കൊല്ലം: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തിൽ മനം നൊന്ത് റെയിൽവേ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ എൻജിനീയറിങ് വിഭാഗത്തിലെ കീമാൻ കേരളപുരം സ്വദേശി ഷെറീഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ സീനിയർ സെക്ഷൻ എഞ്ചിനീയർ ഗിരീഷിന്റെ പേരു പരാമർശിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഷെറീഫിനെ വിഷം കഴിച്ച് അവശ നിലയിൽ വിശ്രമ മുറിയിൽ കണ്ടെത്തിയത്. എൻജിനീയറിങ് വിഭാഗത്തിലെ സൂപ്പർ വൈസർ വേഗം തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിലാണെന്ന് സഹപ്രവർത്തകർ പറയുന്നു. ആത്മഹത്യാ കുറിപ്പിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്ന് എഴുതിയിട്ടുണ്ട്. അധിക ജോലി ചെയ്യിപ്പിച്ചാണ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചിരുന്നത്. രണ്ടു പേർ ചെയ്യേണ്ട ജോലി ഷെറീഫിനെ കൊണ്ടാണ് ചെയ്യിപ്പിച്ചിരുന്നത്. അധികം ചെയ്യുന്ന ജോലി രേഖാമൂലം എഴുതി തരണമെന്ന് ഫെറീഫ് പലവട്ടം പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സഹ പ്രവർത്തകർ പറയുന്നു.

ഗിരീഷ് ജയിച്ചു... ഷെറീഫ് തോറ്റു. എനിക്ക് ആരോടും വെറുപ്പില്ല.. എന്നെ സ്നേഹിച്ചവർക്ക് എന്റെ അവസാനം വരെ അവരെ സ്നേഹിച്ചു. ഇനി മതി ഗിരീഷ്. എനിക്ക് ഒരുപാടി സഹായം ചെയ്ത ഷാജി സാർ പറഞ്ഞാൽ കേൾക്കാൻ പറ്റില്ല എന്ന് പറയാൻ വയ്യ. അതു കൊണ്ട് ഞാൻ കേട്ടു.. എന്ന് മുഴുമിപ്പിക്കാതെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി നിർത്തിയിരിക്കുന്നത്. ആത്മഹത്യാ കുറിപ്പിൽ ഇതുവരെ ചെയ്ത അധിക ജോലിയുടെ വിവരങ്ങൾ അക്കമിട്ട് നിരത്തി എഴുതിയിട്ടുമുണ്ട്.

അധിക ജോലി ചെയ്യിപ്പിക്കുമ്പോൾ ജീവനക്കാരെ കുറയ്ക്കുകയും മികച്ച പെർഫോമറാണെന്ന അംഗീകാരം ലഭിക്കുകയും ചെയ്യും. ഇതിനായിട്ടാണ് ഇത്തരത്തിൽ അധിക ജോലി എടുപ്പിക്കുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗത്തിലെസീനിയർ സെക്ഷൻ എഞ്ചിനീയർ കഴിഞ്ഞ ഒൻപത് വർഷമായി ഇവിടെ തന്നെ ജോലി ചെയ്യുകയാണ്.

അഞ്ച് വർഷം കഴിയുമ്പോൾ എല്ലാ ഉദ്യോഗസ്ഥന്മാർക്കും റെയിൽവേ നിയമം അനുസരിച്ച് ട്രാൻസ്ഫർ ഉള്ളതാണ്. എന്നാൽ ഈ ഉദ്യോഗസ്ഥന്റെ സ്വാധീനം മൂലം സ്ഥലം മാറ്റമില്ലാതെ ഇവിടെ തന്നെ തുടരുകയാണ്. ഇയാൾക്കെതിരെ ജീവനക്കാർക്ക് കടുത്ത അമർഷമുണ്ട്. കൊല്ലം മുതൽ പെരുനാട് വരെയുള്ള ഗേറ്റ് കീപ്പർ, കീമാൻ, ട്രാക്ക് മാൻ തുടങ്ങിയവർ ഇയാൾക്ക് കീഴിലാണ് ജോലി ചെയ്യുന്നത്. ഇവരെല്ലാം തന്നെ ഈ ഉദ്യോഗസ്ഥന്റെ തൊഴിൽ പരമായും മാനസികമായുമുള്ള പീഡനത്താൽ അതൃപ്തരാണ്. ഇത് സംബന്ധിച്ച് റെയിൽവേ ഉന്നത അധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് ജീവനക്കാർ