ആലപ്പുഴ: ശനിയാഴ്ച രാവിലെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ റിട്ട. ഡിവൈ.എസ്‌പി ഹരികൃഷ്ണൻ പലപ്പോഴും വിവാദ നായകനായിരുന്നുവെങ്കിലും കേരളാ പൊലീസിലെ സമർഥരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ഒരു വശത്തു കൂടി അനധികൃത സമ്പാദ്യത്തിന് പേരുദോഷം കേട്ടപ്പോൾ മറുവശത്തു കൂടി കേസന്വേഷണത്തിൽ മികവു കാട്ടി. സോളാർ കേസിൽ സമ്പാദിച്ച തെളിവുകൾ ഇത്രയും സമർഥമായി ഉപയോഗിച്ച മറ്റൊരു ഉദ്യോഗസ്ഥനില്ല.

വിവാദമായ സോളാർ കേസ് അന്വേഷിച്ച അഞ്ചു ഡിവൈ.എസ്‌പിമാരിൽ ഒരാളായിരുന്നു ഹരികൃഷ്ണൻ. അന്ന് പെരുമ്പാവൂർ ഡിവൈ.എസ്‌പിയായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽപ്പെട്ടയാളായിരുന്നു ഹരികൃഷ്ണൻ. അതു കൊണ്ടു തന്നെ ചെന്നിത്തലയുടെ വിശ്വസ്തനും. പാറമടകളുടെയും തടിക്കച്ചവടത്തിന്റെയും നാടായ പെരുമ്പാവൂർ ഒരു ഡിവൈ.എസ്‌പിയെ സംബന്ധിച്ചിടത്തോളം അക്ഷയഖനിയായിരുന്നു. ഇവിടെയുള്ള ക്വാറി ഉടമകളിൽ നിന്ന് കോടികൾ ഹരികൃഷ്ണൻ സമ്പാദിച്ചുവെന്ന ആരോപണമാണ് പിന്നീട് വിജിലൻസ് കേസായത്.

സോളാർ കേസിലെ പ്രതി സരിതയുടെ കൈവശം നിന്ന് കിട്ടാവുന്ന തെളിവുകളെല്ലാം ഹരികൃഷ്ണൻ കൈക്കലാക്കി. ഇതിൽ കേരളാ പൊലീസിൽ ഇപ്പോൾ ഡിജിപി, എഡിജിപി റാങ്കിലുള്ള ചില ഉേദ്യാഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടെയും കാൾ റെക്കോഡ്, വോയിസ് റെക്കോഡ്, വീഡിയോകൾ എല്ലം ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. സോളാർ കേസിൽ ചെന്നിത്തലയ്ക്കൊപ്പവും പിന്നീട് എൽഡിഎഫ് സർക്കാരിനൊപ്പവും നിന്നയാളാണ് ഹരികൃഷ്ണൻ.

ഭരണം മാറി സോളാർ കേസ് എൽഡിഎഫ് രാഷ്ട്രീയമായി വിനിയോഗിക്കാൻ തീരുമാനിച്ചപ്പോൾ ഹരികൃഷ്ണനെ കുടുക്കാനുള്ള ശ്രമം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായപ്പോൾ സ്വന്തം നിലനിൽപ്പിന് വണ്ടി സരിതയിൽ നിന്ന് നേരത്തേ ശേഖരിച്ചിരുന്ന തെളിവുകൾ കാട്ടി അവരെ വിരട്ടി. ഇതോടെ മേലാളന്മാർ പിന്മാറിയെങ്കിലും അണ്ടർ ഗ്രൗണ്ട് പണി നടത്തി. അങ്ങനെയാണ് അനധികൃത സ്വത്തുസമ്പാദനത്തിന് ഹരികൃഷ്ണനെതിരേ കേസുകൾ വന്നത്.

വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ ഹരികൃഷ്ണനെ നന്നായി പീഡിപ്പിച്ചു. മക്കൾ പഠിക്കുന്ന കോളജുകളിലെ ഫീസ് രജിസ്റ്റർ പരിശോധിക്കുന്നതിൽ വരെ അന്വേഷണമെത്തിയിരുന്നു. വിജിലൻസ് അന്വേഷണം പെൻഷൻ കിട്ടുന്നതിന് പോലും തടസമായി. അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ നിരവധി ആരോപണങ്ങൾ പ്രചരിക്കുന്നുണ്ട്.

കോടികൾ വില മതിക്കുന്ന മൂന്നു വീടുകൾ സ്വന്തമായുണ്ടെന്ന് പറയുന്നു. നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ മുഴുവൻ ക്വാറി മാഫിയകളിൽ നിന്നും കൈപ്പറ്റിയെന്നും ആരോപണമുണ്ട്. അന്വേഷണത്തിന്റെ പേരിൽ വിജിലൻസ് നിരന്തരം കയറിയിറങ്ങുകയും ചെയ്തു. സോളാർ കേസിൽ താൻ സഹായിച്ചവരൊന്നും പിന്നീട് തന്നെ സഹായിക്കാനുണ്ടായില്ലെന്ന തിരിച്ചറിവും ഹരികൃഷ്ണനുണ്ടായിരുന്നു.