- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിരിയാണിയുടെ പേരിൽ കിട്ടിയ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് എന്തിന്?
തിരുവനന്തപുരം: കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌ക്കാരം നേടിയ ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ട്. എന്നാൽ, കനി മലയാള സിനിയിൽ ശ്രദ്ധിക്കപ്പെട്ടത് ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ അടക്കം നേടിയ ബിരിയാണി എന്ന സിനിമയിലൂടെയായിരുന്നു. ഇപ്പോഴിതാ ബിരിയാണിയുടെ പേരിലാണ് വിവാദങ്ങൾ ഉരുത്തിയിരുന്നത്.
കാനിൽ നിന്നും തിരിച്ചെത്തി അവർ നൽകിയ അഭിമുഖത്തിന്റെ പേരിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. സംസ്ഥാന പുരസ്‌ക്കാരം അടക്കം നേടിയ ബിരിയാണി സിനിമയെ തള്ളിപ്പറഞ്ഞു കൊണ്ട് കനി രംഗത്തുവന്നതാണ് വിവാദമായത്. അന്ന് പണത്തിന് ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചതെന്നും സിനിമയുടെ രാഷ്ടീയത്തോട്് താൽപ്പര്യമില്ലെന്നും കനി പറഞ്ഞതാണ് വിവാദത്തിന് വഴിവെച്ചത്. എഴുപതിനായിരം രൂപയാണ് ഈ സിനിമയിൽ പ്രതിഫലമായി ലഭിച്ചതെന്നാണ് കനി പറഞ്ഞത്.
ഇതോടെ വിഷയത്തിൽ പ്രതികരിച്ചു നിരവധി പേർ രംഗത്തുവന്നു. കാൻ പുരസ്‌ക്കാരം നേടിയപ്പോൾ കനി വന്ന വഴി മറന്നുവെന്നാണ് ഉയർന്ന വിമർശനം. ഇതോടെ പ്രതികരിച്ചു ബിരിയാണി സംവിധായകൻ സജിൻ ബാബുവും രംഗത്തുവന്നു. അന്നത്തെ ബഡ്ജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി കുസൃതിക്ക് നൽകിയിരുന്നത്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും അവർ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സജിന്റെ പ്രതികരണം. വ്യക്തിപരമായി താനും കനിയും തമ്മിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമ നേടിയ വലിയ നേട്ടത്തെ ഇകഴ്‌ത്തുന്നതിനാണ് ചിലർ ബിരിയാണിയെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നും സജിൻ ബാബു കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമക്കുള്ള അവാർഡ് ഉത്പ്പടെ ദേശീയ അവാർഡും,സംസ്ഥാന പുരസ്‌ക്കാരവും നിരവധി അന്താരാഷ്ട പുരസ്‌ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും, അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാൻ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും.
ഞാനും എന്റെ കുടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്‌നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പതുകൊല്ലത്തിന് ശേഷം മെയിൻ കോമ്പറ്റിഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രീ അവാർഡ് നേടി എന്നതാണ്.
ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്‌ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാൻ ചെയ്ത സിനിമളിൽ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത "തിയറ്റർ ' എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്‌കൊണ്ട് നിർത്തുന്നു.
കനിക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി
അതേസമയം കനി കുസൃതിയ്‌ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടിയും രംഗത്തുവന്നു. തന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരായിട്ടും ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചത് കാശിന് വേണ്ടിയായിരുന്നെന്ന് കനി പ്രതികരിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു? എന്നാണ് ഹരീഷ് ചോദിക്കുന്നത്.
അതല്ല, നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല എന്നും ഹരീഷ് പേരടി വിമർശിച്ചു.
ഹരീഷിന്റെ വിമർശനം ഇങ്ങനെ:
"രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി 'ബിരിയാണി' എന്ന സിനിമ ചെയ്തത് എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വയ്ക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ"