- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപുഞ്ചിരിയോടെ 2025 വരവായി; വര്ണക്കാഴ്ചകള് തീര്‍ത്തും ആര്‍പ്പുവിളിച്ചും ആടിപ്പാടിയും ലോകത്തോടൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍; വ്യത്യസ്ത ശൈലികളില്‍ ആഘോഷിച്ച് വിവിധ രാജ്യങ്ങള്‍; ബഹിരാകാശത്ത് 16 വട്ടം പുതുവത്സരം കണ്ട് സുനിത വില്യംസും കൂട്ടരും
ലോകത്തോടൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍
ന്യൂഡല്‍ഹി: 2024 വിടവാങ്ങി. ഒരുചെറുപുഞ്ചിരിയോടെ 2025 പടി കയറി വന്നിരിക്കുന്നു. അവധിക്കാലം കഴിഞ്ഞു. പുതുവര്‍ഷത്തിന്റെ ഉത്സാഹവും പ്രസരിപ്പും എല്ലാവരിലും നിറയുകയായി. ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യ ദിവസമായ ജനുവരി ഒന്ന് പഴയ ഭാരങ്ങള്‍ എല്ലാം ഇറക്കി വച്ച് പുതിയ പ്രതീക്ഷകളോടെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുന്ന സൂചകമാണ്. ലോകത്തെമ്പാടും വ്യത്യസ്തമായ ശൈലികളില്‍ പുതുവത്സരത്തെ വരവേറ്റു. 'എല്ലാ ദിവസവും ജിമ്മില്‍ പോകും, നടക്കും, വര്‍ക്ക് ഔട്ട് ചെയ്യും, ആരോഗ്യദായകമായ ഭക്ഷണം മാത്രം കഴിക്കും, രാത്രി കാല വെബ്‌സീരീസ് കാഴ്ച നിര്‍ത്തും, പുതിയ ആളുകളെ പരിചയപ്പെടും': അങ്ങനെ പുതുവര്‍ഷ തീരുമാനങ്ങള്‍ എത്രയോ.
പുതുവര്‍ഷത്തെ ആദ്യം സ്വാഗതം ചെയ്തത് കിരിബാത്തി ദ്വീപാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിബാത്തി മധ്യ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്. ഇന്ത്യയേക്കാള്‍ 8.5 മണിക്കൂര്‍ മുന്നിലാണ് കിരിബാത്തി ദ്വീപ്. ഗംഭീര ആഘോഷങ്ങളോടെയാണ് കിരിബാത്തി പുതുവത്സരത്തെ വരവേറ്റത്.
ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം എത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ പുതുവര്‍ഷത്തെ വമ്പന്‍ ആഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചും മറ്റുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. 2025നെ വരവേല്‍ക്കാന്‍ വന്‍ജനാവലിയാണ് തെരുവുകളില്‍ തടിച്ചുകൂടിയത്.
ടോംഗ സമോവ ഫിജി എന്നീ രാജ്യങ്ങളാണ് ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവര്‍ഷം ആഘോഷിച്ചത്. പിന്നീട് ക്വീന്‍സ്ലാന്‍ഡും വടക്കന്‍ ഓസ്‌ട്രേലിയയും പുതുവര്‍ഷം ആഘോഷിച്ചു. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തി. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേറ്റു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം.രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയില്‍ പുതുവര്‍ഷം പിറവിയെടുത്തത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവര്‍ഷത്തെ വരവേറ്റു. കേരളത്തില്‍, കോവളം, വര്‍ക്കല, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടന്നത്
16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ബഹിരാകാശയാത്രികര്‍ അസാധാരണമായ കാഴ്ചയാണ് ആസ്വദിച്ചത്. ദിവസവും 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമയങ്ങളും അവര്‍ കാണുന്നു. നിലവില്‍ ഐഎസ്എസില്‍, നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് എല്ലാ ദിവസവും ഈ അതിശയകരമായ ചക്രത്തിന് ആവര്‍ത്തിച്ച് സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ട് തന്നെ സുനിത പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 16 സൂര്യോദയങ്ങളും പതിനാറ് അസ്തമയങ്ങളും കാണും.
ബഹിരാകാശ നിലയം ഭൂമിയെ ചുറ്റി സഞ്ചരിക്കുമ്പോള്‍, അത് മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നു. അതിനാല്‍, ഓരോ 90 മിനിറ്റിലും ഇത് പൂര്‍ണ്ണ ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. തല്‍ഫലമായി, ഭൂമിയുടെ ഇരുണ്ട ഭാഗത്ത് നിന്ന് സൂര്യപ്രകാശമുള്ള ഭാഗത്തേക്ക് മാറുമ്പോള്‍, ബഹിരാകാശയാത്രികര്‍ ഓരോ 45 മിനിറ്റിലും ഒരു സൂര്യോദയമോ സൂര്യാസ്തമയമോ കാണുന്നു. ഈ ദ്രുതഗതിയിലുള്ള പരിക്രമണ വേഗത ഒരു ഭൗമദിനത്തിനുള്ളില്‍ 16 തവണ രാവും പകലും ചക്രങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവരെ അനുവദിക്കുന്നു.
ഗവര്‍ണറുടെ നവവത്സരാശംസ
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.
''ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹാര്‍ദമായ പുതുവത്സരാശംകസകള്‍.
ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വര്‍ദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വര്‍ഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നു'' - ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം
പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!