക് മാത്രമായി ഏകദേശം അയ്യായിരത്തിലേറെ ജീവനക്കാര്‍ വേണം. നിലവില്‍ 1,731 ജീവനക്കാര്‍ മാത്രമാണ് ഈ ചുമതലയിലുള്ളത്. 10,375 തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ദിവസം കുറഞ്ഞത് 5,187 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെയാണ് ആവശ്യമുള്ളത്. എന്നാല്‍ സംസ്ഥാന ജയില്‍ വകുപ്പില്‍ ആകെ 1,284 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികകള്‍ മാത്രമാണുള്ളത്. 1729 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാവേണ്ടിടത്ത് വെറും 447 പേരാണുള്ളത്.
ഇത് ജീവനക്കാര്‍ക്ക് അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലെ ഈ കുറവ് ജയിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും തടവുകാരുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിഷം ആഹരിച്ച പരമശിവന്റെ അവസ്ഥ
ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ ഈ വലിയ കുറവ് നിലവിലുള്ള ജീവനക്കാര്‍ക്ക് അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നു. പലപ്പോഴും 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് ജയിലുകളിലെ ക്രമസമാധാനം പാലിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു. നിലവില്‍ സെന്‍ട്രല്‍ ജയിലുകളില്‍, റിമാന്‍ഡ് പ്രതികള്‍, വിചാരണ തടവുകാര്‍, ഗുണ്ടാ സംഘാംഗങ്ങള്‍ എന്നിങ്ങനെ എല്ലാവരെയും ഒന്നിച്ചാണ് പാര്‍പ്പിക്കാറുള്ളത്.
ഇത് സെന്‍ട്രല്‍ ജയിലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. വിവിധ സ്വഭാവക്കാരായ തടവുകാരെ കൈകാര്യം ചെയ്യേണ്ടി വരുന്നത് ഉദ്യോഗസ്ഥര്‍ക്ക് അധിക ബാധ്യതയാകുന്നു. ഗോവിന്ദച്ചാമിയെപ്പോലുള്ള കൊടും ക്രിമിനലുകള്‍ തെറി പറഞ്ഞും, ഭക്ഷണം എറിഞ്ഞും, മലംവാരിയേറുമൊക്കെ സഹിച്ചാണ് അവര്‍ ജയില്‍ നടത്തിക്കൊണ്ടുപോവുന്നത്.
മൂന്‍ ജയില്‍സുപ്രണ്ടും മുന്‍ ഡിഐജിയുമായ എസ് സന്തോഷ് ജയില്‍ ജീവനക്കാരുടെ ഈ അവസ്ഥയെ, വിഷം പാനം ചെയ്ത പരമശിവനോടാണ് ഉപമിക്കുന്നത്. -'' ലോക നന്‍മക്കുവേണ്ടി വിഷം ആഹരിക്കേണ്ടി വന്ന ശിവന്‍, അത് തന്നെ ബാധിക്കാതെ കണ്ഠത്തില്‍ ഒതുക്കി. അതുപോലെ അവനവനെ ബാധിക്കാത്ത തരത്തില്‍ വിഷം കഴുത്തില്‍ കെട്ടിനിര്‍ത്തിയിരിക്കയാണ് ജയില്‍ ജീവനക്കാരും. യാതൊരു കുറ്റവും ചെയ്യാതെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പ്രിസണ്‍ ഓഫീസര്‍മാര്‍. ഓരോ ജയില്‍ ജീവനക്കാരനും വിരമിക്കുമ്പോള്‍, രണ്ടുമൂന്നും ജീവപര്യന്തം കഴിഞ്ഞ് പുറത്തുവരുന്ന അവസ്ഥയാണ്. അവര്‍ ദിനേനെ കാണുന്നത് കുറ്റവാളികളെയാണ്. ഒരു ദിവസവും മറ്റൊരു ദിവസവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാതായിപ്പോവും. ഇങ്ങനെ ദീര്‍ഘകാലം ജയിലില്‍ ജോലിചെയ്ത് പുറത്തുവരുന്നവര്‍ക്ക് പുറമെയുള്ള ലോകം അഡ്ജസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമാണ്.
ഇതുമൂലം ചില ജയില്‍ ജീവനക്കാരുടെ സ്വഭാവത്തിലും കാര്യമായ മാറ്റം കാണാറുണ്ട്. എന്റെ സര്‍വീസ് കാലയളവില്‍ തന്നെ സഹപ്രവര്‍ത്തകരായ മൂന്നാലുപേരുടെ ആത്മഹത്യയും ഉണ്ടായിട്ടുണ്ട്. അമിതമായ സമ്മര്‍ദം ചിലരെ മദ്യപാനികളാക്കി. ആറുമണിയാവുമ്പോള്‍ യൂണീഫോം ഊരി ക്വാട്ടേഴ്‌സില്‍ പോയി ഡ്രസ് മാറി ഉടനെ മദ്യശാലയിലേക്ക് പോവുന്ന അവസ്ഥ. ഇപ്പോള്‍ വെല്‍ഫയര്‍ ഓഫീസര്‍മാരുടെ സേവനം ഉപയോഗിച്ച് ജീവനക്കാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.''- എസ് സന്തോഷ് പറയുന്നു.
താരതമ്യേന മോശമല്ലാത്ത ശമ്പളമാണ് പ്രസണ്‍ ഓഫീസര്‍മാര്‍ക്ക്. എന്നാല്‍,ഇതിനേക്കാള്‍ എത്രയോ കുറവ് ശമ്പളമുള്ള ജോലികിട്ടിയാലും അത് ഉപേക്ഷിച്ച് പോവുവുന്ന പ്രവണതയുണ്ട്. ട്രെയിനിങ്ങിനുവേണ്ടി കെട്ടിവെച്ച ബോണ്ട് തുക ഉപക്ഷേിച്ച് പോലും ഒരുപാട് പേര്‍ ജോലി വിടുന്നു. അന്തേവാസികളുടെ ആശുപത്രിയില്‍ കൊണ്ടുപോകല്‍ തൊട്ട് ജയില്‍ ചപ്പാത്തിവരെയുള്ള എത്രയോ ഉത്തരവാദിത്വങ്ങള്‍ ഇതിനു പുറമെ ജയില്‍ ജീവനക്കാരുടെ മേലാണ്. ഈ അഡീഷണല്‍ ജോലിക്കുള്ള സ്റ്റാഫിനെയെങ്കിലും തരണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.
പുതിയ ജയിലുകള്‍ വരുന്നു
നിലവിലുള്ള 57 ജയിലുകളിലും പാര്‍പ്പിക്കാനാകാത്ത വിധം അന്തേവാസികളുടെ എണ്ണം കൂടിയതോടെ മൂന്നു പുതിയ ജയിലുകള്‍ കൂടി സംസ്ഥാനത്ത് യാഥാര്‍ഥ്യമാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണ് പുതിയ ജയിലുകള്‍ നിര്‍മിക്കുന്നത്. തളിപ്പറമ്പില്‍ നിര്‍മാണം 60 ശതമാനം പിന്നിട്ടു. വടകരയില്‍ ജയിലിനായുള്ള സ്ഥലം ഏറ്റെടുത്തു. മണ്ണാര്‍ക്കാട്ട് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടി പൂര്‍ത്തിയായി.
ദിനംപ്രതി അന്തേവാസികളുടെ എണ്ണം കൂടി വരുകയാണ്. അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ജയിലുകളില്‍ അന്തേവാസികള്‍ 40 ശതമാനത്തിലേറെ വര്‍ധിച്ചു. കുറ്റകൃത്യങ്ങള്‍ പെരുകിയതും അതില്‍ നാര്‍ക്കോട്ടിക് കേസുകള്‍ വര്‍ധിച്ചതും ഇത്തരം കേസുകളില്‍ ജാമ്യവ്യവസ്ഥ കോടതി കര്‍ശനമാക്കിയതുമാണ് ജയിലിലെ അന്തേവാസികളുടെ എണ്ണം പെരുകാന്‍ പ്രധാന കാരണമായി പറയുന്നത്. ഇപ്പോള്‍ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ അടിസ്ഥാനത്തിലെങ്കിലും, ശാസ്ത്രീയമായ ജയില്‍പരിഷ്‌ക്കരണ നടപടികള്‍ ഉണ്ടാകണമെന്നാണ് ജീവനക്കാരുടെയും ആവശ്യം.