കണ്ണൂർ: കണ്ണൂർജില്ല സംസ്ഥാനത്തിന്റെ ആത്മഹത്യതലസ്ഥാനമായി മാറിയിരിക്കെ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിച്ചു സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ തളിപറമ്പ്മണ്ഡലത്തിൽ രണ്ടാംതവണയും ഹാപ്പിനെസ് ഫെസ്റ്റിൽ കൊട്ടിഘോഷിച്ചു നടത്തുന്നു. സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 2,687 ആത്മഹത്യകളാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കണ്ണൂർ ജില്ലയാണ്. 2016 മുതൽ 2022 വരെയുള്ള സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഈ വിവരമുള്ളത്.

കണ്ണൂർ ജില്ലയിലാണ് ആത്മഹത്യ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ ഏഴ് വർഷത്തിനിടെ 401 ആത്മഹത്യകളാണ് നടന്നത്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം 337, തിരുവനന്തപുരം 244, എറണാകുളം 273, പാലക്കാട് 229, കോഴിക്കോട് 235, കാസർഗോഡ് 103 എന്നിങ്ങനെയാണ് സ്വയം ഹത്യ നടത്തിയവരുടെ കണക്കുകൾ.ഏറ്റവും കുറവ് ആത്മഹത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട്ടിൽ 58 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് സാധാരണക്കാരനെ ആത്മഹത്യയിലേക്കുള്ള കൂടുതലായി തള്ളിവിടുന്നതെന്ന വിവരമാണ് ലഭിക്കുന്നത്.

ജീവിതം ദുസഹമായ അവസ്ഥയിലും കടക്കെണിയിലും അകപ്പെട്ടവരാണ് കൂടുതൽ ആത്മഹത്യയെ അഭയം പ്രാപിക്കുന്നത്. തളിപറമ്പ്മണ്ഡലത്തിൽ മാത്രം നിരവധി ഓട്ടോറിക്ഷ ഡ്രൈവർമാരും സാധാരണക്കാരും ജീവനൊടുക്കിയിട്ടുണ്ട്. ആത്മഹത്യയെന്ന സമൂഹത്തിനെ കാർന്നുതിന്നുന്ന ഗുരുതരമായ പ്രശ്നത്തെ അതിന്റെ ഗൗരവത്തിൽ ശാസ്ത്രീയമായി കൈക്കാര്യം ചെയ്യുന്നതിനു പകരമാണ് പാർട്ടി നേതാവിന്റെ മണ്ഡലമായ തളിപറമ്പിൽ ഹാപ്പിനെസെന്ന പേരിൽ സർക്കാർ ചെലവിൽ വൻകിട ഇവന്റെ്മാനേജ്മെന്റ് പരിപാടി നടത്തുന്നത്. പ്രമുഖ ചലച്ചിത്രതാരങ്ങളെ ഉൾപ്പെടുത്തിയാണ് അത്യാഡംബരം ഹാപ്പിനെസ് ഫെസ്റ്റിവൽ നടത്തുന്നത്.

സർക്കാരിനു പുറമെ സ്വകാര്യ വ്യക്തികളെ കൊണ്ടു ചില പരിപാടികൾ സ്പോൺസർ ചെയ്യിക്കുന്നുമുണ്ട്. വൻകിട സ്വകാര്യ കമ്പിനികളെയാണ് ഇതിന് ആശ്രയിക്കുന്നത്. ഫിൻലാൻഡ് മോഡലിൽ എല്ലാവരെയും ആഘോഷപരിപാടികളിലൂടെ കൂട്ടായ്മകൾ സൃഷ്ടിച്ചു സംതൃപ്തരാക്കുകയാണ് ഹാപ്പിനെസ് ഫെസ്റ്റിലൂടെലക്ഷ്യമിടുന്നത്. വിലക്കയറ്റവും ദാരിദ്രവ്യം കൊണ്ടു പൊറുതിമുട്ടുന്ന സാധാരണക്കാർ കാണം വിറ്റുപോലും ഓണമുണ്ണാൻ കഴിയാത്ത സാഹചര്യത്തിലാണ് ഹാപ്പിനെസ് ഫെസ്റ്റിവൽ അവർക്കു മുൻപിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ തവണ ഹാപ്പിനെസ് ഫെസ്റ്റിവൽ നടത്തിയിട്ടും സി.പി. എംഭരിക്കുന്ന ആന്തൂർ നഗരസഭയിലുൾപ്പെടെ ആത്മഹത്യ കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവൽ വെറും പ്രഹസനമായി മാറുകയാണെന്നാണ്സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. സമൂഹത്തിൽ അസമത്വവും ദാരിദ്ര്യവും ഇല്ലാതായി മെച്ചപ്പെട്ട സാംസ്‌കാരിക അന്തരീക്ഷം സൃഷ്ടിച്ചാൽ മാത്രമെ ആത്മഹത്യപോലുള്ള സ്വയം വിനാശകരമായ പ്രവണത അവസാനിക്കുകയുള്ളൂവെന്നും ഇതിന് വേണ്ടത് ഇത്തരം ആർഭാടപരിപാടികളെല്ലെന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

സന്തോഷത്തിന്റെ നിമിഷങ്ങളെ ആഘോഷമാക്കി നാട് ഒരുമിച്ചുകൂടിയ ഉത്സവദിനരാത്രങ്ങൾക്ക് തുടർച്ചയൊരുക്കി തളിപ്പറമ്പിൽ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ രണ്ടാം ഭാഗം നടപ്പിലാക്കുന്നമെന്നാണ് സംഘാടകർ പറയുന്നത്. ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കലാ, സാംസ്‌കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഡിസംബർ 22 മുതൽ 31 വരെ ധർമശാലയിലാണ് നടക്കുക.

ഫെസ്റ്റിന്റെ ഭാഗമായി ഷോപ്പിംഗിന്റെ വൈവിദ്ധ്യലോകമൊരുക്കുന്ന വിപുലമായ എക്സിബിഷനുകൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ ഉൽപ്പന്ന വിപണന മേള, ഫ്ളവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, രുചി വൈവിധ്യങ്ങളുടെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഫുഡ്കോർട്ട്, അഗ്രികൾച്ചറൽ ഫെസ്റ്റ്, പുസ്തകോത്സവം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് എന്നിവ ഒരുക്കും. കൂടാതെ സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, വിവിധ കലാ പ്രകടനങ്ങൾ, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ, വിവിധ കലാ കായിക മത്സരങ്ങൾ എന്നിവ നടക്കും .

സംഘാടകസമിതി രൂപീകരണ യോഗത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി,ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ്, കണ്ണൂർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ജയപ്രകാശ്, കെ സന്തോഷ്, എ നിശാന്ത് വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി പി മുകുന്ദൻ, ജനറൽ കൺവീനറായി എ നിശാന്ത് എന്നിവരെ തെരഞ്ഞെടുത്തു