- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ ഒടിടിയിൽ എത്തും...; വിവാദങ്ങൾ കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും; ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്.. ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ..; ലൗ ജിഹാദ് പ്രമേയമാക്കിയ 'ദി കേരളാ സ്റ്റോറി' സിനിമാ വിവാദത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനൊപ്പമെന്ന് ഹരീഷ് പേരടി
തിരുവനന്തപുരം: ലൗജിഹാജും ഐസിസ് വിഷയവും പ്രമേയമാക്കിയ 'ദി കേരളാ സ്റ്റോറി' സിനിമാ വിവാദത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനൊപ്പം എന്ന നിലപാടുമായി നടൻ ഹരീഷ് പേരടി. കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിൽ കാണുമെന്നും വിയോജിക്കുന്നവർക്ക് അങ്ങനെയാകാമെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
'ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ' ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്.. ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ...എന്നുമാണ് ഹരീഷിന്റെ പക്ഷം. വിവാദങ്ങൽ കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കാൻ ഇടയാക്കുമെന്ന നിരീക്ഷണവും ഹരീഷ് മുന്നോട്ടു വെക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് നിലപാട് വ്യക്തമാക്കിയത്.
ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ ഛഠഠയിൽ എത്തും...എല്ലാവരും കാണും...ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്...സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസ്‌ക്തമാണ്...'ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ' ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ...
സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തതിന് പിന്നാലെയാണ് കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉണ്ടായത്. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.
ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഒരു കോളേജ് കാമ്പസിലെ മൂന്ന് പെൺകുട്ടികളെ സുഹൃത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നതും ഒടുവിൽ തീവ്രവാദ സംഘടനയായ ഐസിസിൽ ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനകളാണ് ട്രെയ്ലർ തരുന്നത്. ആദാ ശർമയാണ് നായികാവേഷത്തിലെത്തുന്നത്.
കേരളത്തെ മോശമാക്കി ചിത്രീകരിക്കാൻ സത്യങ്ങൾ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു. മതമൈത്രി തകർക്കുന്നു. തുടങ്ങി ഒട്ടനവധി വിമർശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്‌ക്കെതിരേ ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാർദം തകർക്കുന്നതാണെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
സിനിമക്കെതിരെ ഡിവൈഎഫ്‌ഐയും കോൺഗ്രസും അടക്കം രംഗത്തുവന്നിരുന്നു. 'കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം'; 'ദ കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി നൽകരുതെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്- സതീശൻ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകൻ സുദിപ്തോ സെൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പർധയും ശത്രുതയും വളർത്താനുള്ള ബോധപൂർവമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.
മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അർത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വർഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.
മറുനാടന് ഡെസ്ക്